സന്ധ്യയണയുമ്പോൾ ആ താഴ‍‍വരയിൽ പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കാം. കരച്ചിലുകളാണത്...ദയനീയമെന്നു തോന്നിക്കുന്ന രോദനങ്ങൾ..നാട്ടുകാരിൽ ചിലർക്കത് ഭയത്തിന്റെ ശീൽക്കാരങ്ങളാണ്. ചിലരതിനെ അനുഗ്രഹമായി കാണുന്നു. കാര്യങ്ങൾ എന്തുതന്നെയായാലും ജതിൻഗ എന്ന അസമിലെ ഗ്രാമം പക്ഷികളുടെ ആത്മഹത്യാ താഴ്‍‍‍വരയാണ്. മരണത്തിലേക്ക് വന്നണയുന്ന പക്ഷികൾ. അതിൽ ദേശാടനക്കിളികളും അന്നാട്ടിൽ തന്നെയുള്ള പക്ഷികളുമുണ്ട്. വാർധ്യകമണഞ്ഞതിന്റെ അവശതകൾ അവഗണിക്കാനുള്ള ആത്മാഹൂതിയാണിതെന്നു തെറ്റിദ്ധരിക്കേണ്ട. ഈ മരണങ്ങളിലേറെയും പ്രായമേറയില്ലാത്ത കുഞ്ഞുപക്ഷികളാണ്. 

അസമിലെ  ഡിമാ ഹസാവോ ജില്ലയിലാണ് ജതിന്‍ഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറെ സുന്ദരമാണ് ഈ ഗ്രാമം. മനോഹരമായ കാഴ്ചകളും പച്ചപ്പും നിറഞ്ഞ അതിമനോഹരമായ ഭൂമി. സഞ്ചാരികളെ മോഹിപ്പിക്കും ഈ നാടിന്റെ സൗന്ദര്യം. സെപ്റ്റംബറിലാണ് ജതിൻഗയിൽ മഞ്ഞുകാലം തുടങ്ങുന്നത്. സെപ്തംബര് മുതൽ ഒക്ടോബര് വരെയുള്ള സമയങ്ങളിൽ ഇവിടെ ദേശാടനപക്ഷികൾ കൂട്ടത്തോടെ വിരുന്നെത്തും. ആ വിരുന്നിനവസാനം മരണമാണെന്നതാണ് ഏറെ വിഷമിപ്പിക്കുന്ന ഒരു വസ്തുത. കറുത്തവാവ് ദിനങ്ങളിലാണ് പക്ഷികൾ ഇവിടെ കൂട്ടത്തോടെ മരണമടയുന്നതായി  കണ്ടിട്ടുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനുള്ള ഉത്തരം കണ്ടെത്താൻ ശാസ്ത്രലോകത്തിനും  ഇതുവരെ കഴിഞ്ഞിട്ടില്ല.   എങ്കിലും അവരുടെ നിഗമനം അതിപ്രകാരമാണ്. കനത്ത മൂടലിലും മഞ്ഞിലും ദിക്കറിയാതെ പോകുന്ന പക്ഷികൾ, ഇരുട്ടുകൂടി കനക്കുമ്പോൾ, വെളിച്ചം കാണുന്ന ഗ്രാമത്തിലെ വീടുകൾ  ലക്ഷ്യമാക്കി പറന്നുവരികയും  ചുവരുകളിലും കെട്ടിട ഭിത്തികളിലും മരങ്ങളിലുമെല്ലാം ഇടിച്ചു വീണ് മരണപ്പെടുകയും ചെയ്യുന്നു.

വൈകുന്നേരം ആറുമുതൽ രാത്രി പത്തുവരെയാണ് പക്ഷികൾ ഇങ്ങനെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത് കണ്ടു വരുന്നത്. ആ സമയങ്ങളിൽ ഇവയെ  അടിച്ചുവീഴ്ത്തി ആഹാരമാക്കുന്ന ഗ്രാമവാസികളും കുറവല്ല. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ് ഈ പ്രതിഭാസം. വെളിച്ചം ലക്ഷ്യമാക്കി പറന്നു വരുന്ന  പക്ഷികൾ ദിശാബോധം നഷ്ടപ്പെട്ട്, മരങ്ങളിലും ഭിത്തികളിലും ഇടിച്ചു മരണം വരിക്കുന്നതായാണ് ഗ്രാമവാസികളും പറയുന്നത്. 

അസമിൽ നിന്നും 300 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യണം ജതിൻഗ എന്ന ഈ ഗ്രാമത്തിലെത്താൻ. പക്ഷികളുടെ ഈ മരണ താഴ്വര കാണാൻ നിരവധി സഞ്ചാരികളാണ് സെപ്തംബര്-ഒക്ടോബര്   മാസങ്ങളിൽ അവിടം സന്ദർശിക്കുന്നത്. അസമിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടവും ജതിൻഗ തന്നെയാണ്. ഈ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നില്ല എന്നതാണ് വിസ്‍മയിപ്പിക്കുന്ന  മറ്റൊരു വസ്തുത. ഏകദേശം ഒന്നര-രണ്ടു കിലോമീറ്റർ ചുറ്റളവിൽ മാത്രമേ പക്ഷികൾ ഇങ്ങനെ മരണപ്പെട്ടു കിടക്കുന്നതു കണ്ടിട്ടുള്ളു. സഞ്ചാരികളെ ആകർഷിക്കുന്നതിനായി  മനഃപൂർവം  ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഒരു പരിപാടിയായും ഈ മരണങ്ങളെ വീക്ഷിക്കുന്നവരുണ്ട്. 

ജതിൻഗയിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് 85 കിലോമീറ്റർ അപ്പുറമാണ്. സിൽച്ചാർ എന്നാണ് ഈ റെയിൽവേ സ്റ്റേഷന്റെ പേര്. ജനുവരി മുതൽ ഏപ്രിൽ വരെയും  ഓഗസ്റ്റ് മുതൽ ഡിസംബർ വരെയും ഈ നാട് സന്ദർശിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.