യാത്രകൾ എന്നും എല്ലാവർക്കും ഹരമാണ്. കുടുംബവുമായുള്ള യാത്രകൾ മിക്കവരും പ്ലാൻ ചെയ്യുന്നത് അവധിക്കാലത്താണ്. കാലാവസ്ഥയനുസരിച്ചും സീസൺ അനുസരിച്ചും യാത്രകൾ പോകുന്നവരും ഇൗ കൂട്ടത്തിലുണ്ട്. സഞ്ചാരപ്രിയർക്ക് യാത്രകൾ എപ്പോൾ വേണമങ്കിലും നടത്താം. ചില സ്ഥലങ്ങളുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കണമെങ്കിൽ അന്നാട്ടിലെ സീസൺ സമയത്ത് യാത്രപോകണം. ഒാരോ സ്ഥലത്തിനും സീസൺ വ്യത്യസ്തമാണ്. അവധികഴിഞ്ഞാലും സുന്ദരകാഴ്ചകൾ ഒരുക്കിവച്ചിരിക്കുന്ന നിരവധിയിടങ്ങള്‍ ഇൗ ലോകത്തിലുണ്ട്. ജൂൺ മാസത്തിലും യാത്രപോകാൻ പറ്റിയ കിടുക്കൻ സ്ഥലങ്ങള്‍. അവ എതൊക്കെയെന്ന് അറിയാം.

ഷിംല

ചെലവ് കുറച്ചുള്ള യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ ഹിൽസ്റ്റേഷനുകളിലൊന്നാണ് ഷിംല. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാത്തതിന്റെ ആശ്വാസവും അനുഭവിക്കാം. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകൾ ഷിംല ഒരുക്കുന്നു. മഞ്ഞുകാലത്ത് മനോഹര റോഡ് ട്രിപ്പുകൾ ഇവിടെ ആസ്വദിക്കാം.

അത്യാവശ്യം നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാൻ ഷിംലയിൽ തീരുമാനിച്ചാൽ പോലും അത് നിങ്ങളുടെ കീശയെ അധികം ചോർത്തില്ല. അതുകൊണ്ടു തന്നെ ഭക്ഷണത്തിനും താമസത്തിനും ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. 700 രൂപ മുതലുള്ള താമസ സൗകര്യം ഇവിടെ ലഭ്യമാണ്. ഷിംലയിലെത്തിയാൽ അതുവഴി മണാലിയിലേക്കും ഒൗലി,ലേ എന്നിവിടങ്ങളിലേക്കും യാത്ര പ്ലാൻ ചെയ്യാം. ജൂൺ മാസത്തിൽ കുടുംബവുമായി യാത്രപോകാൻ പറ്റിയയിടമാണ് ഷിംല.

രാഷ്ട്രപതി നിവാസ്, ഗ്രീന്‍വാലി, സോലന്‍ ബ്രേവറി, ദര്‍ലാഘട്, കാംന ദേവീക്ഷേത്രം, ജാക്കു പര്‍വ്വതം, ഗൂര്‍ഖാ ഗേറ്റ് തുടങ്ങിയവയാണ് ഷിംലയിലെ മറ്റ് പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങള്‍.  ഷോപ്പിംഗിനായി ദ മോള്‍, ലോവര്‍ ബസാര്‍, ലക്കാര്‍ ബസാര്‍ എന്നിവയാണ് പ്രധാനമായും സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും ട്രക്കിങ്ങിനുമായി നിരവധി ആളുകള്‍ വേനല്‍ക്കാലത്തും ഷിംലയിലെത്തുന്നുണ്ട്.

എങ്ങനെ എത്താം

ഏറ്റവും അടുത്തുള്ളത് ജുബർഹട്ടി എയർപോർട്ടാണ്. ഷിംലയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് ഇൗ എയർപോർട്ട്.റെയിൽ മാർഗത്തിലൂടെയും ഷിംലയിലേക്ക് സുഗമമായി എത്തിച്ചേരാം. ഡൽഹി–അമ്പല–കൽകാ–സോളൻ–ഷിംല –വഴി റോഡ് ട്രിപ്പുമാകാം

ഋഷികേശ് 

സാഹസികത നിറഞ്ഞ വിനോദങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ഋഷികേശിന്റെ പ്രത്യേകത. ബംഗീ ജമ്പിങ്, റാഫ്റ്റിങ്, യോഗ ക്യാമ്പ് തുടങ്ങിയ ഹരം പിടിപ്പിക്കുന്നതും മനസിനുല്ലാസം നൽകുന്നതുമായ വിനോദോപാധികൾ കൊണ്ട് ഈ അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് ഋഷികേശ്.

ഹിമാലയ താഴ്‌വരയിൽ ഗംഗാനദിയോട് ചേർന്നു സ്ഥിതിചെയ്യുന്ന ഇവിടെ ഡൽഹിയിൽ നിന്നും 230 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാൻ കഴിയും. ഹിമാലയത്തിലേക്കുള്ള കവാടം എന്ന് വിളിപ്പേരുള്ള ഋഷികേശ് അവിടെയെത്തുന്ന സഞ്ചാരികൾക്കു കുളിരു പകരുമെന്ന കാര്യത്തിൽ സംശയമേയില്ല. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മഴക്കാലമാണ്. ആ സമയങ്ങളിൽ സാഹസിക വിനോദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

റിവർ റാഫ്റ്റിങ്, കയാക്കിങ്, ക്യാമ്പിങ്ങ് എന്നിവയാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

ഇവിടെ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര.

ഗോവ

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായാണ് ഗോവ ഇന്ത്യൻ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെട്ടിരിക്കുന്നത്.  ബജറ്റ് ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും ഗോവ പറ്റിയയിടമാണ്. ബീച്ചുകൾ, പോർച്ചുഗീസ് വാസ്തു നിർമിതികൾ, കോട്ടകൾ, ചന്തകൾ, മുളക്കൂട്ടങ്ങൾ നിരന്ന ഗ്രാമങ്ങൾ എന്നിവ ഓരോ നിമിഷവും കാഴ്ചയെ പ്രണയിക്കുന്ന സഞ്ചാരിയെ ത്രസിപ്പിക്കും. വര്‍ഷം മുഴുവനും ആളുകൾ വന്നും പോയുമിരിക്കുന്ന സ്ഥലമാണ് ഗോവ. സീസൺ എന്നൊന്ന് അവിടെയില്ല. ജൂൺ മാസത്തിലെ യാത്ര ശരിക്കും ആസ്വദിക്കാം. മെയ് മുതൽ ഓഗസ്റ്റ് വരെ ഗോവയില്‍ മഴക്കാലമാണ്. കടലിൽ മഴ പെയ്യുന്ന മനോഹര കാഴ്ചകൾ കാണണമെങ്കിൽ ഈ സമയത്ത് പോയാൽ മതി.

ഇവിടെ നിന്നും വാടകയ്ക്ക് മോട്ടർബൈക്കുകളും സൈക്കിളുകളും ലഭിക്കും. അതുമെടുത്ത് ഊരു ചുറ്റാം, ഒപ്പം പബ്ബ് പോലെയുള്ള സ്ഥലങ്ങളിൽ ചില്ല്-ഔട്ട്  ചെയ്യാം. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഹോട്ടലുകളും ലഭ്യമാണ്. 500 രൂപയ്ക്ക് വലിയ തരക്കേടില്ലാത്ത താമസവും ലഭ്യമാണ്.

എങ്ങനെ എത്താം

ഗോവയിലേക്ക് എത്താൻ ചെലവ് കുറഞ്ഞ മാർഗം ട്രെയിനാണ്. എറണാകുളത്തു നിന്നും ഗോവ വഴി പോകുന്ന പ്രതിദിന- പ്രതിവാര തീവണ്ടികളുണ്ട്. മഡ്‌ഗാവ് ആണ് ഇറങ്ങേണ്ട സ്റ്റേഷൻ. ഇവിടെ നിന്നും നോർത്ത് ഗോവയിലേക്ക് പത്തറുപത് കിലോമീറ്ററുകളുണ്ട്. ഡാബോലിം എയർപോർട്ടാണ് അടുത്തുള്ളത്.

കനറ്റാല്‍

ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് കനറ്റാൽ. കുന്നുകളും മലകളും പുഴകളും പച്ചപ്പുമൊക്കെ ആവോളം ആസ്വദിക്കാൻ പറ്റിയയിടമാണിവിടം. ഏതൊരു സഞ്ചാരിയുടെയും മനംമയക്കും കാഴ്തകളാണ് കനറ്റാലിൽ ഒരുക്കിയിരിക്കുന്നത്. ചമ്പ, കൗഡിയ ഫോറസ്റ്റ് സഫാരി, കനറ്റാൽ ഹൈറ്റ്സ്, സുർക്കന്ദ ദേവി ക്ഷേത്രവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

എങ്ങനെ എത്താം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഡെറാഡൂൺ. 

ജോളി ഗ്രാന്റാണ് അടുത്തുള്ള എയർപോർട്ട്.