അസാമിലെ അതിമനോഹരമായ ഒരു ദ്വീപാണ് മജുലി. എന്നാല്‍ സാധാരണ നാം കണ്ടുവരാറുള്ള ദ്വീപുകളില്‍ നിന്നും വ്യത്യസ്തമായി മജുലിക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഗിന്നസ് ബുക്കില്‍ വരെ ഈ ദ്വീപ്‌ കയറിക്കൂടി. 'ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌' എന്ന ബഹുമതിയുള്ളത് ബ്രഹ്മപുത്ര നദിയാല്‍ ചുറ്റപ്പെട്ട മജുലിക്കാണ്‌. മാത്രമല്ല, രാജ്യത്ത് ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദ്വീപും മജുലി തന്നെയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപു കൂടിയാണ് മജുലി.

സമൃദ്ധമായ പച്ചപ്പും സസ്യജാലങ്ങളുടെ വൈവിദ്ധ്യവും സാംസ്കാരികതനിമയും പ്രകൃതിസൗന്ദര്യവും ഒത്തുചേര്‍ന്ന മജുലി, അസാമിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 'ബ്രഹ്മപുത്രയുടെ മകള്‍' എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ മനോഹരപ്രദേശം ഇന്ന് നാശത്തിന്‍റെ വക്കിലാണ്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ദ്വീപ്‌ മുഴുവനായിത്തന്നെ അപ്രത്യക്ഷമായെന്നു വരാം.  421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപ്, മണ്ണൊലിപ്പുമൂലം ചെറുതായികൊണ്ടിരിക്കുകയാണ്. വശങ്ങളില്‍ നിന്നും പതിയെ ബ്രഹ്മപുത്ര വിഴുങ്ങികൊണ്ടിരിക്കുകയാണ് ഈ പ്രദേശത്തെ. 

മജുലി എന്നാൽ ‘രണ്ട് സമാന്തര നദികൾക്കിടയിലുള്ള ഭൂമി’ എന്നാണര്‍ത്ഥം. വാസ്തവത്തിൽ, ഈ ദ്വീപ് രൂപീകരിച്ചത് ബ്രഹ്മപുത്രയുടെയും അതിന്‍റെ ശാഖകളുടെയും ഒഴുക്കിന്‍റെ ഫലമായാണ്. നദിയുടെ അതിശക്തമായ ഒഴുക്കും നിരന്തരമായ മണ്ണൊലിപ്പും വെള്ളപ്പൊക്കവും മൂലം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന വലുപ്പത്തിന്‍റെ പകുതിയില്‍ താഴെ വലുപ്പം മാത്രമേ ഇപ്പോള്‍ മജുലിക്കുള്ളു. ഇങ്ങനെ പോയാല്‍ 2030 ഓടെ ഈ ദ്വീപ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനു മുന്നേ ദ്വീപ്‌ കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ പെട്ടെന്നുതന്നെ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും ഉചിതം.

അസമിലെ ജോർഹട്ടിൽ നിന്ന് കടത്തു വള്ളത്തിലാണ് മജുലി ദ്വീപിലേക്ക് എത്താനാവുക. രാവിലെ 10 നും വൈകീട്ട് 3 നും മജുലിയിലേക്ക് പുറപ്പെടുന്ന കടത്തു വള്ളങ്ങള്‍ ഉണ്ട്. ഗുവാഹത്തി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ജോർഹട്ടിൽ എത്താൻ ഏഴു മണിക്കൂർ സമയമാണ് എടുക്കുക.

ഹോംസ്റ്റേകൾ, ബാംബൂ കോട്ടേജുകൾ, റിസോർട്ടുകൾ, സർക്കാർ ഹോട്ടലുകൾ തുടങ്ങി സഞ്ചാരികള്‍ക്ക് മികച്ച താമസസൗകര്യം ലഭ്യമാണ് ഇവിടെ. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. നവംബര്‍ പകുതിയോടെ നടക്കുന്ന മൂന്നു ദിവസത്തെ ഉത്സവമായ 'രാസലീല' നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ 'ആസാമിന്‍റെ സാംസ്‌കാരിക തലസ്ഥാനം' എന്നറിയപ്പെടുന്ന മജുലി, വൈഷ്ണവ സത്രങ്ങള്‍ക്കും പേരുകേട്ടതാണ്. കമലാബ്രി സത്ര, ഓനിയതി സത്ര, ദഖിൻ‌പത് സത്ര, സമാഗുരി സത്ര തുടങ്ങിഇരുപത്തിരണ്ടോളം സത്രങ്ങള്‍ ഇവിടെയുണ്ട്. അഹോം വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച തെൻഗാപാനിയയിലെ ഗോൾഡൻ ടെമ്പിൾ മജുലിയിലെ മറ്റൊരു ആകര്‍ഷണമാണ്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ സുരക്ഷിതരായി കഴിയുന്നതാണ് നല്ലത്. എല്ലാമൊന്നു ശാന്തമായിട്ട് യാത്ര തുടരാം.

English Summary :river island to visit before it disappears