മണ്‍സൂണ്‍ തുടങ്ങി. ഇനിയിപ്പോള്‍ മഴക്കാല യാത്രകളുടെ സമയമാണ്. തുള്ളിക്കൊരു കുടം കണക്കില്‍ നിറഞ്ഞു പെയ്യുന്ന മഴയത്ത് കുട ചൂടാതെ കാടും മലയും കയറി നനഞ്ഞു നടക്കാന്‍ 'ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി' എന്നറിയപ്പെടുന്ന അഗുംബെയേക്കാള്‍ പറ്റിയ സ്ഥലം വേറെയില്ല.കർണാടകയിലെ മൽനാട് മേഖലയില്‍ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലാണ് അഗുംബെ എന്ന കൊച്ചുഗ്രാമം. സോമേശ്വര ഘട്ടിന്‍റെ മുകൾ ഭാഗത്തുള്ള പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ആഗുംബെ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും നദികളും വന്യജീവികളും നിറഞ്ഞ ജൈവസമൃദ്ധി വഴിഞ്ഞൊഴുകുന്ന പ്രദേശമാണ്. 

ഇവിടത്തെ മറ്റൊരു പ്രധാന പ്രത്യേകതയാണ് രാജവെമ്പാലകളുടെ സാന്നിധ്യം. ലോകത്തെ വിഷപ്പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ ഇനമായ ഇവ വേനല്‍ക്കാലത്താണ് കൂടുതല്‍ ഊര്‍ജ്ജസ്വലരാവുക. ഇണ തേടി പുറത്തിറങ്ങുന്ന പാമ്പുകളുടെ ഈ രാജാവിനെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ത്തന്നെ നേര്‍ക്കു നേര്‍ കാണാനാവുക എന്നത് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു അപൂര്‍വ്വ ഭാഗ്യമാണ്. 

പാമ്പുകള്‍ക്ക് വേണ്ടി ഒരു ഗവേഷണ കേന്ദ്രം

വെറും അഞ്ഞൂറു പേര്‍ മാത്രമാണ് അഗുംബെയില്‍ വസിക്കുന്നത്. വനവിഭവങ്ങളെയും കൃഷിയെയും ആശ്രയിച്ചാണ്‌ ഇവരുടെ ജീവിതം. ജന്തുജാലങ്ങളെ മനുഷ്യര്‍ക്ക് സമാനമായി കണ്ടു പെരുമാറുന്ന ജനവിഭാഗമാണ്‌ ഇവിടുത്തെ ഗ്രാമീണര്‍. 1971-ല്‍ ഇവിടെയെത്തിയ ഇന്ത്യന്‍ പാമ്പു ഗവേഷകനാണ് ഇവിടെ ആദ്യമായി രാജവെമ്പാലകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 2005-ല്‍ പാമ്പുകളെക്കുറിച്ചുള്ള പഠനത്തിനായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍(ARRS) സ്ഥാപിക്കപ്പെട്ടു.

മഴക്കാടുകളുടെ പരിസ്ഥിതി, ബിഹേവിയറൽ ആൻഡ് പോപ്പുലേഷൻ ഇക്കോളജി, ഫിനോളജി, ജിയോ ഇൻഫോർമാറ്റിക്സ്, സോഷ്യൽ ഇക്കണോമിക്സ് എന്നിങ്ങനെ അനവധി വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് ഇത് ഇന്ന്. ഫീല്‍ഡ് റിസര്‍ച്ച് നടത്താന്‍ താല്പര്യം ഉള്ളവര്‍ക്കായി ഇന്റേണ്‍ഷിപ്പ് പോലെയുള്ള പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.

വനത്തിന്‍റെയും വന്യജീവികളുടെയും സുരക്ഷയ്ക്ക് ഒരു തരി പോലും പോറലേല്‍ക്കാതെയാണ് ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം.

വെള്ളച്ചാട്ടങ്ങളും അസ്തമയക്കാഴ്ചയും

അഗുംബെയില്‍ സഞ്ചാരികള്‍ക്കായി ഒട്ടനവധി മനോഹരമായ കാഴ്ചകളും അനുഭവങ്ങളും കാത്തു വച്ചിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ കയറി അങ്ങകലെ അറബിക്കടലില്‍ സൂര്യന്‍ അസ്തമിക്കുന്ന കാഴ്ച ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ബര്‍കാനയും ഒനാകെ അബ്ബി, ജോഗിഗുണ്ടി, കൂടലു തീര്‍ത്ഥ വെള്ളച്ചാട്ടങ്ങളും അതിമനോഹരങ്ങളാണ്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ 108 പടികളും കാണേണ്ട കാഴ്ചയാണ്. 

ഇവ കൂടാതെ കുന്ദാദ്രി, കുടജാദ്രി മലകളും അടുത്തു തന്നെയുള്ള സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങളാണ്.

എങ്ങനെ എത്താം?

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് പ്രത്യേക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ അഗുംബെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. 95 കിലോമീറ്റർ അകലെയുള്ള മംഗളൂരു വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാവട്ടെ, 50 കിലോമീറ്റർ അകലെയുള്ള ഉഡുപ്പി റെയിൽ‌വേ സ്റ്റേഷനാണ്.