(ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയും മലയാളിയുമായ റാവൽജി ഈശ്വരൻ നമ്പൂതിരിപ്പാട് കേദാർനാഥിൽനിന്നും എഴുതുന്നു. ഹിമാലയത്തിലുള്ള ബദരിനാഥിലെ തീർത്ഥാടന കാലമാണെങ്കിലും ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. )

ഇവിടെയിപ്പോൾ അഞ്ചോ ആറോ പേരാണുള്ളത്. രാത്രി മൈനസ് 2 ഡിഗ്രിവരെ തണുപ്പാണ്. പകൽ 7 ഡിഗ്രിയും. രാവിലെ മൂന്നര മണിയോടെ എഴുനേൽക്കും. 5.30നു അഭിഷേകത്തോടെ തുടങ്ങും.8.15വരെ പൂജകളാണ്. ആരുമില്ലെങ്കിലും പൂർണ അലങ്കാരത്തോടെയാണു പൂജകൾ നടത്തുന്നത്. മാല കെട്ടുന്നവർ ധാരാളം തുളസി മാലകൾ തരുന്നുണ്ട്. വൈകീട്ടു തുറന്നാൽ അത്താഴ പൂജയ്ക്കു ശേഷം രാത്രി 8ന് അടയ്ക്കും. സന്ധ്യയ്ക്കു പൂർണ അലങ്കാരത്തോടെ ദീപാരാധനയുണ്ട്. 

ആയിരക്കണക്കിനാളുകൾ രാവും പകലുമില്ലാതെ വരുന്ന സ്ഥലമാണിത്.  ഞങ്ങൾതന്നെയാണു തീർഥാടനം നിർത്തിവയ്ക്കാൻ പറഞ്ഞത്. എവിടെനിന്നെല്ലാമോ ഭക്തരെത്തും. ഈ തണുപ്പിൽ അവർക്കു പനിയുണ്ടോ എന്നു കണ്ടെത്താനാകില്ല. പനി പടരാൻ സാധ്യതയുള്ള കാലാവസ്ഥയും.അതുകൊണ്ടുതന്നെ വൈറസ് പടരാനും സാധ്യത ഏറെയാണ്. തൊട്ടടുത്ത ആശുപത്രിയിലെക്കു 9 മണിക്കൂറെങ്കിലും യാത്ര ചെയ്യണം. മലയിടിഞ്ഞാൽ പോകാനുമാകില്ല. സൈനികരാണ് ഇതിനെല്ലാമുള്ള ഏക തുണ. അപ്പോൾ തൽക്കാലം ഭക്തരോടു വരേണ്ട എന്നു പറയുന്നതാണു ഉചിതമെന്നു തോന്നി. 

ഇവിടെ അഞ്ചു മണിയോടെ ഉദിക്കും. നാലരയോടെ എല്ലായിടത്തും വെളിച്ചമെത്തും. രാത്രി ഏഴരയോടെ മാത്രമെ അസ്തമിക്കൂ. വളരെ നീണ്ട പകലാണ്. ഇടയ്ക്കു മഴയുണ്ട്, നല്ല കാറ്റും. തൊട്ടടുത്ത രണ്ടു ഗ്രാമങ്ങളിലെ അപൂർവ്വം ഗ്രാമീണർ പുറത്തു വന്നു തൊഴുതു പോകുന്നുണ്ട്.രാജ്യത്തിന്റെ അതിർത്തി തൊട്ടടുത്തായതിനാൽ ഈ ദിവസങ്ങളിൽ  പട്ടാളക്കാരും കൂടുതലായി വരുന്നുണ്ട്. അവരും പുറത്തു തൊഴുതു മടങ്ങും. ആർക്കും പ്രസാദം കൊടുക്കുന്നില്ല. ഓൺലൈനിൽ നൂറുകണക്കിനാളുകൾ പുഷ്പാജ്ഞലിക്കും വഴിപാടിനും ബുക്കു ചെയ്യുന്നുണ്ട്. അവരുടെയെല്ലാം പേരു പറഞ്ഞു പൂജ നടത്താൻ സമയമുണ്ട്. 

ഭക്്തരെ പ്രവേശിപ്പിക്കാത്തതിൽ  ഖേദിക്കേണ്ടതില്ല. തിരക്കുള്ള സമയത്തു പൂജകൾക്കും ജപത്തിനുമെല്ലാം പരിമിതിയുണ്ട്. എന്നാൽ ഇപ്പോൾ പൂർണ ശ്രദ്ധയോടെയാണു ഇതെല്ലാം ചെയ്യുന്നത്്. കാരണം, ഒന്നിനും ശ്രദ്ധ തിരിക്കാനാകില്ല. എല്ലാവരുടെയും മുന്നിലും മനസ്സിലും ഭഗവാന്റെ വിഗ്രഹം മാത്രമെയുള്ളു. കളം വരച്ച് അതിൽ നിന്നും അകന്നുനിന്നും ഭയത്തോടെ ക്ഷേത്രത്തിൽപോയിട്ടെന്തു കാര്യം.   ഭഗവാനെ വീട്ടിലിരിരുന്നു ജപിക്കേണ്ട കാലമാണിത്. പുറത്തുപോയാൽ ദേഹ ശുദ്ധിവരുത്തി വീട്ടിൽ കയറേണ്ട ശുദ്ധിയുടെ കാലം തുടങ്ങിയിരിക്കുന്നു. വ്യക്തി ശുദ്ധിയിലൂടെ മറ്റൊരാൾക്കു രോഗം പടരാതിരിക്കാനാണു നാം ശ്രദ്ധിക്കുന്നത്. നമ്മളെക്കാൾ വലുതാണു മറ്റൊരാൾ എന്നും കാലം നമ്മെ ഓർമിപ്പിക്കുകയാണ്. സ്വയം രക്ഷപ്പെടുന്ന കാലമല്ല ഇത്. 

തനിച്ചായിപ്പോലെ തോന്നുന്നുവോ എന്നു പലരും ചോദിച്ചു. ഇല്ല എന്നുതന്നെ പറയാം. ഭഗവാനുമായി വളരെ അടുത്തു നിൽക്കുന്ന സമയമാണിത്. ഇവിടെയുള്ള ഓരോരുത്തരും പ്രാർഥിക്കുന്നതും ജപിക്കുന്നതും തനിക്കു വേണ്ടിയല്ല. ലോകത്തിനു മുഴുവൻ വേണ്ടിയാണ്. രാവും പകലും ജനം നിറയുമായിരുന്ന ഇവിടെ ആരുമില്ലാതിരിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ആലോചിക്കുന്നതു ലോകത്തെക്കുറിച്ചു മാത്രമാണ്. 

ചുറ്റും മലകൾ കാവൽ നിൽക്കുന്ന ഈ ഹിമാലയ ഭൂമിയിൽ ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ക്ഷേത്ര മുറ്റത്തു നിൽക്കുമ്പോൾ ലോകത്തോടുള്ള   കാഴ്ചപ്പാടുതന്നെ മാറുകയാണെന്നു തോന്നുന്നു.രാത്രി എട്ടുമണിയോടെ ഇന്നും നട അടച്ചു. തണുപ്പിനു കാഠിന്യം കൂടിവരികയാണ്. ജനക്കൂട്ടമില്ലാത്തതുകൊണ്ടുകൂടിയാണു തണുപ്പു കൂടുന്നത്. പ്രകൃതിയെയും ഈശ്വരനെയുമെല്ലാം കൂടുതൽ, കൂടുതൽ  സമർപ്പണത്തോടെ കാണേണ്ട കാലമാണെന്നാണു ഇതു തരുന്ന പാഠം.