ഇന്ത്യയുടെ വടക്കു കിഴക്കേയറ്റത്തെ സംസ്ഥാനമാണ് നാഗാലാ‌ൻഡ്. ഇൻഡോ-മംഗോളിയൻ സങ്കര വിഭാഗമായ നാഗന്മാരുടെ വാസ സ്ഥാനം. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ സംസ്കാരവും രീതികളും. നാഗാലാൻഡിലേക്കൊരു യാത്ര പോയാലത് ഇന്ത്യയുടെ തന്നെ വളരെ വ്യത്യസ്തമായ അവസ്ഥയെ കണ്ടെത്താൻ പോകുന്നതാണെന്നു ചുരുക്കം. നിറയെ പാറയും കാടുമുള്ള നാഗാലാൻഡിലേക്ക് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇവിടുത്തെ ട്രെക്കിങ് തന്നെയാണ്. നിരവധി ഗോത്ര വര്‍ഗങ്ങൾ ഈ സംസ്ഥാനത്തിലെ സംസ്കാരവുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇവരുടെ ആരാധനകളും നൃത്തവും ആഘോഷങ്ങളും മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത പ്രത്യേകതകൾ ഉള്ളതാണ്.

ഏപ്രിൽ മാസത്തിലാണ് നാഗാലാൻഡിലെ ഏറ്റവും പ്രശസ്തമായ ആഘോഷം നടക്കുന്നത്. പൊതുവെ ഏതു സമയത്താണെങ്കിലും സ്ഥലത്തിന്റേതായ പ്രത്യേകതകളും കാലാവസ്ഥാ ഭംഗിയും നാഗാലാൻഡിനുണ്ട്. നാഗാലാൻഡ്‌, വാസ്തവത്തി ഗോത്രവർഗത്തിൽപ്പെട്ടവരുടെമാത്രം ഭൂമിയാണ്. കൃഷിയും നായാട്ടുമാണ് ഇന്നും ഇക്കൂട്ടരുടെ പ്രധാന വരുമാനമാർഗം.

വേട്ടയാടി കഴിയുന്നവരായതുകൊണ്ടുതന്നെ മത്സ്യവും മാംസവും തന്നെയാണ്‌ ഇവരുടെ മുഖ്യാഹാരം. പന്നിയെ കൊന്ന് വെട്ടിനുറുക്കി തീയിലിട്ട് കരിച്ച് തിന്നുന്നതും ഇവിടെ കാണാം. വേനല്‍ക്കാലമാണ് പൊതുവെ ഇവിടം സന്ദർശിക്കാൻ നല്ലത്. അധികമൊന്നും ചൂടുണ്ടാവില്ല. മഞ്ഞു കാലത്തു നാല് ഡിഗ്രി വരെ തണുപ്പാകും. മഴക്കാലം മികച്ച മഴ കൊണ്ട് അനുഗൃഹീതവും. എന്തുതന്നെ ആയാലും ഇവിടുത്തെ മനുഷ്യരുടെ സ്‌നേഹപൂർണമായ സ്വീകരണത്തിനൊപ്പം സഞ്ചാരികളും ഈ ഇടത്തോട് ചേർന്ന്പോകും.

നാഗാലാൻഡിലെ കുറിച്ച് പറയുമ്പോൾ ഇവിടുത്തെ ഭക്ഷണരീതികളെ കുറിച്ചും പറയണം. പല്ലിയെയും പാറ്റയെയും വണ്ടിനെയുമൊക്കെ പൊരിച്ചു പാത്രത്തിലേക്ക് പകർന്നു വയ്ക്കുമ്പോൾ അതുവാങ്ങാൻ അതിന്റെ ചുറ്റും നിരവധി പേര്. വാങ്ങുന്നവർ കറുമുറെ എന്ന് ഒച്ച കേൾപ്പിച്ചു അതിനെ കഴിക്കുന്നു. ദൈവമേ! എങ്ങനെ ഇതിനെയൊക്കെ കഴിക്കാൻ പറ്റുന്നു, ഓക്കാനം വരുന്നു എന്നൊക്കെ പറയുന്നവർ അതിനെ കഴിച്ചിട്ടില്ലാത്തവരോ ഇത്തരം ഭക്ഷണത്തിന്റെ ഗുണം അറിയാത്തവരോ ആണെന്നാണ് നാഗാലാൻഡുകാർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളെയും പോലെയാണ് ഇന്ത്യയ്ക്കുള്ളിലെ നാഗാലാ‌ൻഡ് എന്ന സംസ്ഥാനത്തിന്റെ ഭക്ഷണ ശീലം. നമ്മൾ പറയാൻ അറയ്ക്കുന്ന, ഭയക്കുന്ന ഭക്ഷണ ശീലത്തെ വളരെ സന്തോഷത്തോടെ ശീലിച്ചവരും സ്വീകരിച്ചവരുമാണവർ. പൊതുവെ യാത്രികർക്ക് ഇത്തരം ഇടങ്ങളിൽ ചെന്നാൽ ഇങ്ങനെയുള്ള ജീവികളെ ഭക്ഷണമാക്കുന്നതു മാത്രമാണ് ഒരുപക്ഷെ ഇഷ്ടമല്ലാത്തത്.

പാമ്പിനെയും തവളയെയും വവ്വാലിനെയും പാറ്റയെയുമൊക്കെ ഭക്ഷണമാക്കുന്ന ഇവർ പറയുന്നത് പല അസുഖങ്ങൾക്കുമുള്ള മരുന്നാണ് ഈ ജീവികൾ എന്നാണ്.

ഈ ജീവികളുടെയൊക്കെ പേരുകൾ കേൾക്കുമ്പോൾ തന്നെ അയ്യേ! എന്ന് പറയാൻ തോന്നുന്നുണ്ടോ? പക്ഷെ വളരെ രുചികരമായ എന്നാൽ ഔഷധ ഗുണവുമുള്ള ഭക്ഷണമാണ് ഇവയെല്ലാം തന്നെ. നാഗാലാൻ‍ഡിലേയ്ക്ക് യാത്ര പോകുന്ന സഞ്ചാരികൾക്ക് ധൈര്യമായി ഈ ഭക്ഷണം ഉൾപ്പെടെ അവരുടെ സാഹസിക യാത്രയിൽ ഉൾപ്പെടുത്താം. കറി വച്ചും വറുത്തും ഒക്കെ ഈ ഭക്ഷണങ്ങൾ ഇവിടെ പരമ്പരാഗത രീതിയിൽ ലഭ്യമാണ്. നാഗാലാ‌ൻഡ് കാണാൻ പോകുമ്പോൾ വെറുതെ കാഴ്ചകളിൽ മാത്രം ഒതുങ്ങി പോകാതെ ഇത്തരം സവിശേഷതകൾ കൂടി അറിഞ്ഞ് അതിനെ നന്നായി ആസ്വദിക്കാൻ തയാറായി തന്നെ പോകാം.

നാഗാലാൻഡിൽ എത്തണമെങ്കിൽ ഏറ്റവും അടുത്തുള്ള എയർപോർട്ട് ദിമാപൂർ ആണ്. എയർപോർട്ട് മാത്രമല്ല റെയിൽവേ സ്റ്റേഷനും ഇതുതന്നെ. ഇവിടെ നിന്ന് എവിടെയുമെത്താനുള്ള റോഡ് ഗതാഗതമുണ്ട്. നാഗാലാൻഡിലെ പല ഇടങ്ങളും ശ്രദ്ധേയമാണ് തലസ്ഥാനമായ കൊഹിമയും ഇവിടുത്തെ സാംസ്കാരിക ചരിത്രം പേറുന്നുണ്ട്. ഒപ്പം മ്യൂസിയങ്ങൾ, സൂ, പാർക്ക് എന്നിവ ഇവിടുത്തെ സഞ്ചാരികളുടെ സ്വകാര്യ ‍ഡെസ്റ്റിനേഷനുകളാണ്.