നിങ്ങളിലെ യാത്രികനെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം നൽകുന്ന ഒരു കാർഷികഗ്രാമമുണ്ട്. അതിസുന്ദരമായ പാടങ്ങൾ. പട്ടുപോലുള്ള പാതകൾ. വിടർന്നു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ… സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ…  സുന്ദരപാണ്ഡ്യപുരം. പേരുപോലെ സുന്ദരമായ ഇടം. 

അപ്പോൾ യാത്ര തുടങ്ങാം. ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോടൂറിസം പദ്ധതി തുടങ്ങിയ തെൻമലയാണ് വഴിയിലെ ആദ്യ സ്ഥലം. കാടും ജലാശയവും അപൂർവ മരങ്ങളായ ചെന്തുരുണിക്കാടും കണ്ട് ഒരു ദിവസം തെൻമലയിൽതങ്ങാം. രണ്ടാം ദിവസം രാവിലെ ചുരം കയറാം. ചുരം അത്ര സാഹസികത നിറഞ്ഞതല്ല. ഒരു ചെറു ചുരം. നാം സഹ്യപർവതം കയറുന്നു. ബൈക്കേഴ്സിന് ഇഷ്ടപ്പെട്ട വഴികളാണിവ.  ചുരമിറങ്ങുമ്പോൾ മുതൽ അങ്ങുതാഴെ സമതലക്കാഴ്ചകൾ നിങ്ങളെ വരവേൽക്കും. 

തമിഴ്നാട് അതിർത്തി കടന്നാൽ നിങ്ങളുടെ വാഹനത്തിനു വേഗം കൂടാം. കൂട്ടരുത്. പാടശേഖരങ്ങളും പൂപ്പാടങ്ങളും കണ്ട് ദേശാടനക്കിളികൾ ഇരതേടി നടക്കുന്നതു പകർത്തി മെല്ലെ വാഹനമോടിക്കുക. സുന്ദരപാണ്ഡ്യപുരം ചെല്ലുന്നതിനു മുൻപ് രണ്ടു പട്ടണങ്ങളുണ്ട്. ഒന്ന് തെങ്കാശി. പേരുപോലെ തെക്കിന്റെ കാശി. അവിടെയുള്ള ക്ഷേത്രത്തിലൊന്നു കയറണം. ശിൽപഭംഗി ആസ്വദിച്ചു പട്ടണനടുവിൽ ശാന്തമായി ഇരിക്കാം. 

പോകുന്ന വഴിയിലെ ആദ്യ ചെറുപട്ടണമാണു ചെങ്കോട്ട. കാഴ്ചകൾ അധികമില്ലെങ്കിലും ഹോട്ടൽ റഹ്മത്തിൽനിന്നു വാഴയിലയിൽ ചൊരിഞ്ഞിട്ടുതരുന്ന ഇളം ചിക്കനും വട്ടപ്പൊറോട്ടയും ആവോളം രുചിച്ച് തിരിച്ചുസുന്ദരപാണ്ഡ്യപുരത്തേക്കു തന്നെ മടങ്ങാം. 

സുന്ദരപാണ്ഡ്യപുരം ഒരു ചെറുഗ്രാമമാണ്. അന്യൻ സിനിമയിലെ റണ്ടക്കപ്പാറ ഓർക്കുന്നുണ്ടോ… ഒരു പാറയിൽ ശിവാജിഗണേശനും കമലഹാസനും രജനീകാന്തുംചിത്രങ്ങളായി വാഴുന്ന പാറയ്ക്കരുകിൽ വിക്രത്തിന്റെ നൃത്തം ഓർമയില്ലേ…. അതു സുന്ദരപാണ്ഡ്യപുരത്തേക്കുള്ള വഴിയിലാണ്. വണ്ടിനിർത്തിയിറങ്ങുമ്പോൾ ഉള്ളിക്കൂമ്പാരങ്ങളുമായി കച്ചവടക്കാർ ഇരിക്കുന്നുണ്ടാകും ആ പാടവക്കിൽ. വയലേലകളുംഅങ്ങുദൂരെ നീല സഹ്യപർവതവും ആണു മറ്റു കാഴ്ചകൾ. റോഡിനപ്പുറം ഒരു ജലാശയം. യഥേഷ്ടം പക്ഷികളെ കാണാം. 

അവിടെ സമയം ചെലവിട്ട് വീണ്ടും മുന്നോട്ട്

സുന്ദരപാണ്ഡ്യപുരം അങ്ങാടിയിലെത്തി ഒരു ചെറുചായ കുടിക്കാം. അഗ്രഹാരങ്ങളും സാധാരണ വീടുകളും ഉൾപ്പെട്ട ഗ്രാമമാണിത്.ചുറ്റിനും കൃഷിയിടങ്ങൾ. സീസൺ ആണെങ്കിൽ സൂര്യകാന്തിച്ചെടികൾ പൂക്കളാൽ നിങ്ങളെമാടിവിളിക്കും.  കേരളത്തിലേക്കുള്ള പച്ചക്കറികൾ, പ്രധാനമായും ഉള്ളി സുന്ദരപാണ്ഡ്യപുരത്തിന്റെ മണ്ണിലാണു വിളയുന്നത്. അതുകൊണ്ടുതന്നെ കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെയുള്ള ചെറുപാതകളിലേക്കു വണ്ടിയോടിച്ചാൽ ഉള്ളി വിളവെടുക്കുന്നതും ചാക്കിലാക്കുന്നതും ആ തൊഴിലാളികളെല്ലാംഇരുന്നു കഥ പറയുന്നതും കാണാം. മരവേരുകൾക്കിടയിലെ പച്ചത്തുമാടൻ എന്ന ദൈവം അതിനെല്ലാം മൂകസാക്ഷിയായി ഇരിപ്പുണ്ടാകും. 

അന്യൻ സിനിമയിലെ പാട്ടിലെ ചില സീനുകൾ അഗ്രഹാരത്തെരുവിലാണു ഷൂട്ട് ചെയ്തതത്. അങ്ങാടിയിൽനിന്നു കുറച്ചുദൂരമേ അഗ്രഹാരത്തിലേക്കുള്ളൂ.  പഴമ ഇവിടെ വീടുകളായി നിൽപ്പുണ്ട്. പാത മിക്കവാറും വിജനമായിരിക്കും.സൂര്യകാന്തിപ്പാടങ്ങൾക്കിടയിലൂടെ വണ്ടിയോടിച്ചു തിരിച്ചുവരുമ്പോൾ മുളകൊണ്ടു പാത്രങ്ങളും മറ്റും നിർമിക്കുന്നവരെ കാണാം. എങ്ങും ഗ്രാമീണത മാത്രം നൽകുന്ന  സുന്ദരപാണ്ഡ്യപുരം യാത്രികരെ ആകർഷിക്കും. 

റൂട്ട്

എറണാകുളം-  കോട്ടയം-അടൂർ-തെൻമല 175 km

തെൻമല- ചെങ്കോട്ട- തെങ്കാശി-സുന്ദരപാണ്ഡ്യപുരം 46 km

ബസ്സ് സർവീസ്

പുനലൂരിൽനിന്നു തെങ്കാശിയിലേക്കു കെഎസ്ആർടിസി സർവീസ് ഉണ്ട്.

താമസം

തെങ്കാശിയിൽ നല്ല ഹോട്ടലുകളുണ്ട്. സുന്ദരപാണ്ഡ്യപുരത്തു താമസിക്കുവാൻ അത്ര സൗകര്യങ്ങളില്ല.

യാത്രയ്ക്ക് എത്ര ദിവസം വേണ്ടി വരും

സുന്ദപാണ്ഡ്യപുരം മാത്രം കണ്ടു വരാൻ- അതിരാവിലെ പുറപ്പെട്ടാൽ രാത്രി തിരിച്ചുവരാം. 

എന്നാൽ തെൻമലയിലെ ഇക്കോടൂറിസം സെന്റർ, കുറ്റാലം വെള്ളച്ചാട്ടങ്ങൾ എന്നിവ കണ്ടാസ്വദിച്ചു യാത്രചെയ്യണമെങ്കിൽ രണ്ടു ദിവസമെടുക്കും.

െട്രയിൻ സർവീസ്

എറണാകുളത്തുനിന്ന് പാലരുവി എക്സ്പ്രസ്സിനു കയറിയാൽ (രാത്രി ഏഴുമണിക്ക്)  പുലർച്ചെ നാലുമണിക്ക് തെങ്കാശി ജങ്ഷനിലെത്താം. ട്രയിൻ നമ്പർ-16792