ലഡാക്കിന്റെ മറ്റൊരു സുന്ദര മുഖം അറിയാൻ, സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായത് ആഗ്രഹിക്കുന്നവരെ നിങ്ങൾക്കു ഒരു മികച്ച ഓപ്ഷനാണ്  ഹെമിസ് നാഷണൽ പാർക്ക്.വടക്ക് സിന്ധു നദിയുമായി അതിർത്തി പങ്കിടുന്ന ഈ ദേശീയോദ്യാനം സാൻസ്കർ പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലഡാക്കിലേക്ക് യാത്ര പോകുന്ന ഓരോ സഞ്ചാരിയും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്.

ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.ലഡാക്കിലെ പ്രാചീന താഴ്‌വരകളുടെ മടിയിൽ കിടക്കുന്ന ഹെമിസ് നാഷണൽ പാർക്ക് ഏഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന പ്രകൃതിദത്ത ആവാസ കേന്ദ്രങ്ങളിൽ ഒന്നുമാണ്. ഹെമിസ് നാഷണൽ പാർക്കിന്റെ ഉയരം 3000-6000 മീറ്റർ വരെയാണ്. രാജ്യത്തെ ഏറ്റവും ഉയരമുള്ള ഈ പാർക്കിന് ഹൈ ആൾട്ടിട്യൂട് പാർക്ക് എന്ന പേരുകൂടിയുണ്ട്.

പ്രത്യേകതകൾ

ലഡാക്കിലെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെ നേർരൂപമായ ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഹിമപുലികളെ കാണാം എന്നതാണ്. ഷാപ്പു ആടുകളേയും മഞ്ഞു പുള്ളിപ്പുലികളെയും ഇന്ത്യയിൽ ഇവിടെ മാത്രമാണ് കാണാൻ സാധിക്കു. കൂടാതെ, വംശനാശഭീഷണി നേരിടുന്ന യുറേഷ്യൻ തവിട്ട് കരടി, ചുവന്ന കുറുക്കൻ, ടിബറ്റൻ ചെന്നായ എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. ഇവയ്ക്കൊപ്പം 11 ഇനം ജന്തുജാലങ്ങളും 30 ഇനം ജീവജാലങ്ങളും ഇവിടെയുണ്ടെന്നാണ് കണക്ക്.   

സ്നോ ലിയോപാർഡ് ട്രെക്ക്

ലോകമെമ്പാടുമുള്ള നിരവധി സാഹസികരെയും മൃഗസ്‌നേഹികളെയും ആകർഷിക്കുന്ന ലഡാക്ക് മേഖലയിലെ പ്രശസ്തമായ ശൈത്യകാല ട്രെക്കിംഗുകളിലൊന്നായ സ്നോ ലിയോപാർഡ് ട്രെക്ക് നടക്കുന്നത് ഇവിടെയാണ്. ലഡാക്കിന്റെ കിഴക്കൻ ഭാഗത്ത് 3000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹെമിസ് നാഷണൽ പാർക്കിന്റെ പ്രധാന ഭാഗമായ ഇത് 600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാർക്ക, റംബാക്ക് താഴ്വരകളിൽ വ്യാപിച്ചു കിടക്കുന്നു. ഇത് ഒരു സംരക്ഷിത പ്രദേശമായതിനാൽ, അപൂർവ മൃഗങ്ങളെ ഇവിടെ കണ്ടെത്താനുള്ള ട്രെക്കിംഗ് ഒരു ആവേശകരമായ അനുഭവമായിരിക്കും.

ജൂൺ പകുതി മുതൽ ഒക്ടോബർ പകുതി വരെയാണ് ട്രെക്കിംഗിനായിയുളള മികച്ച സമയം. ഹിമ പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല സീസൺ, പക്ഷേ ശൈത്യകാലത്തിന്റെ അവസാനമാണ്.

ഹെമിസ് ഗോംപ

ലേയിൽ നിന്ന് 45 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഹെമിസ് സന്യാസമഠം സ്ഥിതി ചെയ്യുന്നത്. ഹെമിസിലെ മറ്റൊരുപ്രധാന ആകര്‍ഷണമാണിത്. 300 വർഷമെങ്കിലും പഴക്കമുണ്ടാകും ഈ മോണാസ്ട്രിയ്ക്ക്. ഈ സന്യാസമഠം ടിബറ്റന്‍ നിര്‍മ്മാണ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബുദ്ധസംസ്കാരവും, ജീവിതശൈലിയും പ്രദര്‍ശിപ്പിക്കുന്ന ഒരിടമാണിത്.

ലഡാക്കിന്റെ അവർണനീയ സൗന്ദര്യം ആസ്വദിച്ച് ഹിമപുലികളേയും മറ്റ് അപൂർവ്വതകളും കണ്ടറിഞ്ഞൊരു ട്രക്കിംഗ് അനുഭവിക്കാൻ തയാറാവാം.