തമിഴ്നാടിന്‍റെ ഹൃദയഭാഗത്തായി, വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പച്ച വിരിച്ച വയലുകളുമെല്ലാം നിറഞ്ഞ സുന്ദരമായ മലനിരകള്‍. ട്രെക്കിങ് പ്രേമികള്‍ക്കായി കാടുകള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം നീളുന്ന യാത്ര. വെല്ലൂരിനടുത്തുള്ള ഏലഗിരി മലകളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്.

തമിഴ്നാട്ടിലെ പുതിയ ജില്ലയായ തിരുപട്ടൂരില്‍ വാണിയമ്പാടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയിലായാണ് ഏലഗിരി ഹില്‍സ്റ്റേഷന്‍. ഏകദേശം 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ മലമ്പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും 1110.6 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന പലവിധത്തിലുള്ള കായ്കനിത്തോട്ടങ്ങളും പനിനീര്‍ പൂന്തോട്ടങ്ങളും ഹരിതാഭ നിറഞ്ഞ താഴ്‌വരകളുമെല്ലാം ഏലഗിരിയെ മികച്ച ഒരു പ്രകൃതിദത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

അല്‍പ്പം ചരിത്രം

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തോളം നീളുന്ന ചരിത്രമുള്ള ഏലഗിരി ഒരു കാലത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ളതായിരുന്നു. ഏലഗിരി ജമീന്ദാര്‍ കുടുംബമായിരുന്നു ഈ പ്രദേശം കയ്യാളിയിരുന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ഇത് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏലഗിരി ജമീന്ദാര്‍ കുടുംബം താമസിച്ചിരുന്ന വീട് ഇപ്പോഴും ഇവിടുത്തെ റെഡ്ഡിയൂര്‍ ഗ്രാമത്തിലുണ്ട്. 

മലകയറാം, വെള്ളച്ചാട്ടം കാണാം, ബോട്ടുസവാരി

ഊട്ടിയും കൊടൈക്കനാലും പോലെ അത്ര വികസിതമായ ഒരു ഹില്‍സ്റ്റേഷന്‍ അല്ല ഏലഗിരി. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ട്രെക്കര്‍മാര്‍ക്ക് നടന്നു കാണാനായി മനോഹരങ്ങളായ14 ഗ്രാമങ്ങളും പലപല കുന്നുകളിലായി പരന്നുകിടക്കുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. സ്വാമിമലയാണ് ഇവിടത്തെ ഏറ്റവും വലിയ കൊടുമുടി. തൊട്ടടുത്തുള്ള മംഗലം ഗ്രാമത്തില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെ കയറി എത്താം. ഇവ കൂടാതെ ജവാഡു, പലമതി തുടങ്ങിയ മലനിരകളിലും ട്രക്കിംഗ് നടത്താം. 

ഏലഗിരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ജലഗംപാറ വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ നിന്നും നോക്കിയാല്‍ കാണുന്ന താഴ്‌വരകളുടെ കാഴ്ച അതീവസുന്ദരമാണ്. വെള്ളച്ചാട്ടത്തിനടുത്തായി ഒരു ക്ഷേത്രവുമുണ്ട്.

പുങ്ങാനൂര്‍ തടാകത്തിലൂടെയുള്ള ബോട്ടിങ്ങും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഏകദേശം 57 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഉണ്ടാക്കിയ കൃത്രിമ തടാകമാണിത്. ഏലഗിരി ഹിൽസ് ഡെവലപ്മെന്റ് ആൻഡ് ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് ഇതിന്‍റെ നടത്തിപ്പ്. സഞ്ചാരികള്‍ക്ക് പെഡലിംഗ്, റോയിംഗ് ബോട്ടുകളില്‍ സവാരി ആസ്വദിക്കാം. 

ഇവ കൂടാതെ വൈനു ബാപ്പു സോളാര്‍ ഒബ്സര്‍വേറ്ററി, ബേര്‍ഡ്സ് പാര്‍ക്ക്, കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയും ഉണ്ട്.

എങ്ങനെ എത്താം?

ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ വരുന്നവര്‍ ജോലാർപേട്ട ജംഗ്ഷനിൽ ആണ് ഇറങ്ങേണ്ടത്. അവിടെ നിന്നും ക്യാബുകളും ബസുകളും ലഭ്യമാണ്. ക്യാബിനാണ് യാത്രയെങ്കില്‍ ആയിരം രൂപയ്ക്ക് മുകളിലായിരിക്കും ചാര്‍ജ്. 

എപ്പോഴാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം?

വര്‍ഷം മുഴുവന്‍ മികച്ച കാലാവസ്ഥയുള്ള പ്രദേശമാണ് ഏലഗിരി. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലം സന്ദര്‍ശനത്തിനു കൂടുതല്‍ അനുയോജ്യമാണ്. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴ ലഭിക്കുന്നത്.

English Summery:Places to Visit in Yelagiri