ലഡാക്കിലെ ഹിമാലയൻ പ്രദേശത്തുള്ള അതിമനോഹരമായ ഒരു ഗ്രാമമാണ് അല്‍ച്ചി. ഗോമ്പകള്‍ക്കും ബുദ്ധവിഹാരങ്ങള്‍ക്കും പേരു കേട്ട അല്‍ച്ചി സിന്ധുനദിയുടെ കരയിലായി സമുദ്രനിരപ്പിൽ നിന്ന് 3,500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ലഡാക്കിലേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത സ്വര്‍ഗ്ഗതുല്യമായ ഒരിടമാണ് അല്‍ച്ചി.

അദ്ഭുതകരമായ അതിജീവനം

ഒരുകാലത്ത് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള വാണിജ്യ-സാംസ്കാരിക കൈമാറ്റങ്ങള്‍ക്ക് സഹായിച്ചിരുന്ന ഒരു പ്രധാന പാതയായിരുന്നു അല്‍ച്ചിയെന്ന് പറയപ്പെടുന്നു. ഇസ്ലാമിക അധിനിവേശക്കാര്‍ ഇവിടത്തെ ബുദ്ധ സ്മാരകങ്ങളും മൊണാസ്ട്രികളും ഇല്ലാതാക്കുന്നതിനായി ഈ പ്രദേശത്ത് നാശം വിതച്ചു. എന്നാല്‍ വിദേശ ആക്രമണകാരികൾ എത്ര ശ്രമിച്ചിട്ടും അല്‍ച്ചി എങ്ങനെയോ രക്ഷപ്പെട്ടു. ഇന്നും, നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിംഗുകളും ചുവർച്ചിത്രങ്ങളും അൽച്ചിയിലെ മൊണാസ്ട്രികളില്‍ കാണാം.

കലയും കരവിരുതും വഴിഞ്ഞൊഴുകുന്ന അൽച്ചി മൊണാസ്ട്രി

ലേയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള അൽച്ചി മൊണാസ്ട്രിയാണ് ഇവിടെയുള്ള ഏറ്റവും പ്രസിദ്ധമായ ഒരു ഇടം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചുവർച്ചിത്രങ്ങളും പെയിന്റിംഗുകളുമാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. ആപ്രിക്കോട്ട് മരങ്ങള്‍ നിറഞ്ഞ ഈ പ്രദേശം അങ്ങേയറ്റം മനോഹരമാണ്. 

മൊണാസ്ട്രി സമുച്ചയത്തെ മൂന്ന് പ്രധാന ആരാധനാലയങ്ങളായി തിരിച്ചിരിക്കുന്നു. ദുഖാങ് (അസംബ്ലി ഹാൾ), സുംത്സെക്, മഞ്ജുശ്രീ ക്ഷേത്രം എന്നിങ്ങനെയാണത്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിക്കപ്പെട്ടവയാണിവയെന്ന് പറയപ്പെടുന്നു. കൂടാതെ 'ലോത്സഭ ലഖാംഗ്', 'ലഖാംഗ് സോമ' എന്നിങ്ങനെ മറ്റു രണ്ടു ക്ഷേത്രങ്ങള്‍ കൂടി ഇതിനുള്ളിലുണ്ട്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള വിശിഷ്ടമായ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

അക്കാലത്തെ ബുദ്ധ-ഹിന്ദു രാജാക്കന്മാരുടെ കലാപരവും ആത്മീയവുമായ വിശദാംശങ്ങൾ ഈ സമുച്ചയത്തിലെ ചുമർചിത്രങ്ങളിൽ പ്രതിഫലിക്കുന്നതായി കാണാം. ലഡാക്കിലെ ഇന്നവശേഷിക്കുന്നവയില്‍ ഏറ്റവും പുരാതനമായ ചിത്രപ്പണികളില്‍ ഒന്നാണിവ. കൂടാതെ, ബുദ്ധ, ബറോക്ക് ശൈലിയിലുള്ള ഭംഗിയുള്ള മരം കൊത്തുപണികളും കലാസൃഷ്ടികളും ഈ സമുച്ചയത്തിലുണ്ട്. ടിബറ്റൻ, കശ്മീരി ശൈലികളുടെ ബുദ്ധിപരമായ സമന്വയമാണ് ഈ ചെറു മൊണാസ്ട്രി സമുച്ചയത്തെ അഴകുറ്റതാക്കുന്നത്.

ലഡാക്കിനെ അറിയാന്‍ ഹെമിസ് മഹോത്സവം

ലഡാക്കിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നത് ജൂണില്‍ ആണെങ്കില്‍ മറ്റൊരു ഗുണം കൂടിയുണ്ട്. എല്ലാ വർഷവും ജൂണിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമായ ഹെമിസ് ഫെസ്റ്റിവലിൽ പങ്കെടുക്കാം. ലഡാക്കി സംസ്കാരത്തിന്‍റെയും വിവിധ പാരമ്പര്യങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ആകർഷകമായ ഈ ഉത്സവം. ലഡാക്കിനെ കൂടുതല്‍ അടുത്തറിയാന്‍ ഇത് സഹായിക്കും.

എങ്ങനെ എത്താം?

ലേ ആണ് അൽച്ചിയിൽ നിന്നും ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ബസ്സിലോ ടാക്സിയിലോ അല്‍ച്ചിയിലേക്കെത്താം. ഡൽഹി, ചണ്ഡിഗഡ്, ജമ്മു, ശ്രീനഗർ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ലേയിലേക്ക് വിമാന സര്‍വീസുകള്‍ ലഭ്യമാണ്.

English Summary: peaceful village named alchi in ladakh