ചരിത്രത്തിന്റെ നിരവധി തിരുശേഷിപ്പുകൾ ഉറങ്ങുന്ന മണ്ണാണ് ബംഗാൾ. സാഹിത്യത്തിനും കലയ്ക്കും വാസ്തുവിദ്യക്കും ചിത്രരചനക്കുമെല്ലാം ഇത്രയധികം പ്രാധാന്യം നൽകിയിട്ടുള്ള മറ്റൊരു നാടില്ലെന്ന് ചരിത്രം പറയുന്നു. വാസ്തുവിദ്യയ്ക്ക്  ഏറെ പേരുകേട്ട ബംഗാളിലെ ബിഷ്ണുപൂരിന്റെ ആകർഷണം കളിമണ്ണിൽ തീർത്ത ക്ഷേത്രങ്ങളാണ്. നിരവധി രാജവംശങ്ങളുടെ പിറവിയും സമാധിയും കണ്ടിട്ടുള്ള ഈ നാട്ടിൽ മല്ല രാജാക്കൻമാർ പണികഴിപ്പിച്ചിട്ടുള്ളതാണ് കളിമണ്ണിൽ നിർമിച്ചിട്ടുള്ള ഈ ക്ഷേത്രങ്ങളെന്നു പറയപ്പെടുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും നിരവധി കഥാസന്ദർഭങ്ങൾ ഈ ക്ഷേത്ര ചുവരുകളെ അതിമനോഹരമാക്കുന്നുണ്ട്. പൗരാണികതയുടെ ഭംഗി പേറുന്ന ബിഷ്ണുപ്പൂരിലെ വിഷ്ണുക്ഷേത്രങ്ങളെ പരിചയപ്പെടാം.

രസ്‌മൻചാ ക്ഷേത്രം

മല്ല രാജാവായിരുന്ന ഹംബിർ മല്ല ദേവ് ആണ് 1600ൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. രാധാമാധവ സങ്കല്‍പത്തിലൂന്നിയുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. പിരമിഡിന്റെ രൂപത്തിൽ കളിമണ്ണിൽ തീർത്തിട്ടുള്ള ഈ ക്ഷേത്രം ബിഷ്ണുപൂരിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ്.

1932 മുതൽ എല്ലാ വർഷവും ഉത്സവം ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോൾ അത് നിർത്തി വെച്ചിരിക്കുകയാണ്. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് രസ്‌മൻചാ ക്ഷേത്രം.

ജോർ ബംഗ്ലാ ക്ഷേത്രം

ഹൈന്ദവ വാസ്തുശില്പശൈലിയിൽ കളിമണ്ണിൽ തീർത്ത ക്ഷേത്രം 1655 ൽ രഘുനാഥ് സിംഗ ദേവ എന്ന ചക്രവർത്തി നിർമിച്ചതാണ്. ഉൽകൃഷ്ടമായ ചാലാ ശൈലിയിൽ ബംഗാളി വസ്തുവിദ്യയുടെ മുഴുവൻ ഭംഗിയും സന്നിവേശിപ്പിച്ചാണ് ഈ ക്ഷേത്രത്തിന്റെ നിർമിതി. രണ്ടു തരത്തിലുള്ള നിര്‍മാണരീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

പരമ്പരാഗത ഗ്രാമീണ കുടിലുകളുടെ മാതൃകയിലും വിശാലമായ ശ്രീകോവിലോടുകൂടിയും. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥാസന്ദർഭങ്ങൾ കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രചുവരുകൾ ഇവിടുത്തെ പ്രധാന സവിശേഷതയാണ്.

മദൻ മോഹൻ ക്ഷേത്രം

ഏകരത്നരീതിയിൽ പണിതുയര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രം 1694 ൽ ദുർജ്ജന സിംഗ് ദേവ എന്ന രാജാവ് പണികഴിപ്പിച്ചതാണ്. ബിഷ്ണുപൂരിലെ ഏറ്റവും വലിപ്പമേറിയ ക്ഷേത്രമാണിത്. ഭഗവൻ ശ്രീകൃഷ്ണന് വേണ്ടി സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രവും നിരവധി കൊത്തുപണികളാല്‍ മനോഹരമാണ്. ക്ഷേത്ര മേൽക്കൂര നിരപ്പാർന്നതും ചതുരാകൃതിയിലുള്ളതുമാണ്. തൂണുകളിൽ കൃഷ്ണന്റെ ബാല്യകാലചിത്രങ്ങൾ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്ന കാഴ്ച അവർണനീയമാണ്.

പഞ്ചരത്‌ന ക്ഷേത്രം

കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സന്ദർഭങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ക്ഷേത്രമാണിത്. 1643 ൽ രഘുനാഥ് സിംഗ എന്ന രാജാവാണ് പഞ്ചരത്‌ന ക്ഷേത്രത്തിന്റെയും നിർമ്മിതിക്ക് പിന്നിൽ പ്രവർത്തിച്ചത്. വസ്തു വൈദഗ്ധ്യം വിളിച്ചോതുന്ന ഒരു മനോഹര ക്ഷേത്രമാണിത്.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന നാലു കവാടത്തിലും കളിമണ്ണിൽ തീർത്ത  മൂന്നു മനോഹരമായ ആർച്ചുകളുണ്ട്. ക്ഷേത്രത്തിന്റെ പുറംഭാഗങ്ങളിലും അകവശത്തും നിരവധി കലാസൃഷ്ടികൾ കൊണ്ട് നമ്മെ അതിശയിപ്പിക്കുന്നൊരിടമാണ് ബിഷ്ണുപൂരിലെ പഞ്ചരത്‌ന ക്ഷേത്രം.

നന്ദലാൽ ക്ഷേത്രം

ബിഷ്ണുപൂരിലെ ഏഴു ഏകര്തന ക്ഷേത്രങ്ങളിൽ ഒന്നാണിത്.17 ആം നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രമാണിതെന്നാണ്  ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷ്ട്ടകളൊന്നുമില്ലാത്ത ഈ ക്ഷേത്രം ഒരു പൂന്തോട്ടത്തിന്റെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്.അകത്തളങ്ങളിൽ വലിയ രീതികളിലുള്ള കലാസൃഷ്ടികളൊന്നുമില്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്.

ലൽജി ക്ഷേത്രം

ബിർ സിംഗ രണ്ടാമൻ 1658 ഇൽ പണിത ക്ഷേത്രമാണിത്.ഇതും ബിഷ്ണുപൂരിലെ ഒരു ഏകരത്ന ക്ഷേത്രത്തിനു ഉദാഹരണമാണ്.രാധാകൃഷ്ണ സങ്കല്പത്തിലൂന്നിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട.വളരെ വലിയ താഴികക്കുടവും ഇവിടുത്തെ സവിശേഷതയാണ്.

രാധ മാധബ് ക്ഷേത്രം

നാശത്തിന്റെ വക്കിലെങ്കിലും വളരെ മനോഹരമായ ഒരു ക്ഷേത്രമാണിത്.കളിമണ്ണിൽ കവിത പോലെ സുന്ദരമാണ് ഈ പ്രണയ സങ്കല്പത്തിലൂന്നിയ ക്ഷേത്രം. കൊത്തുപണികളാൽ അലംകൃതമാണ്‌  ഇവിടെത്തെ ഓരോ ചുവരുകളും തൂണുകളും. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ ഈ ക്ഷേത്രത്തിന്റെ ചുവരുകളിലും ദർശിക്കാവുന്നതാണ്.

ബിഷ്ണുപൂരിലെ ഓരോ വിഷ്ണു ക്ഷേത്രങ്ങളും പൗരാണിക വാസ്തു ശില്പശൈലിയുടെ മകുടോദാഹരണകളാണ്.കാഴ്ചക്കാരിൽ ഭക്തി മാത്രമല്ല വിസ്മയവും ജനിപ്പിക്കും ഈ വൈഷ്‌ണവ  ക്ഷേത്രങ്ങൾ.