ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ

ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ തീരുമാനം. പ്ലാനിങ്ങെല്ലാം കഴിഞ്ഞ് ശനിയാഴ്ച പാലായിൽ നിന്നിറങ്ങിയപ്പോൾ സമയം രാവിലെ 11. പൊൻകുന്നം – മണിമല വഴി റബർ തോട്ടങ്ങളും പൊന്തൻപുഴ വനവും പിന്നിട്ട് റാന്നിയെത്തിയപ്പോളേക്ക് പെരുമഴ. ഇത്ര ദിവസം മാറി നിന്ന മഴ അതിന്റെ കുറവു തീർത്ത് പെയ്യുംപോലെ. അടവിയിലെ കുട്ടവഞ്ചി പ്ലാൻ മഴയിൽ മുങ്ങുമെന്ന് മനസിലായി. ഉടനെ പ്ലാൻ ബി, പത്തനംതിട്ട – കോന്നി വഴി നേരെ അച്ചൻകോവിൽ വനത്തിലേക്കു പോകാൻ തീരുമാനിച്ചു. 

 

ADVERTISEMENT

അച്ചൻകോവിൽ

 

കാറിൽ രാവിലെ തന്നെ ഇന്ധനം നിറച്ചിരുന്നു. കോന്നിയിലെ ഒരു ഹോട്ടലിൽ നിന്ന് ഊണും കഴിച്ച് നേരെ കൊക്കാത്തോട് റോഡിലേക്ക്. അവിടെ നിന്ന് അച്ചൻകോവിലിലേക്ക്. വലിയ തിരക്കില്ലാത്ത വഴി. ചെക്ക്പോസ്റ്റിൽ വണ്ടി നമ്പരും വിലാസവും കൊടുത്തു. റോഡ് വളരെ മോശമാണെന്ന് വനംവകുപ്പ് ജീവനക്കാരൻ പറഞ്ഞു. മഴയുള്ളതിനാൽ ആനയെ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പും കിട്ടി. 3 വർഷം മുൻപാണ് അവസാനം ഈ വഴി വന്നത്. അന്ന് ബൈക്കിലാണ് പോയത്.

വഴി അത്ര മോശമല്ലായിരുന്നു. കുറേദൂരം വനംവകുപ്പിന്റെ ഓഫിസുകളും ക്വാർട്ടേഴ്സും കാണാം. അവിടെ ഒരു അമ്പലത്തിൽ ചടങ്ങുകൾക്കായി എത്തിയവരുടെ തിരക്കു കണ്ടു. ഒരു വശത്ത് തേക്ക് പ്ലാന്റേഷൻ മറുവശത്ത് കാട്. റോഡരികിൽ തന്നെ ഒരു ചുട്ടിപ്പരുന്ത് താഴ്ന്ന മരക്കൊമ്പിൽ ഇരിക്കുന്നു. ക്യാമറ എടുത്തു വന്നപ്പോളേക്ക് കാണാനില്ല. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് വഴിയിൽ കണ്ടു.

ADVERTISEMENT

 

മഴ ഇടയ്ക്കൊക്കെ ശക്തമാകുന്നത് കാരണം ഗ്ലാസ് തുറക്കാൻ വയ്യ. കാഴ്ചകൾ അത്ര വ്യക്തമല്ല. അച്ചൻകോവിലാർ വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്നുണ്ട്. വഴിയിൽ നിറയെ ആനപ്പിണ്ടം കാണാം. പുഴയുടെ എതിർ വശത്തെ തീരത്ത് മണൽപരപ്പിൽ നിറയെ ആനയു‍ടെ കാൽപാടുകൾ കാണാം. പുഴയ്ക്ക് അക്കരെ നിന്ന് ഏതോ മൃഗത്തിന്റെ ശബ്ദം കേട്ടെങ്കിലും ജീവികളെ പുറത്തു കണ്ടില്ല. വഴിയരികൾ പുല്ല് ചവിട്ടി മെതിച്ച അടയാളവും മുകളിൽ നിന്ന് ഊർന്നിറങ്ങിയ പോലെ ചെടികൾ അമർന്നിരിക്കുന്നതും കാണാം. മലയണ്ണാൻ, ഏതാനും കുരങ്ങുകൾ, മയിലുകൾ ഇവയെ മാത്രമാണ് പലപ്പോളും കണ്ടത്. പ്ലാന്റേഷൻ മേഖല പിന്നിട്ടു. കാടിന്റെ ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു. വൻമരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഭാഗങ്ങളിൽ ഉച്ച സമയത്തും ഇരുട്ട് നിറഞ്ഞിരിക്കുന്നു. പെട്ടെന്ന് തുറസായ സ്ഥലങ്ങളെത്തുന്നു. യാത്ര ഏറെ ദൂരവും അച്ചൻകോവിലാറിനു സമാന്തരമായി തന്നെയാണ്. കോന്നി  ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് ഈ വനമേഖല. ഇടയ്ക്ക് മണ്ണാറപ്പാറയിൽ വനംവകുപ്പിന്റെ ഓഫിസുകളും താമസ സൗകര്യവും കാണാം. 

 

കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, മാൻ, പുലി തുടങ്ങിയ വന്യമൃഗങ്ങളെല്ലാമുള്ള കാടാണ് അച്ചൻകോവിലിലേത്. കടുവയെ കണ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യം പിടി തരാതിരുന്ന ചുട്ടിപ്പരുന്ത് ( ക്രെസ്റ്റഡ് സർപ്പന്റ് ഈഗിൾ) റോഡിനു തൊട്ടടുത്ത് മരക്കുറ്റിയിൽ പോസ് ചെയ്തു തന്നു. കാറിനുള്ളിലിരുന്ന് തന്നെ നല്ല ചിത്രങ്ങളെടുത്തു. ഒട്ടേറെയിനം പക്ഷികളെയും യാത്രയിൽ കാണാൻ സാധിച്ചു. ഗോത്ര വിഭാഗങ്ങൾ ഉപയോഗിക്കുന്നതാകാം. കയറിൽ പിടിച്ചു പുഴ കടക്കുന്ന ഒരു ചങ്ങാടം പുഴയിൽ കണ്ടു. ഈ വർഷം മഴ കുറഞ്ഞിരിക്കുന്നതു കൊണ്ട് കുഴപ്പമില്ല. യാത്ര മുന്നോട്ടു പോകും തോറും പുഴ മെലിയുന്നുണ്ട്. റോഡിൽ നിറയെ ആനപ്പിണ്ടം കണ്ടെങ്കിലും വഴിയിൽ മൃഗങ്ങളെയൊന്നും കണ്ടില്ല. ഉച്ച സമയമായതിനാലാകാം. പത്തനംതിട്ട, കൊല്ലം ജില്ലകളിലായി ഈ വനമേഖല പരന്നു കിടക്കുന്നു. അച്ചൻകോവിൽ ഒരു ഇടത്തരം ജംക്‌ഷനാണ്. അമ്പലത്തിനടുത്ത് കുറേ കടകളും സ്ഥാപനങ്ങളും ചെറിയ താമസ സൗകര്യവുമുണ്ട്. 

ADVERTISEMENT

Read Also : ബെംഗളൂരുവിൽ നിന്ന് 10 മണിക്കൂർ ട്രെയിൻ യാത്ര; വെറും 155 രൂപയ്ക്ക് സഹ്യാദ്രി കറങ്ങാം...
 

കുംഭാവുരുട്ടി

 

കാടു കടക്കും മുന്നേ കുംഭാവുരുട്ടി വെള്ളച്ചാട്ടമുണ്ട്. റോഡിൽ നിന്നും 400 മീറ്റർ വനത്തിന് ഉള്ളിലായി ഏത് വരണ്ട കാലാവസ്ഥയിലുംസമൃദ്ധമായി വെള്ളം. കെഎസ്ആർടിസിയുടെ ഉല്ലാസ യാത്ര ഇവിടേക്ക് യാത്രക്കാർക്ക് പാക്കേജ് സൗകര്യം ഒരുക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്കാണിവിടെ. പാർക്കിങ് സൗകര്യമൊരുക്കാൻ തന്നെ ജീവനക്കാർ പാടുപെടുന്നതു കാണാമായിരുന്നു. കുംഭാവുരുട്ടി കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ കാടിന്റെ സ്വഭാവം മാറി. മരങ്ങൾ ഇടതൂർന്നു വളരുന്ന മേഖലയാണിവിടെ. പത്തനംതിട്ടയിലെ അച്ചൻകോവിൽ ഭാഗത്ത് കൂടുതലും ഇലപൊഴിയും കാടുകളായിരുന്നു. ചെങ്കോട്ട ഭാഗത്തേക്ക് മുന്നോട്ടു പോകുമ്പോൾ മണലാർ എന്ന വെള്ളച്ചാട്ടവും ഈ ഭാഗത്തുണ്ട്. ‌

 

അതിർത്തി കടന്ന് സൂര്യകാന്തിപ്പാടങ്ങളിലേക്ക്

 

ചെക്ക്പോസ്റ്റിൽ വിവരങ്ങൾ നൽകി കേരള അതിർത്തി കടന്നപ്പോൾ സമയം വൈകിട്ട് 4.30. 4 കഴിഞ്ഞാൽ ഇതുവഴി തിരികെ മടങ്ങാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ഇന്നിനി വീട്ടിലെത്തണമെങ്കിൽ ചെങ്കോട്ട – പുനലൂർ – പത്തനാപുരം – കോന്നി വഴി വേണം മടങ്ങാൻ. ചെങ്കോട്ട ഭാഗത്തേക്ക് നല്ല ഇറക്കമാണ്. 6 ഹെയർപിൻ വളവുകൾ. ഭൂപ്രകൃതി മാറുന്നതു കൺമുന്നിൽ കാണാം. ദൂരക്കാഴ്ചയിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങൾ. പല തരം കൃഷികൾ. ചുരമിറങ്ങിയതും ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സുരണ്ടൈ എന്ന സ്ഥലം സെറ്റ് ചെയ്തു. സൂര്യകാന്തി പൂക്കൾ ഈ മേഖലയിൽ ധാരാളമായി കൃഷിയുണ്ട്. മാപ്പിൽ നോക്കുമ്പോൾ ട്രാഫിക് ബ്ലോക്ക് കാണിക്കുന്നുണ്ട്. 

 

എല്ലാ ഭാഗത്തും കാറ്റാടിപ്പാടങ്ങളാണ്. സുരണ്ടൈയിൽ ആദ്യ പൂപ്പാടത്ത് എത്തിയപ്പോൾ തന്നെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വാഹനങ്ങളുടെ നീണ്ട പാർക്കിങ് റോഡരികിൽ കാണാം. പൂക്കളുടെ അടുത്തു പോകാൻ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ല. ചെടികൾക്കിടയിലൂടെ നടക്കാൻ ചെറിയ വഴിയുണ്ട്. പൂക്കൾക്കിടയിൽ നിന്നും പൂക്കളോട് മുഖം ചേർത്തും ചിത്രങ്ങളെടുക്കുന്നവർ ഒട്ടേറെ. ശക്തമായ കാറ്റിൽ വലിയ  സൂര്യകാന്തിപ്പൂക്കൾ ഇളകുന്നതു പോലും രസമുള്ള കാഴ്ചയാണ്. ഇവ പ്രധാനമായും എണ്ണയ്ക്കായാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്ത് കേരളത്തിലെ വിപണി ലക്ഷ്യമാക്കിയുള്ള പൂക്കളും ഈ മേഖലയിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്. സൂര്യകാന്തി കൃഷി ഓണക്കാലം കഴിഞ്ഞാലും തുടരുമെന്നാണ് നാട്ടുകാരനായ ഒരാൾ പറഞ്ഞത്. റോഡരികിൽ തന്നെയുള്ള രണ്ട് പാടങ്ങളിൽ ഞങ്ങളിറങ്ങി. സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. സ്കൂട്ടറിലെത്തി ചായ വിൽക്കുന്നവരെയും പച്ചത്തക്കാളി കിലോയ്ക്ക് 60 രൂപ നിരക്കിൽ വിൽക്കുന്നവരെയും കണ്ടു. 

 

ഭക്ഷണപ്രിയർക്ക് താൽപര്യമുണ്ടെങ്കിൽ ചെങ്കോട്ടയിലെ റഹ്മത്ത് ഹോട്ടലിൽ നിന്ന് ബോർഡർ ചിക്കൻ കഴിക്കാം. അവധി ദിവസങ്ങളിൽ തിരക്ക് വളരെ കൂടുതലായിരിക്കും. ചെങ്കോട്ടയിൽ നിന്ന് ആര്യങ്കാവ് – പുനലൂർ അവിടെ നിന്ന് പത്തനാപുരം– കോന്നി– പത്തനംതിട്ട വഴി വീട്ടിലേക്ക്. 

 

 

വരാൻ വഴികൾ പലത്

 

ഒരു ദിവസ യാത്ര പ്ലാൻ ചെയ്യുന്ന എറണാകുളം മുതൽ തെക്കൻ ജില്ലക്കാർക്ക് രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകിട്ട് തിരിച്ചെത്താവുന്ന യാത്രാ പ്ലാനാണിത്. കാട്ടിലെ യാത്ര താൽപര്യമില്ലെങ്കിൽ പുനലൂർ വഴി നേരെ ചെങ്കോട്ടയ്ക്കും പോകാം. 

1. പത്തനംതിട്ട – കോന്നി – അച്ചൻകോവിൽ
2. അടൂർ – പത്തനാപുരം – അലിമുക്ക് – അച്ചൻകോവിൽ
3. കൊല്ലം – പുനലൂർ – അലിമുക്ക് – അച്ചൻകോവിൽ

അടുത്തുള്ള സ്ഥലങ്ങൾ

– സുന്ദരപാണ്ഡ്യപുരം, തെങ്കാശി കാശിവിശ്വനാഥർ ക്ഷേത്രം, ചെങ്കോട്ട, കുറ്റാലം, തെന്മല ഇക്കോടൂറിസം സെന്റർ, പതിനാറു കണ്ണറപ്പാലം

 

Content Summary : Achencovil to Tenkasi, Tamil Nadu travel experiance.