ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഊട്ടി. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. . മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും  കൂടിചേർന്ന്  മലകളുടെ റാണി  എന്നും  ഊട്ടിയെ വിശേഷിപ്പിക്കിന്നതിൽ തെറ്റില്ല. ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഔഷധ സസ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചിയൂറുന്ന ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കിട്ടും.  ഹരിതഭംഗിയിൽ പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും കാപ്പി തോട്ടങ്ങളും സഞ്ചാരികളിൽ വശ്യസൗന്ദര്യം തുളുമ്പുന്ന കാഴ്ചയാണ്. കൂടാതെ  പേരുകേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട്.

ഇവിടുത്തുകാരുടെ പ്രധാന ആശ്രയം തോട്ടകൃഷിയാണെന്ന് പറയാം. കാഴ്ചകളും കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭൂപ്രദേശമാണ്  ഊട്ടി. ഊട്ടിക്ക്‌ വര്‍ണവും സുഗന്ധവും വിതറി പുഷ്പമേളയും നടത്താറുണ്ട്.  ബൊട്ടാണിക്കല്‍  ഗാര്‍ഡന്‍, ദൊഡ്ഡബെട്ട കൊടുമുടി, ഊട്ടി തടാകം, കല്‍ ഹാത്തി വെള്ളച്ചാട്ടം, ഫ്ളവര്‍ ഷോ എന്നിവ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്ന ഊട്ടിയിലെ കാഴ്ചകളില്‍  ചിലത് മാത്രമാണ്. ഏപ്രിൽ മാസത്തില്‍ ഉൗട്ടിയിലേയ്ക്ക് സഞ്ചാരികളുടെ നീണ്ട ഒഴുക്കാണ്.  പ്രക്യതി അതിന്റ സൗന്ദര്യം തുറന്നുകാണിക്കുന്ന ഊട്ടിയിൽ കണ്ടിരിക്കേണ്ട  സ്ഥലങ്ങളിലേയ്ക്ക് യാത്ര തുടങ്ങാം.

ബൊട്ടാണിക്കൽ ഗാർഡൻ

22 ഹെക്ടര്‍ പുല്‍മേട് വിരിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. പച്ചപ്പരപ്പുള്ള മനോഹരമായ താഴ്്വരയില്‍ പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേടാണ്  ബൊട്ടാണിക്കൽ ഗാർഡൻ. ആദ്യ കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ മനോഹരമായ പുൽമേട്. നാട്ടില്‍  വളരുന്നതും വിദേശത്തു മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും  ഒപ്പം  ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്. കാഴ്ചകാരെ വിസ്മയിപ്പിക്കുന്ന   പഴക്കം ചെന്ന ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയുടെ സംരക്ഷണം ഇവിടത്തെ മാത്രം പ്രത്യേകതകളാണ്.

ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് ബൊട്ടാണിക്കൽ ഗാർഡൻ.  മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ്. ഫ്ലാവര്‍ഷോ കാണാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. ഈ ഉദ്ദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സം‍രക്ഷിക്കുന്നത്. മെഴുകുകോണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകർഷിക്കുന്നതാണ്.

ദൊഡ്ഡബെട്ടയും കോട്ടഗിരിയും

വനമേഖലയാൽ ചുറ്റുപ്പെട്ട  മലനിരയാണ് ദൊഡ്ഡബെട്ട. നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതം.ഊട്ടിയിൽ നിന്നും 9 കിലോമീറ്റർ മാറി, ഊട്ടി കോട്ടഗിരി റോഡരികിലാണ് ദൊഡ്ഡബെട്ട. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രംകൂടിയാണ് ഇവിടം.ആനമുടിക്കും, മീസപുളിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റ ടെലിസ്കോപ്പ് ഹൗസിലൂടെ സഞ്ചാരികൾക്ക്  ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും. ദൊഡ്ഡബെട്ടയിൽ എത്തുന്നവർ കോട്ടഗിരിയുടെ സൗന്ദര്യം കാണാതെ മടക്കയാത്രയില്ല.  ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി . സ‍ഞ്ചാരികളെ ആകർഷണവലയത്തിലാഴ്ത്തുന്ന കാഴ്ചകളുടെ കലവറ എന്നു വേണമെങ്കിൽ കോട്ടഗിരിയെ വിശേഷിപ്പിക്കാം.സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ് കോട്ടഗിരി. 

 ഇതിൽ പ്രധാനം കോടനാട് വ്യൂ പോയന്റ് ആണ്. കോട്ടഗിരിയിൽ നിന്ന് 16 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്  മലകളുടെ മനോഹരമാ‍യ ദൃശ്യവും, വളരെയധികം പച്ചപ്പും നിറഞ്ഞ സ്ഥലങ്ങളും കാണാ‍വുന്നതാണ്. കോട്ടഗിരി പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ലോങ്ങ്‌വുഡ് കാടുകൾ മറ്റൊരു ആകർഷണമാണ്. പറക്കും കുറുക്കൻ എന്ന വലിയ ഇനത്തിൽ പെട്ട അണ്ണാനുകളുടെ വാ‍സകേന്ദ്രമാണിവിടം.

സഞ്ചാരികളുടെ മനം മയക്കും ഊട്ടി തടാകം

നീലഗിരി മടിത്തട്ടിലെ നീർച്ചാൽ തടാകമാണ് ഊട്ടി തടാകം. കുളിരണിയിക്കുന്ന മഞ്ഞില്‍ തടാകത്തിലൂടെ ഒരു ബോട്ടു സവാരി മറക്കാനാവാത്ത അനുഭവമാണ്. ഊട്ടി താഴ്‌വരയിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ അണക്കെട്ട് നിര്‍മ്മിച്ചാണ് ഈ തടാകം ഉണ്ടാക്കിയിരിക്കുന്നത്.. ഇരുകരകളിലും തിങ്ങിനില്‍ക്കുന്ന യൂക്കാലിപ്റ്റ്‌സ്  മരങ്ങൾ ബോട്ടു സവാരിക്ക് മാറ്റുകൂട്ടുന്നു. പല സിനിമകൾക്കും  ഇടം തേടിയ ഇവിടം സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. തടാകത്തിന് ചുറ്റും ഇളം കാറ്റേറ്റ് സ്വൈരവിഹാരം നടത്തുന്ന ഒരുപാട് സന്ദര്‍ശകരെ ഇവിടെ കാണാം. എത്ര കണ്ടാലും മതി വരാത്ത തണുപ്പുള്ള കാഴ്ച്ചകളാല്‍ കണ്ണുനിറച്ച, ഹരിതസുന്ദരിയായണ്  ഊട്ടി.