ഹാവ് ലോക്ക് ദ്വീപിലെ രാധാനഗർ ബീച്ചിനെപ്പറ്റി കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ഏഷ്യയിലെ ഏറ്റവും മനോഹരമായ അഞ്ച് ബീച്ചുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ട് അധികനാളായില്ല. ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണത്. ഏഴുമണിയ്ക്ക് ഉണരുക എന്ന പതിവുശീലത്തിന് മാറ്റം വരുത്താതെ ആൻഡമാനിലെ ആദ്യത്തെ പ്രഭാതത്തിലേക്ക് കണ്ണുതുറന്നു. ജനാലവിരി നീക്കിയപ്പോഴേക്കും സൂര്യൻ ഒരുപാടുയരത്തിൽ..

നാട്ടിലെ പത്തുമണിയുടെ പ്രതീതി. ആൻഡമാനിൽ സൂര്യൻ ഒരല്പം മുന്നേ എത്തുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ യാത്രയ്ക്ക് തയാറായി. റസ്റ്ററന്റിൽ ആവിപറക്കുന്ന ഇഡ്‌ഡലിയും സാമ്പാറുമൊക്കെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. പോർട്ട്ബ്ലയറിലെ തുറമുഖത്തെത്തിയപ്പോഴേക്കും മാക്രൂസ് എന്ന ആഡംബര നൗക യാത്രയ്ക്ക് തയാറെടുത്തു കാത്തുകിടക്കുന്നു. പോർട്ടിലെ പതിവുപരിശോധനകൾ കഴിഞ്ഞ് കപ്പലിലേക്ക് കടന്നിരുന്നു. രണ്ടു നിലകളിലായി നൂറുകണക്കിന് യാത്രക്കാർ. കപ്പലിന് ഉൾഭാഗം ശീതീകരിച്ചതാണ്,വിമാനത്തിലേതു പോലെയുള്ള ഇരിപ്പിടങ്ങൾ.

മറ്റു സൗകര്യങ്ങൾ, കോഫീഷോപ്പ്.  പതുക്കെ, കപ്പലിന് ജീവൻ വച്ചു. ഓളപ്പരപ്പിലൂടെ അത് ഊക്കോടെ മുന്നോട്ട് നീങ്ങി തുടങ്ങി. ചുറ്റിലും ചിതറിക്കിടക്കുന്ന ദ്വീപുകൾ ചെറുകപ്പലുകൾ ബോട്ടുകൾ അങ്ങനെ കണ്മുന്നിൽ കാണുന്നതെന്തിനേയും അകലത്തേക്ക് തെറിപ്പിച്ച് , അത് കുതിച്ചുപായുകയാണ്. അറുപത്തേഴ് കിലോമീറ്റർ കടൽദൂരം ഒന്നരമണിക്കൂർ കൊണ്ടാണ് പിന്നിട്ടത്.


ഹാവലോക്കിലെ തീരത്തിന് മനോഹാരിത അൽപ്പം കൂടുതലാണ്. കടൽച്ചെരുവിലേക്കിറങ്ങി നിൽക്കുന്ന വൃക്ഷങ്ങൾ, കണ്ടൽവനങ്ങൾ. മനുഷ്യകരങ്ങളാൽ നോവിക്കപ്പെട്ടിട്ടില്ലാത്ത ഭൂമിയുടെ മനോഹരമായ പുഞ്ചിരിയാണ് ഓരോ കാഴ്ചയിലും കൊത്തിവച്ചിരിക്കുന്നത്.. ബോട്ട് ജെട്ടിയിൽ കരയിലേക്കുള്ള നടപ്പാത അവസാനിക്കുന്നിടത്ത് മാക്രൂസിലെ യാത്രക്കാരെ കാത്ത് നിരവധി വാഹനങ്ങൾ. ഗവണ്മെൻറ് വക രണ്ടു യാത്രാബസ്, സ്വകാര്യകാറുകൾ, മിനിബസുകൾ, ട്രാവലറുകൾ... എല്ലാറ്റിലും പഴക്കം പുകതുപ്പുന്നുണ്ട്. നോക്കിനിൽക്കുമ്പോൾ തന്നെ വാഹനങ്ങൾ ചിതറി മറഞ്ഞു. 

ഹാവലോക്ക്

ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണത്. രാധാനഗർ ബീച്ചിലേക്കുള്ള ബസ് പുറപ്പെട്ടു. ബോട്ട് ജെട്ടിയിൽ നിന്നും പതിനഞ്ചുകിലോമീറ്റർ ദൂരം.ഇടുങ്ങിയ ടാർവഴിയിൽ നിറയെ കുണ്ടും കുഴിയും. യാത്ര തീരെ സുഖമുള്ളതായിരുന്നില്ല. ഇരുപത് കൊല്ലം മുമ്പുള്ള കേരളം ഉള്ളിൽ തികട്ടുന്നു. പക്ഷേ, ഇരുവശങ്ങളിലേയും കാഴ്ച സുന്ദരമായിരുന്നു.

പൂർണരൂപം വായിക്കാം