നൂറുകണക്കിന് ചെറുരാജ്യങ്ങളായി വിഭജിക്കപ്പെട്ട ഒരു രാജ്യം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമുള്ള രാജ്യം, അങ്ങനെ നിരവധി  വിശേഷണങ്ങൾ ഉള്ള ആയിരക്കണക്കിന് വർഷങ്ങളായി വ്യാപിച്ചുകിടക്കുന്ന സമ്പന്നമായ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്. ലോക വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്ക അനേകം അദ്ഭുത കാഴ്ചകൾ നമ്മുടെ നാട്ടിലുണ്ട്. അതിൽ കോട്ടകൾ ഒരു അവിഭാജ്യ ഘടകമാണ് എന്നത് നിസംശയം പറയാം.

മിക്ക സംസ്ഥാനങ്ങളിലേയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഒരു കോട്ടയുണ്ടാകും. എണ്ണമറ്റ കോട്ടകൊത്തളങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിലും ലോക പൈതൃക പട്ടികയിൽ വരെ ഇടം പിടിച്ച ഏത് യാത്രികനും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 7 പ്രധാന കോട്ടകളെക്കുറിച്ച് പറയാം. 

റെഡ് ഫോർട്ട് അഥവാ ചുവന്ന കോട്ട

തലസ്ഥാന നഗരിയായ ദില്ലിയിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ കോട്ട പൂർണമായും ചുവന്ന മണൽ കല്ലിൽ നിർമ്മിച്ചതിനാലാണ് ഈ പേര് ലഭിച്ചത്.  പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. 

ചെങ്കോട്ടയുടെ കവാടമായ ലാഹോറി ഗേറ്റിനു മുന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി പ്രസംഗം നടത്തുന്നത്.  നിരവധി മ്യൂസിയങ്ങൾ കൂടിയുള്ള ചെങ്കോട്ട യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ദിവാൻ-ഇ-ഖാസ്, ഹമ്മം തുടങ്ങിയവയും ചെങ്കോട്ടയുടെ ആകർഷണങ്ങളാണ്.

മെഹ്‌റൻഗഡ് കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ഈ കോട്ട 1460 ൽ റാവു ജോധയെന്ന രാജാവാണ് നിർമ്മിച്ചത്. ജോധ്പൂരിനടുത്തുള്ള കുന്നിന് മുകളിലൂടെയും നഗരത്തിന് മുകളിലൂടെയുള്ള ഗോപുരങ്ങളിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കോട്ടയുടെ മുകളിൽ നിന്ന്, നിങ്ങൾക്ക് നഗരം മുഴുവനും അതിനപ്പുറവും കാണാൻ കഴിയും.

കട്ടിയുള്ളതും ചുമരുകളുള്ളതുമായ ഈ കോട്ടയിൽ മികച്ച കൊട്ടാരങ്ങളും മുറ്റങ്ങളും ഉണ്ട്. കോട്ടയുടെ ചരിത്രവും മറ്റും ഉൾക്കൊള്ളുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.

ജയ്സാൽമീർ കോട്ട

രാജസ്ഥാനിലെ ജയ്സാൽമീർ നഗരത്തിന് മുകളിലൂടെയുള്ള ഈ ഭീമാകാരമായ കോട്ട ലോകത്തിലെ ഒരേയൊരു ജീവിക്കുന്ന കോട്ടയാണ്. നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഈ കോട്ടയുടെ മതിലുകൾക്കുള്ളിൽ താമസിക്കുന്നുണ്ട്. 800 വർഷം പഴക്കമുള്ള ഈ കോട്ട യുനെസ്കോയുടെ ലോക പൈതൃക സൈറ്റും, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കോട്ടയും കൂടിയാണ്. പകൽ മരുഭൂമിയിൽ മറഞ്ഞിരിക്കാനുള്ള പ്രതിരോധ തന്ത്രമായിട്ടാണ്  കോട്ട മുഴുവൻ മഞ്ഞ മണൽക്കല്ല് കൊണ്ട് നിർമ്മിച്ചത്. 

ലോഹഗഡ് കോട്ട

സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ കോട്ട മഹാരാഷ്ട്രയിലെ ലോനാവാലയിലെ ഹിൽ സ്റ്റേഷന് സമീപമുള്ള സംസ്ഥാനത്തെ നിരവധി മലയോര കോട്ടകളിൽ ഒന്നാണ്. ഈ പഴക്കം ചെന്ന കോട്ടയിലേയ്ക്ക് എത്തണമെങ്കിൽ സാഹസീഹമായ ഒരു ട്രെക്കിംഗിലൂടെ മാത്രമേ സാധിക്കു. മഴക്കാലത്ത് മേഘങ്ങൾ താഴേയ്ക്ക് ഇറങ്ങി വരുന്നത് ഈ കോട്ടയുടെ മുകളിൽ നിന്നാൽ നിങ്ങൾക്ക് കാണാം. സാഹസീഹത ഇഷ്ടപ്പെടുന്ന അനേകം പേരാണ് ട്രക്കിംഗിലൂടെ ഈ കോട്ടയെ കീഴ്പ്പെടുത്താൻ ഇവിടെയെത്തുന്നത്.

ഗോൽകോണ്ട കോട്ട

‘കോട്ടകളുടെ നഗരം'എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോല്‍ക്കൊണ്ടയെ ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവില്ല. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 11 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് മനോഹരമായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 

നാല് പ്രധാന കോട്ടകളുടെ ഒരു സമുച്ചയമാണ് ഗോല്‍ക്കൊണ്ട. രാജകീയ പ്രൌഢിയും നിര്‍മ്മാണ വൈഭവവുമാണ് ഗോല്‍ക്കൊണ്ട കോട്ടയെ വേറിട്ട് നിര്‍ത്തുന്നത്. ഒറ്റപ്പെട്ട ഒരു ഗ്രാനൈറ്റ് കുന്നിന്‍റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 400 അടി ഉയരത്തിലാണ്.

പുരാതന എഞ്ചിനീയർമാരുടെ വാസ്തുവിദ്യാ വൈദഗ്ധ്യത്തെ ശരിക്കും മനസിലാക്കണമെങ്കിൽ കോട്ടക്കുള്ളിലെ ഫത്തേ ദർവാസയിലേക്ക് പോയി താഴികക്കുടത്തിന് അടുത്ത് നിന്ന് കൈയ്യടിക്കുക. ഏറ്റവും അടിയിലുള്ള ഈ കവാടങ്ങളിലെ  കയ്യടി ശബ്ദം  ഒരു കിലോമീറ്ററോളം ഉയരത്തിലുള്ള ബാല ഹിസാറില്‍ വരെ കേള്‍ക്കും.

അംബർ കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ അടുത്ത താരമാണ് അംബർ കോട്ട. ഏതാണ്ട് 200 വര്‍ഷങ്ങളെടുത്താണത്രേ ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. രാജസ്ഥാനിലെ ആമെർ പട്ടണത്തിലെ മൂത്ത എന്ന തടാകത്തിന്റെ കരയിലായിട്ടാണ് ഈ കോട്ടയുടെ സ്ഥാനം.

കോട്ടയ്ക്കുള്ളില്‍ കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, പവലിയനുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആനപ്പുറത്ത് സഞ്ചരിച്ച് കോട്ട ചുറ്റിക്കാണാനുള്ള അവസരം ലഭിക്കും. 

കോട്ടയുടെ ഉള്ളിലായി ഷില മാതായുടെ പ്രതിഷ്ഠയുള്ള മനോഹരമായ ഒരു ക്ഷേത്രവും  ദിവാന്‍ ഇ ആം, കണ്ണാടി കൊണ്ട് നിർമ്മിച്ച ശീഷ് മഹല്‍ തുടങ്ങി മറ്റ് കാഴ്ച്ചകളും ഉണ്ട്.

ഗ്വാളിയർ കോട്ട 

ഗ്വാളിയർ കോട്ട ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നാണ്. ആറാം നൂറ്റാണ്ടിലെ നിർമ്മിതിയാണിത്. ഈ കോട്ടയിൽ രണ്ട് കൊട്ടാരങ്ങളുണ്ട് - ഗുജാരി മഹൽ, മൻ മന്ദിർ.  ഇപ്പോൾ ഒരു മ്യൂസിയമാക്കിയിരിക്കുകയാണ്  ഗുജാരി മഹലിനെ. 

കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ജലം ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒക്കെയും കോട്ടക്കകത്ത് കാണാന്‍ സാധിക്കും. ഒട്ടേറെ ജൈനക്ഷേത്രങ്ങൾ കോട്ടക്കകത്തുണ്ട്. ജൈന തീർഥങ്കരൻമാര്‍ മനോഹരമായി കൊത്തിയിരിക്കുന്ന കൊത്തുപണികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. 

ഇന്ത്യന്‍  വാസ്തുകലയിലെ ചൈനീസ് സ്വാധീനം ഇവിടെ നല്ലതു പോലെ കണ്ടറിയാന്‍  സാധിക്കും.

ഇവ കൂടാതെ, ഈ രാജ്യത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്ക് കടക്കാൻ നൂറുകണക്കിന് കോട്ടകൾ ഇന്ത്യയിൽ വേറെയുണ്ട്. ഇവയെല്ലാം തന്നെ ചരിത്ര കുതുകികൾ ആയ യാത്ര പ്രേമികൾക്ക് അറിവിന്റെ അക്ഷയ ഖനികളാണ്. ഇനിയുള്ള യാത്രകളിൽ ഒരൽപ്പം ചരിത്രം കൂടി അറിയാനും കാണാനും ശ്രമിക്കാം ഈ കോട്ടകളുടെ സന്ദർശനത്തിലൂടെ.