യാത്രകളെ പ്രണയിക്കുന്ന മിക്കവരും കാത്തിരിക്കുന്നത് അവധിക്കാലമാണ്. തിരക്കുകളൊക്കെയും മാറ്റിവച്ച് കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് കുട്ടികളടക്കം എല്ലാവരും. ഒാണാവധിയിൽ പോകേണ്ട സ്ഥലങ്ങളും കാണേണ്ട കാഴ്ചകളുടെയും എന്തൊക്കെയെന്ന സംശയങ്ങളുമുണ്ട്.  ഇത്തവണത്തെ ഒാണയാത്ര ബീച്ചുകളിലേക്കാക്കിയാലോ? അവധിക്കാലം അടിച്ചുപൊളിക്കാൻ ഇൗ ബീച്ചുകൾ മികച്ച ചോയിസാണ്.

പാരഡൈസ് ബീച്ച്

പേര് പോലെ തന്നെ സ്വർഗസമാനമായ കടൽ തീരമാണിത്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഈ പേര് ഈ തീരത്തിന് യോജിക്കുന്നത്, ഒന്നാമതായി ഈ ബീച്ചിന്റെ ഭംഗിയും വൃത്തിയും. രണ്ടാമത് പോണ്ടിച്ചേരിയുമായി ഇതിനെ ബന്ധിപ്പിക്കുന്ന ബോട്ട് ഗതാഗതം. പോണ്ടിച്ചേരിയിൽ നിന്നും ഒരു ബസ് പിടിച്ചാൽ നേരെ പാരഡൈസ് ബീച്ചിലെ ബോട്ട് ജെട്ടിക്കടുത്ത് ഇറങ്ങാം. പ്രധാന നഗരത്തിൽ നിന്നും ഏഴു കിലോമീറ്റർ അകലമുണ്ട് ഈ ബീച്ചിലേക്ക്. കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളമാണ് പാരഡൈസ് ബീച്ചിന്റെ സവിശേഷത. കുടുംബമായി പോകാനും കൂട്ടുകാരൊത്ത് ചിൽ ചെയ്യാനും അനുയോജ്യമാണ് ഈ ബീച്ച്.

കോവളം ബീച്ച് , കേരളം

ലോകവിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ബീച്ച്. കേരളത്തിന്റെ സ്വന്തം മനോഹാരിതകൾ മുഴുവൻ പേറുന്ന ബീച്ചാണ് കോവളം. ആയുർവേദവും പച്ചപ്പും ഒന്നിച്ചു നൽകുന്ന അപൂർവ്വ സവിശേഷത ഈ ബീച്ചിനുണ്ട്. ഏതാണ്ട് ഉച്ചയോടെ ഉണരുന്ന ബീച്ച് വൈകുന്നേരത്തോടെ സജീവമാകും. വിദേശികളാണ് കൂടുതലായും ഇവിടെയെത്തുന്നത്.  സൺബാത്തിനെത്തുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഹവ്വാ ബീച്ചാണ് കോവളത്തെ ബീച്ചുകളിൽ പ്രശസ്തം. തിരുവനന്തപുരം നഗരത്തിൽ നിന്നു പതിനാറു കിലോമീറ്റർ അകലെയാണ് കോവളം ബീച്ച്.

രാധാനഗർ ബീച്ച്, ആൻഡമാൻ ആൻഡ് നിക്കോബാർ

ഏഷ്യയിലെ ഏറ്റവും മനോഹരമായ ഏഴു ബീച്ചുകളിൽ ഒന്നാണ് രാധാനഗർ ബീച്ച്. നീല കടലും വെള്ള മണൽപ്പരപ്പും ഈ തീരത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. പ്രകൃതി മനോഹരമായ ഇടത്താണ് രാധാനഗർ ബീച്ച്. ഇവിടുത്തെ സൂര്യാസ്തമനം അതീവഹൃദ്യവുമാണ്. പോർട്ട് ബ്ലെയറിൽ നിന്നും സീപ്ളെയിൻ വഴി രാധാബീച്ചിൽ എത്താം. ബോട്ട് സർവ്വീസും ഇവിടെയുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ്, ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

കണ്ണമാലി

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിൽ മുട്ടിനു മുട്ടിന് കടലോരമുണ്ട്. പ്രസിദ്ധമായ ഫോർട്ടുകൊച്ചി മുതൽ മുനന്പം വരെ കൊച്ചുകൊച്ചു കടലോരങ്ങൾ ഉണ്ടെങ്കിലും കൊച്ചിയിലെ അധികമാരും അറിയൊത്തൊരു ബീച്ചാണ് കണ്ണമാലിയിലേത്. കൊച്ചിയിലെ ഡ്രൈവ് ഇൻ ബീച്ച് ആണ് കണ്ണമാലി. അധികം ദൂരമില്ലെങ്കിലും വണ്ടിയിറക്കി ഒന്നോടിക്കാം. ഏകദേശം  നൂറുമീറ്റർ ദൂരത്തിൽ കടൽ ഉള്ളിലേക്കു കയറിക്കിടക്കുന്ന കണ്ണമാലിയിൽ കൊച്ചുകുട്ടികൾക്കടക്കം ധൈര്യമായി കുളിക്കാം. 

അടുത്തുള്ള പട്ടണം- തോപ്പുംപടി

അടുത്തുള്ള റയിൽവേ സ്റ്റേഷൻ- എറണാകുളം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടലോരം മാത്രമേ ഉറച്ചതുള്ളൂ. അങ്ങോട്ടുള്ള വഴി പൂഴി നിറഞ്ഞതാണ്. വണ്ടിയിറക്കുമ്പോൾ ഇതു കണക്കിലെടുക്കണം. ഒന്നു നടന്നു നോക്കി ആഴം കണക്കാക്കിയിട്ടുവേണം വാഹനം വെള്ളത്തിലിറങ്ങാൻ.  കുറച്ചുദൂരം കഴിഞ്ഞാൽ പെട്ടെന്ന് ആഴം കൂടുന്ന കടലാണിവിടെ. 

മൊബർ ബീച്ച്, ഗോവ

ഗോവയിൽ നിന്നും മുപ്പതു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ബീച്ചാണിത്. ഗോവയിലെ ഹോളിഡേ ബീച്ചുകളിൽ മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

ഇവിടെ പക്ഷി നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗോവയുടെ തെക്കുഭാഗത്തായി ഉള്ള മൊബർ ബീച്ച് ഇവിടുത്തെ എയർപോർട്ടിൽ നിന്നും നാൽപ്പതു കിലോമീറ്റർ അകലെയാണ്. 600 / 750 രൂപ കൊടുത്താൽ ഇവിടേയ്ക്ക് പ്രീ പെയ്ഡ് ടാക്സി സൗകര്യവും ലഭിക്കും. പതിനേഴ് കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഉള്ളത്. ഗോവയുടെ പൊതുറോഡ് ഗതാഗതവും സൗകര്യമായി ലഭിക്കും.

പാലോലെം ബീച്ച്, ഗോവ

ഗോവയിലെ നിരവധി ബീച്ചുകളിൽ ഒന്ന്, പക്ഷേ വൃത്തിയുള്ളതും മനോഹരവുമായ ബീച്ച്. രാജ്യാന്തരതലത്തിൽ പോലും ഇവിടുത്തെ വൃത്തിയും മനോഹാരിതയും അംഗീകരിക്കപ്പെട്ടതാണ്.

സൗത്ത് ഗോവയിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയാണിത്. നിരവധി മത്സ്യബന്ധന തൊഴിലാളികളും ഉള്ള ബീച്ചാണിത്. പാറക്കൂട്ടങ്ങളുടെ ദൃശ്യം ഈ ബീച്ചിൽ നിന്ന് നോക്കുമ്പോൾ വളരെ മനോഹരമാണ്. ദബോലിം ആണ് ഏറ്റവും അടുത്തുള്ള (67 km) എയർപോർട്ട്. മഡ്‌ഗാവോൺ റെയിൽവേ സ്റ്റേഷനും മുപ്പതു മിനുട്ട് അടുത്തായുണ്ട്.