കോവിഡ് പകര്‍ന്നത് വവ്വാലുകളില്‍ നിന്നാണോ അല്ലയോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് ലോകമെങ്ങും. എന്നാല്‍ ഈ വാദത്തെ കണ്ണടച്ച് തള്ളിക്കളയുന്ന ഒരു കൂട്ടരുണ്ട്, നമ്മുടെ രാജ്യത്ത്. ഒഡിഷയിലെ ജയ്പൂര്‍ ജില്ലയില്‍പ്പെട്ട കാബാതബന്ധ ഗ്രാമവാസികള്‍ക്ക് വവ്വാല്‍ എന്നാല്‍ കണ്‍കണ്ട ദൈവമാണ്! കൊറോണ വൈറസിന്‍റെ ഉത്ഭവം ചിറകുള്ള സസ്തനികളില്‍ നിന്നാണ് എന്നുള്ള തരം വാദങ്ങള്‍ നിലനില്‍ക്കുമ്പോഴും വവ്വാലുകളെ സംരക്ഷിക്കുന്നത് തുടരുകയാണ് ഗ്രാമീണര്‍.

ധർമശാല ബ്ലോക്കിന് കീഴിലുള്ള നദീതീര ഗ്രാമമായ കബാതബന്ധയില്‍ ആയിരക്കണക്കിന് വവ്വാലുകളെ ഭക്ഷണവും സംരക്ഷണവും നൽകി സംരക്ഷിച്ചിരിക്കുന്നത് കാണാം. കബാതബന്ധയിലെ ബൈതരണി നദിയുടെ തീരത്തുള്ള രണ്ട് അശോകമരങ്ങളുടെയും രണ്ട് ആൽമരങ്ങളുടെയും ശാഖകളിലാണ് ഈ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്നത്. ഗ്രാമത്തിന്‍റെ ഒത്ത നടുക്കുള്ള ഒരു ശിവക്ഷേത്രത്തിനടുത്താണ് ഈ കാഴ്ച. ഇവിടെ മൊത്തം ഏകദേശം 4,000 വവ്വാലുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. വലിയ മരങ്ങളുടെ കൊമ്പുകളിൽ നിന്ന് കറുത്ത കുടകള്‍ കണക്കെ വവ്വാലുകൾ തൂങ്ങിക്കിടക്കുന്ന ആ അപൂര്‍വ കാഴ്ച കാണാന്‍ വേണ്ടി മാത്രം ഗ്രാമത്തില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല.

"ഞങ്ങൾ അവർക്ക് ഭക്ഷണമായി ധാന്യങ്ങൾ നൽകുകയും അനാവശ്യമായ അസ്വസ്ഥതകളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. അവ മനുഷ്യർക്ക് ദോഷകരമല്ല. വവ്വാലുകളാണ് കോവിഡ്-19 ന് ഉത്തരവാദികളെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല”, കബാതബന്ധ നിവാസിയായ പരമാനന്ദ സാഹുവിന്‍റെ വാക്കുകള്‍ ഇങ്ങനെ.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ വവ്വാലുകള്‍ ഗ്രാമത്തിന്‍റെ ഭാഗമാണ്. രാത്രി കൂട്ടത്തോടെ പുറത്തിറങ്ങുന്ന ഇവ ഗ്രാമത്തിലെ തോട്ടങ്ങളിലുള്ള മാങ്ങ, പേരയ്ക്ക മുതലായവ തിന്നു നശിപ്പിക്കാറുണ്ട്. എന്നാല്‍, അതൊന്നും ഈ ഗ്രാമവാസികളെ സംബന്ധിച്ച് പ്രശ്നമേയല്ല.

വവ്വാലുകൾ സമൃദ്ധിയുടെയും ശുഭ കാര്യങ്ങളുടെയും അടയാളമാണെന്നും അവ ദോഷങ്ങള്‍ നീക്കുമെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. കോവിഡ്19 വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് ബാധിച്ചതായി തെളിവുകളൊന്നുമില്ല എന്ന് ഇവര്‍ വാദിക്കുന്നു. കൂടാതെ, പരാഗണം വിത്ത് വ്യാപനം, കീടങ്ങളെ നിയന്ത്രിക്കൽ എന്നിവ ഉൾപ്പെടെ വവ്വാലുകൾ ഉപകാരികളാകുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഇവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. 

വേനൽക്കാലത്ത് വവ്വാലുകളെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും രക്ഷിക്കാനായി ഗ്രാമവാസികള്‍ അഗ്നിശമന സേനയുടെ സഹായത്തോടെ വെള്ളം തളിക്കാറുണ്ട്. വവ്വാലുകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് അധികൃതരും ഗ്രാമവാസികൾക്ക് സഹായങ്ങള്‍ നൽകി വരുന്നു.