ലഡാക്കിന്റെ കവാടം, ലോകത്ത് രണ്ടാമത്തെ ഏറ്റവും തണുപ്പേറിയ മനുഷ്യവാസമുള്ള സ്ഥലം, ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ പട്ടണം ഈ പറഞ്ഞ എല്ലാ വിശേഷണങ്ങളും ചേരുന്നത് ഒരു നാടിനാണ്. ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് എന്ന ചെറു ഗ്രാമമാണ് അത്. ആര്‍ട്ടിക് പ്രദേശത്തെക്കാള്‍ തണുപ്പായിരിക്കും ചിലപ്പോഴൊക്കെ ഇവിടെ.

സമുദ്ര നിരപ്പില്‍ നിന്ന് 3,230 മീറ്റര്‍ ഉയരത്തിലാണ് ദ്രാസ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ കോലാഹലങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷവും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും മനോഹരമായ താഴ്‌വരകളും കഠിനമായ തണുപ്പും എല്ലാം ഈ തണുത്തുറഞ്ഞ താഴ്‌വരയുടെ സവിശേഷതകളാണ്.

ശൈത്യകാലത്ത് ദ്രാസിലെ താപനില -45 ഡിഗ്രി വരെ താഴാറുണ്ട്. 1995-ലെ ശൈത്യകാലത്ത് -65 ഡിഗ്രി എന്ന റെക്കോഡ് തണുപ്പും ദ്രാസില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കൊടിയ തണുപ്പിലും ദ്രാസില്‍ 1,021 പേര്‍ ജീവിക്കുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. കാര്‍ഗില്‍ യുദ്ധകാലത്ത് രാജ്യത്തിന്‍റെ ഏറ്റവും വടക്കേയറ്റത്ത് സൈന്യത്തിന്‍റെ ബേസ് ക്യാംപും സ്ഥാപിച്ചത് ദ്രാസിലായിരുന്നു.

വളരെ ചെറിയൊരു ഗ്രാമമായതിനാൽ ദ്രാസ് നിങ്ങൾക്ക് കാൽനടയായി തന്നെ കണ്ടു തീർക്കാം. ഇനി സാഹസിഹത ആഗ്രഹിക്കുന്നവരാണെങ്കിൽ ഒട്ടും നിരാശപ്പെടേണ്ടി വരില്ല. കാരണം നിരവധി ഉയരമുള്ള ഹിമാലയൻ ട്രെക്കിംഗുകളുടെ ആരംഭ കേന്ദ്രങ്ങളിൽ ഒന്നു കൂടിയാണീ സുന്ദരഭൂമി.

സോജി ലാ പാസ്

സമുദ്രനിരപ്പിൽ നിന്ന് 3528 മീറ്റർ ഉയരത്തിലുള്ള സോജി ലാ പാസ് ദ്രാസ് താഴ്‌വരയുടെ ആരംഭ പോയിന്റായി വർത്തിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയരമേറിയതും അപകടകരവുമായ പാസുകളിൽ ഒന്നുമായ സോജി ലാ പാസ് മഞ്ഞുമൂടിയ കൊടുമുടികളും ഇടതൂർന്ന കാടുകളാൽ സമൃദമാണ്. മഞ്ഞുകാലമായ ഒക്ടോബർ പകുതി മുതൽ മെയ് ആദ്യം വരെ പൂർണമായും ഈ പാസ് മഞ്ഞുമൂടിപ്പോകുന്നതിനാൽ അടച്ചിടും.

ദ്രാസ് നദി

ഈ നദി ദ്രാസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്നു, മഞ്ഞുമൂടിയ കൊടുമുടികൾക്കെതിരായും, വർണ്ണാഭമായ കാട്ടുപൂക്കൾക്കിടയിലും താഴ്‌വരയുടെ  പച്ചപ്പും നിറച്ചൊഴുകുന്ന ഈ നദി ഏത് സഞ്ചാരിയ്ക്കും മറക്കാനാവാത്ത വിരുന്നാണ് ഒരുക്കുന്നത്. നദിക്കരയിൽ നിരവധി ക്യാമ്പ്‌സൈറ്റുകൾ ഉണ്ട്, ഇവിടെ ടെന്റടിച്ച് ഒരു രാത്രി തങ്ങാൻ കൊതിച്ചെത്തുന്ന സഞ്ചാരികൾ അനേകമാണ്.

പ്രകൃതി സൗന്ദര്യത്തിലും മഞ്ഞുമൂടിയ പർവതങ്ങളുടെ മനോഹരമായ കാഴ്ചകളിൽ മുങ്ങി നക്ഷത്രങ്ങൾക്കടിയിൽ നദിയുടെ ശാന്തമായ ശബ്ദങ്ങൾ കേട്ടുറങ്ങാൻ കൊതിയാവുന്നുണ്ടോ. എങ്കിൽ ദ്രാസ് തെരഞ്ഞെടുക്കാം. മഞ്ഞുപുതച്ചു കിടക്കുന്ന മാമലകളെ അറിയാൻ പോകാം.