ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരുട് ജൻജീര കടൽകോട്ട. തീരദേശ ഗ്രാമമായ മുരുടിനടുത്ത് അറബിക്കടലിൽ മനോഹരമായ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന മുരുട് ജൻജീര കോട്ട രാജകീയ ഭൂതകാലത്തിന്റെ അദ്ഭുതകരമായ ചിത്രീകരണമാണ്. മഹാരാഷ്ട്രയിലെ അലിബാഗിൽ നിന്ന് 55 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പോർച്ചുഗീസുകാരുടെയും ബ്രിട്ടിഷുകാരുടെയും മറ്റും കടുത്ത ആക്രമണങ്ങളെ നേരിട്ടിട്ടുള്ള കോട്ടയുടെ ഭൂരിഭാഗവും ഇപ്പോഴും നശിപ്പിക്കപ്പെടാതെ തുടരുന്നു. 

മുരുടിന്റെ ചരിത്രം

ഈ ഗംഭീരമായ കോട്ടയുടെ ഉദ്ഭവം പതിനഞ്ചാം നൂറ്റാണ്ടിലാണ്. രാജപുരിയിലെ ചില പ്രാദേശിക മത്സ്യത്തൊഴിലാളികൾ തങ്ങളെയും കുടുംബത്തെയും കടൽക്കൊള്ളക്കാരിൽ നിന്നു സംരക്ഷിക്കാൻ ഒരു വലിയ പാറയിൽ ചെറിയ മരക്കോട്ട പണിതു. എന്നാൽ ആ സ്ഥലത്തിന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ അഹമ്മദ്‌നഗറിലെ നിസാം ഷാഹി സുൽത്താൻ കോട്ട പിടിച്ചെടുത്ത് ശക്തമായ ഒരു കൽക്കോട്ട നിർമിക്കാൻ തീരുമാനിച്ചു. ഈ കോട്ടയെ ആദ്യം മഹ്രൂബ് ജസീറ എന്നാണ് വിളിച്ചിരുന്നത്.

തോക്കുകളും പീരങ്കികളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി ഗോപുരങ്ങളും ട്യൂററ്റുകളും കോട്ടയിലുണ്ട്. കോട്ടയിൽ 572 പീരങ്കികളുണ്ടെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ മൂന്നെണ്ണം മാത്രമാണുള്ളത്. കോട്ടയ്ക്കകത്ത് മനോഹരമായ വാട്ടർ ടാങ്കുകൾ, ശവകുടീരങ്ങൾ, കല്ലിൽ തീർത്ത മനോഹരമായ വാസ്തുവിദ്യ അദ്ഭുതങ്ങൾ എന്നിവ കാണാൻ കഴിയും. പടിഞ്ഞാറ് ഭാഗത്തെ വാതിൽ ദര്യ ദർവാസ എന്നറിയപ്പെടുന്നു, കടലിലേക്കു തുറക്കുന്ന കവാടമാണിത്.

22 കൂറ്റൻ കൊത്തളങ്ങളും ഉയർന്ന സംരക്ഷണ ഭിത്തികളും വലിയ കറുത്ത ഗ്രാനൈറ്റ് മതിലുകളുള്ള കൊത്തളങ്ങളുമുള്ള ഈ ഭീമൻ കോട്ട കടലിന് നടുക്കായി നിൽക്കുന്നത് കാണേണ്ടതു തന്നെയാണ്. സിദ്ദികളുടെ തലസ്ഥാനമായതിനാൽ ഒരു കാലത്ത് ധാരാളം ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ പിൻഗാമികൾ ഇപ്പോഴും മുരുടിലും പരിസരത്തും താമസിക്കുന്നുണ്ട്.

രാജകൊട്ടാരം, പള്ളികൾ, പ്രഭുക്കന്മാരുടെ വീടുകൾ, കുതിരാലയങ്ങൾ, കളപ്പുരകൾ, ഭൂഗർഭ പാതകൾ തുടങ്ങിയവ ഈ കോട്ടയ്ക്കകത്തുണ്ട്. ഈ കെട്ടിടങ്ങൾ പലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വർഷങ്ങളോളം കോട്ടയിൽനിന്ന് പുറത്തുപോകാതിരിക്കാൻ താമസക്കാരെ സഹായിച്ച വലിയ ശുദ്ധജല ടാങ്കുകളുമുണ്ടിവിടെ. ശരിക്കുപറഞ്ഞാൽ ഒരു കൊച്ചു ഗ്രാമം തന്നെയായിരുന്നു ഒരു കാലത്ത് ഈ കോട്ട. 

മഴക്കാലം കഴിഞ്ഞാൽ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കോട്ട സന്ദർശിക്കാൻ അനുയോജ്യമായ സമയം. മഹാരാഷ്ട്രയിലെ മൺസൂൺ അപകടകരമാണ്. അതുകൊണ്ടാണ് സുരക്ഷാ കാരണങ്ങളാൽ  മുരുട് ദ്വീപിലേക്കുള്ള ബോട്ട് സർവീസ് മൺസൂൺ സമയത്ത് നിർത്തിവയ്ക്കുന്നത്. ബോട്ട് വഴിയല്ലാതെ ഈ കോട്ടയിലേക്ക് പ്രവേശിക്കാനുമാകില്ല.

English Summary: Murud Janjira Fort