'ദക്ഷിണ കൈലാസം' എന്നാണ് കോയമ്പത്തൂരിലെ വെള്ളിയാങ്കിരി മലനിരകളെ വിളിക്കുന്ന മറ്റൊരു പേര്. ഏഴു മടക്കുകളായി കിടക്കുന്ന ഈ മലനിരകള്‍ ട്രെക്കിങ് പ്രേമികള്‍ക്ക് ഒന്നു പരീക്ഷിക്കാവുന്ന ഇടമാണ്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം ആറായിരം അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിലെ നീലഗിരി സംരക്ഷിത വനപ്രദേശത്തിന്‍റെ ഭാഗമാണ്. 

ഏഴു മലകള്‍ കയറിച്ചെന്നാല്‍ ശിവന്‍ സ്വയംഭൂവായി അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കൊടുമുടിയാണ്. തമിഴ്നാട്ടുകാര്‍ ഈ മലനിരകളെ 'തെങ്കൈലായം' എന്ന് വിളിക്കാന്‍ കാരണം ഇതാണ്. ഇവിടെ ക്ഷേത്രത്തിന്‍റെ ആകൃതിയില്‍ മൂന്നു വലിയ പാറകള്‍ കാണാം. ഇതിനുള്ളിലെ ശിവലിംഗം കണ്ടു തൊഴാനെത്തുന്നവര്‍ നിരവധിയാണ്.അത്ര എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇടമല്ല ഈ ശിവക്ഷേത്രം. ഋഷിമാരും സിദ്ധന്‍മാരും ധ്യാനിക്കാന്‍ തെരഞ്ഞെടുക്കുന്ന ഇടമാണ് ഇവിടം. കാടും കാറ്റും മഴയും പാറകളും ചെങ്കുത്തായ വഴിയുമെല്ലാമായി കഠിനമാണ് ഈ യാത്ര. ഇടയ്ക്കുള്ള മുളങ്കാടുകളില്‍ ആനയും മറ്റു മൃഗങ്ങളുമുണ്ടാവും എന്നതിനാല്‍ വളരെ സൂക്ഷിച്ചു വേണം മല കയറാന്‍. 12- നും 45- നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല. 

പാര്‍വതീദേവിയുടെ അപേക്ഷ പ്രകാരം ശിവന്‍ നൃത്തം ചെയ്ത ഇടമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ വര്‍ഷവും ശിവരാത്രി ഇവിടെ ആഘോഷത്തോടെ കൊണ്ടാടുന്നു.ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ഓടുന്നുണ്ട്. പ്രശസ്തമായ ആദിയോഗി ക്ഷേത്രത്തിനടുത്താണ് ആദ്യം എത്തുക. ഇവിടെ നിന്നും മലയുടെ ചുവട്ടിലേക്ക് ഷെയര്‍ ഓട്ടോ  ആളൊന്നിന് 30 രൂപ നിരക്കില്‍ ലഭ്യമാണ്. ഓട്ടോ ഇറങ്ങിയ ഉടന്‍ തന്നെ വെള്ളവും അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങളും വാങ്ങി ബാഗില്‍ കരുതാന്‍ മറക്കരുത്.

ശിവനെ കണ്ടു തൊഴാനാണ് പോകുന്നതെങ്കില്‍ നഗ്നപാദരായി മാത്രമേ മല കയറാന്‍ പാടുള്ളൂ. അതിനാല്‍ രാത്രി സമയം തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. ട്രെക്കിംഗ് മാത്രമാണ് ലക്ഷ്യമെങ്കില്‍ ചെരിപ്പുകള്‍ ഉപയോഗിക്കാം.കുടിവെള്ളത്തിന്‍റെ ബോട്ടില്‍ അല്ലാതെ മറ്റു പ്ലാസ്റ്റിക് വസ്തുക്കള്‍ യാത്രാ സമയത്ത് കയ്യില്‍ കരുതാന്‍ പാടില്ല. മുകളിലേക്ക് കയറും മുന്നേ ഇത്തരം കാര്യങ്ങള്‍ ചെക്ക് ചെയ്യാനായി ഗാര്‍ഡുമാരുണ്ട്. അത്യാവശ്യത്തിന് വേണ്ട പേപ്പര്‍ ബാഗുകള്‍ ഇവര്‍ തരും. ഒരു ടോര്‍ച്ചു കൂടി കരുതുന്നത് വഴിയില്‍ ഉപകാരപ്പെടും.

താഴെ നിന്നും ഒരു മുളവടി വാങ്ങി കയ്യില്‍ കരുതുന്നത് യാത്ര കൂടുതല്‍ എളുപ്പമാക്കും. മലയിറങ്ങുമ്പോള്‍ തട്ടി വീഴാതിരിക്കാന്‍ ഇത് സഹായിക്കും. 20 രൂപയ്ക്ക് താഴെ നിന്നും വടി വാങ്ങാന്‍ കിട്ടും.ഏഴു മലകളില്‍ ആദ്യത്തെ മല താണ്ടാനായി നിർത്താതെ ട്രെക്ക് ചെയ്താൽ 30–45 മിനിറ്റ് സമയമെടുക്കും. ഏറ്റവും കഠിനമായ യാത്രയാണ് ആദ്യത്തെ മലകയറ്റം. ഇത് കയറി മുകളിലെത്തിയാല്‍ ഭക്ഷണശാലകളും പാനീയങ്ങളും വിൽക്കുന്ന കടകൾ കാണാം. അഞ്ചാമത്തെ മലനിരകള്‍ വരെ ഓരോ കയറ്റത്തിനു ശേഷവും ഇങ്ങനെ കടകളുണ്ട്.

രണ്ടാമത്തെയും മൂന്നാമത്തെയും കുന്നുകള്‍ കയറുന്നത് ആദ്യത്തേതിനെ അപേക്ഷിച്ച് എളുപ്പമാണ്. ഒരു 45–60 മിനിട്ടുകള്‍ക്കകം ഇവ കയറിത്തീര്‍ക്കാം. നാലും അഞ്ചും മലകള്‍ സമതലങ്ങളാണ്. ഇവ താണ്ടാനും അത്ര തന്നെ സമയമെടുക്കും.ഇറക്കവും കയറ്റവുമൊക്കെയായി ആറാം മലയും ഏഴാം മലയും  അല്‍പ്പം കഠിനമാണ്. എന്നാല്‍ ഇത്രയും ദൂരം കയറി വന്നതിനു ശേഷം അല്‍പ്പം കൂടി കയറിയാല്‍ മതിയല്ലോ എന്ന ചിന്ത ആവേശമുണര്‍ത്തും. ആറാം മല കയറാന്‍ തുടങ്ങിയാല്‍ ഒരു മണിക്കൂറിനകം ഏറ്റവും മുകളിലെത്തും.

അങ്ങനെ കയറിക്കയറി മുകളിലെത്തിയാല്‍ ലോകം കീഴടക്കിയ പ്രതീതിയാണ്. വിശ്വാസികള്‍ക്ക് തൊഴാം. അല്ലാത്തവര്‍ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിച്ച് വിശ്രമിച്ച ശേഷം തിരിച്ചിറങ്ങിപ്പോരാം.

English Summary : velliangiri hills trekking