പ്രകൃതിഭംഗി അതിന്റെ അപാരതയിൽ കാണണമെങ്കിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി. നാഗരികത അധികം കടന്നു ചെന്നിട്ടില്ലാത്ത വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണിത്. എവിടെത്തിരിഞ്ഞാലും കണ്ണുകൾ ചെന്നു നിൽക്കുന്നത് വനത്തിലാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണൽ പാർക്ക്. മുതുമല നാഷണൽ പാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം മസിനഗുഡിയാണ്. ടിക്കറ്റെടുക്കാതെ നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വണ്ടിയിലിരുന്നു തന്നെ സുരക്ഷിതമായി ഇവിടെ കാണാം.

കേരളത്തോടു ചേർന്ന് ഇത്രയും ഭംഗിയുള്ള ഒരിടം തമിഴ്നാട്ടിലുള്ളപ്പോൾ പോകാതിരിക്കുന്ന തെങ്ങനെയാണ്? കൊച്ചിയിൽ നിന്ന് ഏകദേശം 270 km ആണ് മസിനഗുഡിക്ക്.  ത‍ൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ, മുതുമല നാഷണൽ പാർക്ക്, മസിന ഗുഡി– ഇതാണ് റൂട്ട്. ഗൂഡല്ലൂരിൽ ചെക്പോസ്റ്റ് ഉണ്ട്. രാത്രി 7.30 ന് അടയ്ക്കും. രാത്രിയിൽ മൃഗങ്ങളെ കാണണമെങ്കിൽ 7.30 ന് ഉള്ളിൽ ചെക് പോസ്റ്റ് കടന്ന് മസിനഗുഡിക്ക് പോകുക.

കാടിന്റെ സൗന്ദര്യം നുകരാൻ താല്പര്യവും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ ഇത്തിരി കമ്പവും ഒക്കെയുള്ളവർ ഇപ്പോൾ പോകുന്നത് തമിഴ്നാട്ടിലെ മസിനഗുഡിക്കാണ്. കുറച്ചു കടകളും റിസോർട്ടുകളും പൊലീസ് സ്റ്റേഷനും ഒരു ക്ഷേത്രവും ചേർന്ന ഒരു ചെറിയ ഗ്രാമം. മസിനഗുഡി വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരുടെ സ്വർഗമാണെന്ന് വെറുതെ പറയുന്നതല്ല. എപ്പോൾ പോയാലും അവിടെ മൃഗങ്ങളെ കാണാൻ സാധിക്കും. മസിനഗുഡി വരെ പോയിട്ട് കൺനിറയെ കാഴ്ചകളുമായിട്ടല്ലാതെ ആരും മടങ്ങിയിട്ടില്ല. 

മസിനഗുഡിയിൽ ഏതുസമയം പോയാലും, മയിലുകളെയും, വളരെയധികം മാൻകൂട്ടങ്ങളെയും കാണുവാൻ സാധിക്കും. മസിനഗുഡിയില്‍ പ്രധാനമായും കടുവ, പുലി, കരിമ്പുലി, കരടി, ആന, കാട്ടു പോത്തുകൾ, ഗോൾഡൻ കുറുക്കൻ, കഴുതപ്പുലികൾ, പറക്കും അണ്ണാൻ, മയിലുകൾ, കഴുകൻ, മ്ലാവ്, സിംഹവാലൻ കുരങ്ങുകൾ, വേഴാമ്പൽ എന്നുവേണ്ട ഒട്ടനവധി പക്ഷികളും മൃഗങ്ങളും വളരെ സുലഭമായ സ്ഥലമാണ്. മസിനഗുഡിയിലേക്കും മുതുമലയിലേക്കും പോകുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് തെപ്പക്കാട് ആനക്യാംപ്.

വന്യജീവിസങ്കേതം

മസിനഗുഡിയില്‍ ഞങ്ങൾ 3 ദിവസവും താമസിച്ചത് ചാലറ്റ്സ് എന്ന റിസോർട്ടിൽ ആയിരുന്നു. പ്രകൃതിയോട് വളരെ ഇണങ്ങി നിർമിച്ച കോട്ടേജുകളാണ് ചാലറ്റ്സ് റിസോർട്ടിന്റെ പ്രത്യേകത. ഓരോ കോട്ടേജിലും ഒരു ഫാമിലിക്കു താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. കോട്ടേജുകൾ തമ്മിൽ കുറച്ചു ദൂരം ഉള്ളത് സ്വകാര്യത നിലനിർത്തുന്നു. ധാരാളം മരങ്ങൾക്കിടയിൽ നിർമിച്ചിരിക്കുന്ന കോട്ടേജുകൾ കാടിനുള്ളിൽ താമസിക്കുന്ന ഒരു ഫീൽ തരുന്നുണ്ട്.

വനത്തോടു ചേർന്നാണ് ഈ റിസോർട്ട് സ്ഥിതി െചയ്യുന്നത്. ചെറിയ ഒരു മൈതാനം കഴിഞ്ഞാൽ താഴെ ഒരു പുഴയും പുഴയ്ക്കപ്പുറം വനവുമാണ്. കിലോമീറ്ററുകളോളം സൂര്യകാന്തിയും ജമന്തിയും ചെണ്ടുമല്ലിയും പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. കേരള–കർണാടക –തമിഴ്നാട് ഈ മൂന്നു സംസ്ഥാനങ്ങളുടെ സംഗമ ഭൂമി കൂടി യാണ് ഗുണ്ടൽപേട്ട്.

കേരളത്തിൽ നിന്നും പ്രധാനമായും രണ്ടു വഴികളാണ് മസിനഗുഡിയിലേക്കുള്ളത്. വയനാട്, ഗൂ‍ഡല്ലൂർ വഴിയും കൊച്ചിയിൽ നിന്നു വരുന്നവരാണെങ്കിൽ പട്ടാമ്പി, ഗൂഡല്ലൂർ വഴിയും മസിനഗുഡിയിൽ എത്താൻ സാധിക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് വയനാട് വഴി വരുന്നതാണ് എളുപ്പം. കല്പറ്റയിൽ നിന്നും ഗൂഡല്ലൂർ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം.

കൂടാതെ കണ്ണൂരിൽ നിന്നും കേളകം–മാനന്തവാടി–സുൽത്താൻ ബത്തേരി – ഗൂ‍ഡല്ലൂർ വഴിയും എത്താനാകും. മെട്രോയുടെ തിരക്കുകളിൽ നിന്നകന്ന് വീക്കെൻഡ് സെലിബ്രേറ്റ് ചെയ്യാൻ പറ്റിയ ഒരിടമാണ് ബെംഗളൂരു നിവാസികൾക്ക് മസിനഗുഡി. െബംഗളൂരുവിൽ നിന്നു മാണ്ഡ്യ–മൈസൂരു വഴിയാണ് മസിനഗുഡിയിലെത്തുന്നത്.