യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടയിടമാണ് മണാലി. ഹിമാലയൻ യാത്ര സ്വപ്നമായ സഞ്ചാരികൾക്ക് വലിയ അപകടമില്ലാത്ത പോകാൻ ആഗ്രഹിക്കാവുന്ന ഒരു പ്രദേശം കൂടിയാണിവിടം. പ്രകൃതി സൗന്ദര്യത്തിനും പൊഴിഞ്ഞു വീഴുന്ന മഞ്ഞിനുമിടയിൽ പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരാരുണ്ട്. ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ് ഇൗ മഞ്ഞുമൂടിയ താഴ്‍‍വര. ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്്വരയുടെ വടക്ക് ഭാഗത്തായി മണാലി നിലകൊള്ളുന്നത്. ഹിമാലയൻ മലനിരകളുടെ കാഴ്ച, ദേവദാരു വൃക്ഷങ്ങളാൽ നിറഞ്ഞ ചുറ്റുപാടുകൾ, ബിയാസ് നദി എന്നിവയാണ് ഇവിടുത്തെ മുഖ്യാകർഷണങ്ങൾ.

പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി.  വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്.  സഞ്ചാരികളുടെ പറുദീസയായ മണാലി സൗന്ദര്യം കൊണ്ട് ആരെയും കീഴ്പ്പെടുത്തും. മണാലിയിലെ പ്രധാന ആഘോഷം അവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ്. മെയ് മാസത്തിലാണ് ഈ ഉത്സവം. നാടൻ കലകളും വാദ്യഘോഷങ്ങളും കൊണ്ട് ഏവരെയും ആകർഷിക്കും ആ ഉത്സവ നാളുകൾ. ഒക്ടോബറിലെ കുളു ദസ്സറയും മണാലിയിലെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ്. മോഹിപ്പിക്കുന്ന പ്രകൃതിയും വർണങ്ങൾ നിറഞ്ഞ അന്തരീക്ഷവും കാണണമെങ്കിൽ ഈ ദിനങ്ങളിൽ മണാലി സന്ദർശിക്കണം.

പോക്ക്റ്റ് കാലിയാക്കാതെ സൗകര്യങ്ങളുള്ള റിസോർട്ടുകളും മറ്റു താമസ സൗകര്യങ്ങളും ഇവിടെ എല്ലായിടങ്ങളിലും ലഭ്യമാണ്. ട്രാവൽ ഏജൻസി വഴിയും യാത്രകൾ ബുക്ക് ചെയ്യാം. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ പോകാൻ ഏറ്റവും മികച്ച സമയം. ഡിസംബർ തുടങ്ങുന്നതോടെ അതികഠിനമായ മഞ്ഞുവീഴ്ചയാണിവിടെ.

മണാലി യാത്രയാരംഭിക്കുന്നതു ഡൽഹിയിൽ നിന്നാണെങ്കിൽ, യാത്രികർക്ക് താണ്ടേണ്ടത് ഏകദേശം 580 കിലോമീറ്ററാണ്. റോഡ് മാർഗമുള്ള യാത്രയാണ് മണാലിയിലേക്കു ഏറ്റവും സൗകര്യപ്രദം. കാരണം മറ്റൊന്നുമല്ല, മണാലിയുടെ ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ 320 കിലോമീറ്റർ അകലെയാണ്. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്.