തിരക്കഥയെ അനുസരിക്കാത്ത ഒരു ബെസ്റ്റ് ആക്ടറെ കാണണം. കാണികൾക്കപരിചിതമായ, നിഗൂഢതകളേറെയുള്ള ഭാവങ്ങൾ പകർത്തണം. ഉദ്ദേശ്യം ഇതായിരുന്നതിനാൽ മമ്മൂട്ടിയുടെയും മഞ്ജുവാരിയരുടെയും ഉൾപ്പെടെ ഏറെ ഹിറ്റ് സിനിമകൾക്കു തിരക്കഥയെഴുതിയ, മലയാളത്തിനു പ്രിയപ്പെട്ട ബിപിൻ ചന്ദ്രന്റെ സഹായം തേടി. അദ്ദേഹം സസന്തോഷം സകുടുംബം യാത്രയിൽ ചേർന്നു.

പുലർച്ചെ ബിപിൻ ചന്ദ്രന്റെ പൊൻകുന്നത്തെ വീട്ടിലെത്തുമ്പോൾ തൊടിയിലെ വൻമരങ്ങൾക്കിടയിലെ മഞ്ഞ് മായുന്നതേയുണ്ടായിരുന്നുള്ളൂ. മക്കൾ ആദിത്യനും അഭയനും ചുറുചുറുക്കോടെ കാറിലേക്കു  കയറി. ‘പ്രവചനാതീതമാണ് നമ്മുടെ ബെസ്റ്റ് ആക്ടറുടെ സ്വഭാവം. അതുകൊണ്ടു ശരിക്കു കാണണമെങ്കിൽ നേരത്തേഎത്തണം’എന്ന് യാത്രസംഘത്തിന് അറിയിപ്പു നൽകി ബിപിൻ ചന്ദ്രൻ കാറിന്റെ പുഷ്ബട്ടൺ അമർത്തി.

ഡാഡി കൂൾ

കുന്നുകയറി കുമളിതൊട്ട് തേനിയിലേക്കു മലയിറക്കം. തമിഴ്നാട്ടിലെ സമതലങ്ങളിലൂടെയാണു ഹൈവേ പോകുന്നത്. യാത്രാവാഹനമായ വെന്യുവിന്റെ ഇലക്ട്രിക് സൺറൂഫിനുള്ളിലൂടെ മുഖം പുറത്തിട്ട് തമിഴ് ഗ്രാമഭംഗിയാസ്വദിച്ചു പോകുന്ന ആദിത്യനും അഭയനുമൊപ്പം ഡാഡികൂൾ ഫീലിൽ അപ്പുറത്തിരിക്കുകയാണു ബിപിൻ ചന്ദ്രൻ. ഭാര്യ ദീപ്തിയുടെ കയ്യിലാണു കാറിന്റെ കടിഞ്ഞാൺ.

തേനിയിലെ മുന്തിരിത്തോപ്പുകൾക്കിടയിലൂടെയുള്ള ‘പടവലങ്ങാവഴി’താണ്ടി ബത്തലഗുണ്ട് എത്തുംമുൻപ് കാർ ഇടത്തോട്ടു തിരിയണം. വെൽക്കം ടു കൊടൈക്കനാൽ വൈൽഡ്‌ലൈഫ് സാങ്‌ച്വറി എന്ന ബോർ‍ഡ് കാണാം. സമതലം കടന്ന് ഇനി നമുക്കു മുകളിലേക്കാണു പോകേണ്ടത്. റോഡിനു വലതുവശത്ത് വലിയ മൈതാനത്തിലൂടെയുള്ള ചവിട്ടടിപ്പാത. അതിനപ്പുറം മണ്ണപ്പം ചുട്ടതുപോലെ ഇടവിട്ട കുന്നുകൾ. ഓലമേഞ്ഞ വീടുകൾക്കു പിന്നിൽ നീലവിരിപ്പുമായി മേർക് തുടർച്ചിമല എന്നു തമിഴൻ വിളിക്കുന്ന പശ്ചിമഘട്ടം. വെന്യുവിനെ പച്ചപ്പിനിടയിൽ നിർത്തിയപ്പോൾ അഭയനും ആദിത്യനും വിശാലതയിലേക്കു കളിക്കാനിറങ്ങി.

റോജയും കോടയും

ഹിൽസ്റ്റേഷനുകളുടെ രാജാവ് എന്ന വിശേഷണമുള്ള കൊടൈക്കനാലിലേക്ക് അധികം ബുദ്ധിമുട്ടില്ലാത്ത ചെറുചുരത്തിലൂടെയാണു വഴി. അങ്ങുതാഴെ മഞ്ഞളാർ ഡാം പരന്നു കിടപ്പുണ്ട്. കൊടൈ എത്തുന്നതിനു മുൻപ് പാറയിൽ വെള്ളിയുരുകിയിറങ്ങിയതുപോലുള്ള സിൽവർ കാസ്കേഡ് വെള്ളച്ചാട്ടത്തിൽവച്ചൊരു സെൽഫി. ഈ ജലപാതം ബിപിൻ ചന്ദ്രനെ കൊടൈക്കനാലിന്റ പാട്ടോർമയിലേക്കു നയിച്ചു. ‘‘പുതു വെള്ളൈ മഴൈ ഇങ്കു പൊഴിയിൻട്രത്’’ – മഞ്ഞുമലാപ്പിലേക്കു കാണികളെ നയിച്ച റോജയിലെ എ.ആർ റഹ്മാൻ പാട്ടു കേട്ടാണ് സ്കൂളിലെ എക്സ്കർഷൻ സംഘത്തിലെ കുഞ്ഞുബിപിൻ കൊടൈക്കനാലിന്റെ ഉയരങ്ങളിലേക്കാദ്യമായി കയറുന്നത്. ആ ഗാനം എപ്പോൾ കേട്ടാലും കൊടൈക്കനാലിന്റെ തണുപ്പാണ് മനസ്സിലെത്തുക. പിന്നീടും പലപ്രാവശ്യം കൊടൈക്കനാലിലേക്കു ചുരം കയറി. ആദ്യമായി നിക്കൺ എഫ് ടെൻ ക്യാമറയിൽ പകർത്തുന്ന ഭംഗിയും കൊടൈക്കനാലിന്റേതാണ്. ആ വ്യൂഫൈൻഡറിലൂടെ ബിപിനെക്കാൾ ഫ്രെയിം ഏറെ കണ്ട ഒരാൾ ഇന്ന് മലയാളസിനിമയ്ക്ക്  ഹിറ്റ് ഫ്രെയിം സമ്മാനിക്കുന്ന സംവിധായകനാണ്–അൻവർ റഷീദ്.

ബെസ്റ്റ് ആക്ടറുടെ ഇൻട്രോകൊടൈക്കനാൽ എന്ന ബെസ്റ്റ് ആക്ടറെ തേടിയ യാത്ര ചെന്നുനിന്നത് നഗരകേന്ദ്രമായ തടാകത്തിൽ. ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായെങ്കിലും ഇൻട്രൊഡക്‌ഷൻ  സീൻ പോലെ ബിപിൻ ചന്ദ്രനും കുടുംബവും കാർ പാർക്ക് ചെയ്ത് ഒരു ബോട്ടിലേറി തടാകത്തിലേക്കിറങ്ങി. ശനിയാഴ്ചയാണ്. നഗരത്തിൽ കൊടുംതിരക്ക്. വൈകുന്നേരമായിട്ടും തണുപ്പ് മലമുകളിലേക്കെത്തുന്നതേയില്ല. ‘‘ആദ്യമായിട്ടാണ് തണുപ്പില്ലാ കൊടൈക്കനാലിനെ അനുഭവിക്കുന്നത്’’– ബെസ്റ്റ് ആക്ടറുടെ ഭാവമില്ലായ്മ കണ്ട തിരക്കഥാകൃത്തിന്റെ നിരാശ ആ വാക്കുകളിലുണ്ട്.  പക്ഷേ, തടാകത്തിനു ചുറ്റും ദീപങ്ങൾ തെളിഞ്ഞപ്പോൾ ചെറുതണുപ്പു ചേക്കേറാൻ തുടങ്ങി. വിൽപ്പെട്ടി കാർഷികഗ്രാമത്തിലെ കോട്ടേജിനുള്ളിൽ സംഘം ചേക്കേറി. തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കാത്ത ബെസ്റ്റ് ആക്ടർ തന്നെയാണ് കൊടൈക്കനാൽ എന്നു മനസ്സിലായത് അന്നാണ്. ഗൂഗിളിൽ കൊടുംമഴയാണെന്നു സൂചനയുള്ള ആ ദിനത്തിൽ തടാകത്തിൽ നീലാകാശത്തിന്റെ പ്രതിഫലനം. മഞ്ഞുപെയ്യുന്ന രാത്രിയ്ക്കു പകരം താരരാശികൾ തെളിഞ്ഞുകാണപ്പെട്ട നീലാകാശം...

പാവാട

തട്ടുതട്ടായികിടക്കുന്ന കൃഷിയിടങ്ങളിൽ സൂര്യനെത്തുംമുൻപ് യാത്ര തുടങ്ങി. ‘‘സർ, ഇവിടെ ഗൈഡിന്റെ ആവശ്യമില്ല. ഒരു പാവാടച്ചരടുപോലെ കാഴ്ചകൾ കോർത്തെടുക്കുന്ന റിങ് റോഡാണ് കൊടൈക്കനാലിൽ. പ്രധാന കാഴ്ചകളെല്ലാം ഈ ഒറ്റ വഴിയിലാണ്. നേരെ വണ്ടിയോടിച്ചാൽ മതി’’ – കൊടൈക്കനാലിലെ സുഹൃത്ത് നിഖിലിന്റെ ഉപദേശം.‘‘ആദ്യം ബെരിജാം തടാകം. ഏറെത്തവണ വന്നിട്ടും അവിടെ പോകാനൊത്തിട്ടില്ല. ഇന്നെങ്കിലും പോകണം’’–ബിപിൻ ചന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചു. കൊടുംകാട്ടിനുള്ളിലാണു ബെരിജാം തടാകം. പക്ഷേ, ഇന്റർവെല്ലിൽ ചായ കുടിച്ച് തിയറ്ററിൽ കയറുമ്പോൾ പ്രധാന സീൻ മിസ് ആകുന്നതുപോലെ ബെരിജാം തടാകത്തിലേക്കുള്ള പ്രവേശനടിക്കറ്റ് തീർന്നുപോയി. (ഇനി പോകുന്നവർ ആദ്യം രാവിലെത്തന്നെ കൊടൈക്കനാൽ ഡിഎഫ്ഒ ഓഫീസിൽചെന്ന് അനുമതി വാങ്ങണം. ഒരുദിവസം കുറച്ചുപേരെ മാത്രമേ കടത്തിവിടൂ). ബെരിജാം തടാകത്തിലേക്കുള്ള ആ വഴി ഇപ്പോഴും നിഗൂഢതയായി കിടക്കുന്നു. ബിപിൻ ചന്ദ്രൻ നേരെ റോഡിലേക്കു കാർ തിരിച്ചു.

ഇനി വെന്യു ഗുണ കേവ്സ്

പൈൻമരക്കാട്ടിലൂടെയാണു ഗുണകേവ്സിലേക്കുള്ള വഴി. ചെങ്കുത്താഴങ്ങളിൽ മരണമൊളിപ്പിച്ചുവച്ചതുകൊണ്ട് ‘ചെകുത്താന്റെ കുശിനി’ എന്നു പേരു ലഭിച്ച, മലയുടെ പിളർപ്പുകളാണ് ഗുണ കേവ്സ്. അഭയനും ആദിത്യനും വഴിയിൽ പൈൻമരത്തടികൾ കൊണ്ടുണ്ടാക്കിയ താൽക്കാലിക പാലങ്ങളിലെ വിള്ളലുകൾ ചാടിക്കടന്നു സാഹസികത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പാറയിടുക്കുകളിലെ വിള്ളലുകൾ കമ്പിവലകൾ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. ‘ഗുണ’ സിനിമയിൽകാമുകിയുടെ ശരീരവുമായി കമലഹാസൻ ഈ ഗുഹകളുടെ ആഴത്തിേലക്കു ചാടുന്നതാണ് അവസാനം. ഇതോടെ ഡെവിൾസ് കിച്ചണിന്റെ പേര് ‘ഗുണ കേവ്സ്’ എന്നായി മാറി. ഇപ്പോഴും ഇളയരാജയുടെ പശ്ചാത്തലസംഗീതവും മരണം തൊടുംപോലെയുള്ള മഞ്ഞും ഉള്ളിലറിയുന്നവരേറെ. അവർക്ക് ഒരു ടൂറിസ്റ്റ് സ്പോട്ട് മാത്രമല്ല ഗുണ കേവ്സ്. മറിച്ച് ഒരു ഫീൽ ആണ്.

വേലി കെട്ടാതിരുന്ന കാലത്ത് മലയാളികളടക്കം ഏറെപ്പേർ ഈ വീതിയില്ലാത്ത  ചതിയാഴങ്ങളിലേക്കു പതിച്ചിട്ടുണ്ട്. വീണവരുടെ കൈപ്പത്തികൾ അവസാന അഭയത്തിനായി മലവിളുമ്പിൽ പൊത്തിപ്പിടിക്കുന്നതുപോലെയുണ്ട് മരങ്ങളുടെ വേരുകൾ. അവരുടെ കണ്ണീർ ഘനീഭവിച്ചതെന്നപോലെ മുകളിലേക്കെത്തുന്ന മഞ്ഞിനെ അവഗണിച്ച്  അഭയനും ആദിത്യനും ആ വേരുപടലങ്ങളിൽ കയറിയിരുന്നു. ഗുണ കേവ്സിന്റെ അപ്പുറമാണ് പില്ലർ റോക്ക്സ്. ഒരു മല മൂന്നായി പിളർന്നതുപോലെയുള്ള അക്കാഴ്ചയും കൊടൈക്കനാൽ മറച്ചു. കാത്തുനിന്നിട്ടും മഞ്ഞു മാറിയില്ല. മലയിറങ്ങുന്നതിനു മുൻപ് കൊടൈക്കനാലിന്റെ  ഒരു മുഖം കൂടി കാണാം. കൊടൈക്കനാലിലെ ഹ്രസ്വസന്ദർശനം കഴിഞ്ഞ് തിരിച്ചിറക്കം.  

കൊടൈക്കനാലിലെ ദേവദൂതൻ

‘‘ആ കൊച്ചു മ്യൂസിയത്തിലൊരു  സിനിമ ഒളിഞ്ഞിരിപ്പുണ്ട്. ദേവദൂതൻ സിനിമ കണ്ടപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ്. അങ്ങോട്ടു തിരിക്കാം.’’. ബിപിൻ ചന്ദ്രൻ പറഞ്ഞു.  തിരിച്ചുള്ള വഴിയിൽ ശെമ്പകന്നൂരിലാണ് മ്യൂസിയം. സ്റ്റഫ് ചെയ്യപ്പെട്ട നൂറുകണക്കിനു ജീവജാലങ്ങൾ, ചരിത്രത്തെ രേഖപ്പെടുത്തുന്ന മൺനിർമിതികൾ, മൃതദേഹം സംസ്കരിക്കുവാനുള്ള മുനിയറകളുടെ രൂപങ്ങൾ, ഗർഭസ്ഥശിശുവിന്റെ  അവസ്ഥാന്തരങ്ങൾ തുടങ്ങി കാഴ്ചകളുടെ കലവറയാണാ കൊച്ചുമുറി.

ഇവ കണ്ടു നടക്കവേ ചുമരിനു മുകളിൽനിന്നു സ്റ്റഫ് ചെയ്ത മൃഗത്തലകൾ നമ്മെ നോക്കിക്കൊണ്ടുനിൽക്കും. തന്റെ അച്ഛനെ കൊന്നത് ഇവനാണെന്ന് നെടുമുടിവേണു ഒരു കാട്ടുപോത്തിന്റെ തല ചൂണ്ടിക്കാണിച്ചു പറയുന്നൊരു തമാശസീനാണ് ഓർത്തത്. അച്ഛൻ വേട്ടക്കാരനായിരുന്നോ എന്ന ചോദ്യത്തിന് അല്ല, സ്ക്രൂ ഇളകി പോത്തിൻതല അച്ഛന്റെ  തലയിൽ വീണാണു മരിച്ചത് എന്ന ഉത്തരം തിയറ്ററിൽ ഏറെ ചിരി പടർത്തിയിരുന്നു. പാവാട സിനിമയിലാണ് ആ രംഗം.  അതോർത്തു ചിരിച്ചെങ്കിലും ആ മ്യൂസിയം പകരുന്ന ഗൂഢഭാവം ഒന്നുവേറെതന്നെ. 

കൊടൈയിലെ അടുത്ത പടം

മറ്റാരോ നിയന്ത്രിക്കുന്ന മനസ്സുമായി, നീലമലകളെ മൂടുന്ന മഞ്ഞു കടന്ന് മ്യൂസിയത്തിന്റെ ചുമരുകൾക്കുള്ളിലേക്കു കയറുന്നൊരു ദിനം ആ നിർജീവശിരസ്സുകളിലെ കണ്ണുകൾക്കൊരു തിളക്കം വരും. അപ്പോൾ പൈൻമരക്കാടുകളെയും മുനിയറകളെയും തലോടി ചൂളമടിച്ചെ ത്തുന്ന കാറ്റു വഴി കൊടൈക്കനാൽ തന്റെ  നിഗൂഢതയാർന്ന യഥാർഥ കഥ പറയുമായിരിക്കും.  കോട മൂടുന്ന നാടിനെ നായകനാക്കുന്ന ആ കഥ ഉള്ളിലിട്ടായിരിക്കും ബിപിൻ ചന്ദ്രന്റെ തൂലിക ഇനി ചലിക്കുക എന്ന തോന്നലോടെയാണ് സംഘം മലയിറങ്ങിയത്. 

കൊടൈക്കനാൽ റൂട്ട്

എറണാകുളം–മൂവാറ്റുപുഴ–അടിമാലി–മൂന്നാർ–മറയൂർ–പഴനി–കൊടൈക്കനാൽ 293 കിലോമീറ്റർ

എറണാകുളം– തൃശ്ശൂർ–പാലക്കാട്–പൊള്ളാച്ചി–പഴനി 289 കിലോമീറ്റർ

താമസസൗകര്യത്തിന്  9487034333 (നിഖിൽ)