മലയാളിക്ക് ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളില്‍ ഒന്നാണ് തോവാളയിലെ പൂക്കള്‍. ഓണപ്പൂക്കളം ഒരുങ്ങണമെങ്കില്‍ പൂക്കള്‍ അങ്ങ് തോവാളയില്‍ നിന്നും എത്തണം. കാലങ്ങളായി കേരളവും തമിഴ്‌നാടും കാത്തുസൂക്ഷിക്കുന്നൊരു പൂപ്പാതയാണത്. സില്‍ക്ക് റൂട്ട് പോലെയൊരു ഫ്‌ളവര്‍ റൂട്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ തോവാളക്കാര്‍ക്ക് ഓണം എന്നത് പൂക്കള്‍വിറ്റ്  അവരുടെ ഒരു വര്‍ഷത്തേയ്ക്കുള്ള ഉപജീവനമാര്‍ഗ്ഗം തേടലാണ്. 

പൂക്കളുടെ സ്വന്തം നാടായ തോവാളയിലേയ്ക്ക് പോകാം ഇത്തവണത്തെ ഓണാവധിക്ക്. പൂക്കള്‍ കൊണ്ട് മനോഹരകളങ്ങള്‍  ഒരുക്കുമ്പോള്‍ അവ നമുക്ക് നല്‍കുന്ന ആ നാടിനെക്കുറിച്ച്ക്കൂടി ഒന്നറിയണ്ടേ. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ് തോവാള. എന്നാല്‍ തോവാളയെ പ്രശസ്തമാക്കുന്നത് അവിടുത്തെ പൂക്കളുടെ കൃഷിയാണ്. ഈ നാട്ടിലെത്തിയാല്‍ എവിടെ നോക്കിയാലും പൂക്കളാണ് പാടത്തും വരമ്പത്തും വീടിന്റെ മുറ്റത്തുവരെ പൂത്തുലഞ്ഞുനില്‍ക്കുന്ന ജമന്തിയും പിച്ചിയും മുല്ലയുമെല്ലാം കാണാം. ഈ ഗ്രാമത്തിലെ ആബാലവൃദ്ധജനങ്ങളും പൂക്കളുടെ വ്യവസായത്തില്‍ പങ്കാളികളാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

തോവാളയുടെ കേരളബന്ധം 

പഴയ തിരുവിതാംകൂറിലെ ഭാഗമായിരുന്നു ഈ പൂക്കളുടെ ഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമാണ് ആരുവായ് മൊഴി. പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തിയായ ഈ ചുരത്തിലാണ് തോവാള സ്ഥിതിചെയ്യുന്നത്. നാഗര്‍കോവിലില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ പൂക്കള്‍കൊണ്ട് നിറഞ്ഞ തോവാള ഗ്രാമത്തിലെത്താം. ഒരു കാലം വരെ ഇവിടെ പൂകൃഷി നടത്താന്‍ കര്‍ഷകരെ സഹായിച്ചിരുന്നത് തിരുവിതാംകൂര്‍ രാജവംശമായിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള പൂക്കള്‍ തോവാളയില്‍ നിന്നുമാണ് എത്തിക്കുന്നത്. 

നാഗര്‍കോവില്‍,തിരുനെല്ലി ഹൈവേയുടെ എരുവശത്തും ഉള്ള പ്രദേശങ്ങളില്‍ വലുതും ചെറുതുമായ പല വര്‍ണ്ണങ്ങളിലുള്ള പൂപാടങ്ങള്‍ ആരേയും ആകര്‍ഷിക്കും. എന്നാൽ  മറ്റൊരു കാഴ്ച്ച കൂടിയുണ്ട് തോവാളയില്‍. ഈ പൂപ്പാടങ്ങള്‍ക്ക്  നടുവിലായി നോക്കെത്താദൂരങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കാറ്റാടികള്‍. വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന പൂക്കള്‍ക്ക് ഇടയിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാറ്റാടികള്‍ കാണുന്നത് തന്നെ വേറൊരു അനുഭവമാണ്. കാറ്റുകൊണ്ടുള്ള വൈദുതി ഉത്പാദനത്തില്‍ ഏഷ്യയിലെ ഒന്നാമതാണ് തോവാള. 

പുലര്‍ച്ചെ 2 മണിയ്ക്ക് ആരംഭിക്കുന്ന ചന്തയിലേയ്ക്ക് ഉള്ള പോക്കും മറക്കാനാവാത്ത അനുഭവം നിങ്ങള്‍ക്ക് നല്‍കും. എങ്ങും പലവര്‍ണ്ണങ്ങളിലെ പൂവുകളുടെ കുന്നുകളായിരിക്കും നിങ്ങള്‍ക്ക് സ്വാഗതം അരുളുക. പൂവാങ്ങാന്‍ വന്നവരുടെ തിരക്കായിരിക്കും അത്ര രാവിലെ പോലും ചന്തയില്‍. തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്കും ഇവിടെ നിന്നും പൂക്കള്‍ കയറ്റി അയയ്ക്കുന്നുണ്ട്. 

ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ അവധി ആഘോഷിക്കാന്‍ തോവാളയെന്ന പൂക്കളുടെ കലവറയിലേയ്ക്ക് ഒരു സ്‌പെഷ്യല്‍ ട്രിപ്പ് പോകാം