കുട്ടേട്ടന്റെ ഉണ്ണിയപ്പരുചി നുണഞ്ഞ്, കാനനപ്പാതയുടെ ഭംഗി ആസ്വദിച്ച് ഒരു ഡ്രൈവ് പോകാം. മഞ്ഞിന്റെ അരികു പറ്റി, പുലർകാല ഛായാചിത്രങ്ങങ്ങളിലൂടെ ഒരു ഡ്രൈവിനു പോകാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അങ്ങനെയൊരു മോഹത്തിന്റെ ചിറകിലേറിയാണ് വയനാട് ചുരം കയറിയത്. കാനനക്കാഴ്ചകള്‍ സ്വന്തമാക്കി, നീണ്ടു കിടക്കുന്ന ശാന്തമായ റോഡുകൾ ആസ്വദിച്ച്, നാട്ടുരുചികളിലൂടെ കുടകിലേക്കൊരു യാത്ര.

കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മുഖമുയർത്തുന്ന ലക്കിടിക്കാഴ്ചകളിലൂടെ ചുണ്ടേൽ കവലയിലെത്തി. നാട് ഉറക്കമുണരുന്നതേയുള്ളൂ. മഞ്ഞുതൊപ്പിയണിഞ്ഞ് ഫൊട്ടോഗ്രഫർ സുഹൃത്ത് റോഡരികിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ക്യാമറയും സൗഹൃദവും കൂടെച്ചേർന്നപ്പോൾ യാത്രയ്ക്ക് ആവേശം കൂടി. അല്ലെങ്കിലും അതങ്ങനെയാണ്; സ്റ്റിയറിങ്ങിൽ കൈ ചേർത്തുവയ്ക്കുമ്പോൾ കഥകൾ തനിയെ പെയ്തിറങ്ങും. മനസ്സിൽ തണുപ്പ് ഉറഞ്ഞു കൂടും.

കൊളുന്ത് നുള്ളാൻ പോകുന്ന തൊഴിലാളികളാണ് വയനാടിന്റെ രാവിലെ കാഴ്ചകളെ മനോഹരമാക്കുന്നത്. കൂട്ടം കൂടി കഥകൾ പറഞ്ഞ്, കയ്യിൽ ചായപ്പാത്രങ്ങളും പുറത്ത് തേയില നുള്ളിയിടാനുള്ള സഞ്ചികളുമായി തോട്ടങ്ങളിലെ ചെറുവഴികളിലേക്ക് അവർ നടന്നു കയറുന്നു. പ്രകൃതിയുടെ പുഞ്ചിരിയോടൊപ്പം വിടരുന്ന അവരുടെ മുഖങ്ങൾ കാണുമ്പോൾ വിരിഞ്ഞു നിൽക്കുന്ന പൂവുകളും കാറ്റുമൊക്കെ അവരെ കാത്തിരിക്കുകയാണെന്ന് തോന്നും.

തേയിലക്കാഴ്ചകളിൽ നിന്ന് മാനന്തവാടിയും പിന്നിട്ട് കാനനക്കാഴ്ചകളിലേക്ക് ഓടിക്കയറി. ഇരുമ്പുപാലം കഴിയുന്നിടം തൊട്ട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ കാഴ്ചകൾ കണ്ടു തുടങ്ങും. മഞ്ഞിന്റെ മേഘക്കീറുകൾ മരങ്ങൾക്കു മീതെ തങ്ങിനിൽപുണ്ട്. താഴ്ത്തിയിട്ട ചില്ലിലൂടെ തണുപ്പ് അരിച്ചുകയറുന്നു. അതുവരെ ഒന്നായി വന്ന റോഡ് പെട്ടെന്ന് രണ്ടായി പിരിഞ്ഞു. ഇടത്തേക്ക് പോവണോ വലത്തോട്ട് പോവണോ?. കൺഫ്യൂഷനായി. അപ്പോഴാണ് റോഡരികില്‍ ഓലമേഞ്ഞ ചായക്കട കണ്ടത്– ‘‘ജംഗിൾ വ്യൂ ഉണ്ണിയപ്പക്കട’’

‘കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട’ എന്ന പേരിൽ പ്രശസ്തമായ തിരുനെല്ലിയിലെ ഈ ചായക്കട സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ വഴി പോകുമ്പോൾ ഇവിടെ ബ്രേക്കിടാത്ത വാഹനങ്ങളില്ലെന്നു തന്നെ പറയാം. ‘‘അതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഇവിടത്തെ ഉണ്ണിയപ്പപ്പെരുമ.

രണ്ടാമത്തേത് തെറ്റ് റോഡിന്റെ കൺഫ്യൂഷൻ. ഇവിടെ നിന്ന് ഇടത്തേക്ക് പോയാൽ തിരുനെല്ലി ക്ഷേത്രത്തിലെത്താം. വലത്തേക്ക് തിരിഞ്ഞാൽ കുട്ട – കുടക്’’ – ഉണ്ണിയപ്പപ്പെരുമയ്ക്ക് നേതൃത്വം കൊടുക്കുന്ന വിനോദ് പറയുന്നു. കുട്ടേട്ടന്റെ മരണശേഷം മക്കളായ വിനോദും വിജീഷുമാണ് ഇവിടെ രുചിയൊരുക്കുന്നത്. ഉണ്ണിയപ്പം മാത്രമല്ല, സ്വാദൂറുന്ന സാമ്പാറും ഇഡ്ഡലിയും ഇവിടെ കിട്ടും. ഓല മേഞ്ഞ കൂരയ്ക്കു താഴെ ബെഞ്ചിലിരുന്ന്, കാടിന്റെ കാഴ്ചകളാസ്വദിച്ച് ചൂടോടെ ഉണ്ണിയപ്പം കഴിക്കുമ്പോഴുണ്ടാവുന്ന ഫീലുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. ഡ്രൈവിങ്ങിനിടെ കഴിക്കാനുള്ള ഉണ്ണിയപ്പം പൊതിഞ്ഞു വാങ്ങി കുട്ട റോഡിലേക്ക് തിരിഞ്ഞു. കൗതുകമുള്ള നാട്ടുപേരാണ് ‘കുട്ട’. കർണാടകയുടെ അതിർത്തി ഗ്രാമം. കേരളത്തിൽ നിന്നും കർണാടകയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ പ്രധാന സ്റ്റോപ്പുകളിലൊന്നാണിത്.

ഇതാണ് റോഡ്

കാപ്പിത്തോട്ടങ്ങളും കൃഷിയിടങ്ങളും അതിരിടുന്ന കാഴ്ചകളിലൂടെ കുട്ട പിന്നിട്ടു. അൽപം പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും പച്ചപ്പിനിടയിലൂടെ തിരക്കു കുറഞ്ഞ ഡ്രൈവ് ആസ്വദിക്കാം. അപരിചിതമായ റോഡിന്റെ ത്രില്ലുമുണ്ട്. ഒഴിഞ്ഞ പാടങ്ങങ്ങളും നാട്ടുവഴികളും പിന്നിട്ട് ചെന്നെത്തിയത് ആളും ആരവവുമുള്ള ഒരു ചെറുപട്ടണത്തിലേക്കാണ്. ഗോണിക്കുപ്പ. അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ പ്രധാന അത്താണിയാണ് ഈ പട്ടണം. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും മൈസൂരിലേക്കും സഞ്ചരിക്കുന്ന റോഡ് യാത്രികരുടെ ഇടത്താവളവും ഇതാണ്. ഗോണിക്കുപ്പയിൽ നിന്ന് വിരാജ്പേട്ട–മൈസൂർ റോഡിലേക്ക് ട്രാക്ക് മാറ്റിയപ്പോഴേക്കും റോഡിന്റെ സ്വഭാവം മാറി.

നല്ല കിടിലൻ റോഡ്. ആക്സിലേറ്ററിൽ കാലമർത്തുന്നത് അറിയുന്നതേയില്ല. ഇടയ്ക്കിടെ പൊലീസ് ചെക്കിങ്ങുണ്ട്. റേസിങ് കാറുകളുമായി ‘പിള്ളേർ സെറ്റ്’ കറങ്ങാനിറങ്ങുന്ന റോഡായതുകൊണ്ടാണത്രെ ഈ ചെക്കിങ്. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല; കാടിനോട് അതിരിട്ട് നീണ്ടു നിവർന്ന് കിടക്കുന്ന ഈ റോഡ് കണ്ടാൽ ആർക്കും മൈക്കിൾ ഷുമാക്കറാണെന്നൊക്കെ തോന്നിപ്പോവും. ചരക്കു ലോറികളും ബുള്ളറ്റുകളും ‘സൂൂൂൂൂം’ എന്ന മട്ടിൽ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ചുവപ്പഴകുള്ള കർണാടക കെ.എസ്.ആർ.ടി.സി ദൂരെ നിന്ന് വരുന്നത് കാണാൻ വല്ലാത്തൊരു ചന്തമാണ്.

വിരാജ്പേട്ട – മൈസൂർ റോഡ്

കിടങ്ങിനപ്പുറമുള്ള കാഴ്ചയിലേക്ക് ചാടിക്കയറിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ആനപ്പന്തിയാണ്. ‘മത്തിഗോഡ ആന ക്യാംപ്’. കാട്ടാനകളെ പിടിച്ച് മെരുക്കിയെടുക്കുന്ന തടികൊണ്ടുണ്ടാക്കിയ പടുകൂറ്റൻ പന്തികൾ. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആദിവാസികളുമെല്ലാം ഇതിനോട് ചേർന്ന് താമസിക്കുന്നുണ്ട്. ഇണങ്ങിത്തുടങ്ങിയവരെ  പലയിടത്തായി ചങ്ങലയിട്ടിരിക്കുന്നു. കൂടുതലും കൊമ്പന്മാരാണ്. കൂടുതൽ കാണാനും ക്യാമറയിൽ പകർത്താനുമായി പന്തിയുടെ അടുത്തേക്ക് ചെന്നതും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു – ‘‘ഇവിടെ ഇതിനൊന്നും അനുവാദമില്ല. റോഡിൽ നിന്ന് കാണുന്നത് കണ്ടാൽ മതി’’

കാണാൻ പാടില്ലാത്ത ക്രൂരതകളുള്ളതു കൊ ണ്ടാവുമോ ഇങ്ങനെ തടയുന്നത്? വാദിച്ചു നോക്കാൻ നേരം തരാതെ അയാൾ റോഡിലേക്കുള്ള വഴി കാണിച്ചു. കാട്ടിൽ കൊമ്പു കുലുക്കി രാജാക്കന്മാരായി നടക്കുന്ന കൊമ്പൻമാർക്ക് ചങ്ങലയറ്റത്ത് നിൽക്കുമ്പോഴും തലയെടുപ്പിന് കുറവൊന്നുമില്ല. എങ്കിലും, കവിയുടെ വാചകം പോലെ ബന്ധനം ബന്ധനം തന്നെയാണല്ലോ...ക്യാമറ കണ്ടിട്ടാണോ എന്തോ, കൂട്ടത്തിലൊരാ ൾ കാലുകൾ ചേർത്തു വച്ച് നല്ല ൈസ്റ്റലായി പോസ് ചെയ്തു. ദുബാരെ പോലെ അത്ര പ്രശസ്തമല്ലെങ്കിലും മത്തിഗോഡയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ആനക്കാഴ്ചകളും മനോഹരമാണ്.

ഇണങ്ങിക്കഴിഞ്ഞ ആനകളെ അവർ പ്രധാനപാതയോട് ചേർന്നുള്ള കാട്ടിൽ പലയിടത്തായി മേയാൻ വിടും. കൂട്ടത്തിൽ കുട്ടിക്കുറുമ്പന്മാരെയും കാണാം.

ആനക്കാഴ്ചകളിൽ നിന്ന് ഇത്തിരി ദൂരം മുന്നോട്ടു പോയപ്പോഴേക്കും കാനനക്കാഴ്ചകൾ കൃഷിയിടങ്ങൾക്കു വഴിമാറി. റോഡും അൽപം തല്ലിപ്പൊളിയായി. മലയടിവാരം വരെ പരന്നു കിടക്കുന്ന കൃഷിനിലങ്ങളിൽ വെയിൽ വകവയ്ക്കാതെ അധ്വാനിക്കുന്ന കർഷകരെ കാണാം. വിറകു കെട്ടുകളുമായി പോകുന്ന സ്ത്രീകളും സൈക്കിൾ സഞ്ചാരികളായ കുട്ടികളുമെല്ലാം ചേർന്ന് മനോഹരമായ ഗ്രാമീണചിത്രങ്ങൾ വരച്ചു ചേർക്കും

മിനി ടിബറ്റിൽ

യാത്രയാരംഭിച്ചിട്ട് 130 കിലോമീറ്റർ പിന്നിട്ടതായാണ് മീറ്റർ പറയുന്നത്. പക്ഷേ അത്രയും ദൂരം ഡ്രൈവ് ചെയ്തെന്നു തോന്നുന്നതേയില്ല. കൃഷിനിലങ്ങൾ പിന്നിട്ട് വീണ്ടും ബൈലക്കുപ്പയിലെ പ്രധാന നിരത്തിലേക്ക് വാഹനം കയറി. കരിക്ക് വിൽപനക്കാരന്റെ അരികിൽ നിന്ന് ക്ഷീണവും ദാഹവും തീർത്ത്, ഇനിയേത് ദിശയിലേക്കെന്ന ആലോചനയുമായി നിൽക്കുമ്പോഴാണ് റോഡരികിലെ തോരണങ്ങൾ ശ്രദ്ധിച്ചത്.

ഹിമാലയൻ യാത്രികരുടെ കാറിലും ബൈക്കിലും കാണുന്ന ബുദ്ധമത മന്ത്രങ്ങൾ രേഖപ്പെടുത്തിയ തോരണങ്ങൾ. പരിസരത്തുള്ള ആൾക്കാർക്കിടയിൽ സന്യാസി വേഷം ധരിച്ചവരെയും കണ്ടപ്പോൾ അടുത്ത ലക്ഷ്യത്തെക്കുറിച്ചുള്ള സംശയം തീർന്നു – ഗോൾഡന്‍ ടെംപിൾ. ക്ഷേത്രത്തിന്റെ വഴികളിലേക്ക് വാഹനം തിരിഞ്ഞതുതൊട്ട് തോരണങ്ങളുടെ എണ്ണം കൂടി. സന്യാസിമാരും സഞ്ചാരികളും. ഇത്രയും നേരം കണ്ട കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ. വേറേതോ നാട്ടിലെത്തിയ പോലെ. സുവർണ ക്ഷേത്രത്തിന്റെ പാർക്കിങ്ങിൽ വാഹനം ബ്രേക്കിട്ടു. വയനാട്ടിൽ നിന്നും യാത്ര പുറപ്പെട്ടിട്ട് 142 കിലോമീറ്ററായിരിക്കുന്നു. ഇനി വാഹനം വിശ്രമിക്കട്ടെ;  മനസ്സിനും ശരീരത്തിനും ഇടവേള കൊടുത്ത് ക്ഷേത്രത്തിലേക്ക് നടന്നു.

പ്രാർഥനാ നേരമായിരുന്നു. ഒരേ താളത്തിൽ മന്ത്രങ്ങളുയരുന്നു. ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കയറി  നിലത്തിരുന്നു. നിരനിരയായിരുന്ന് മന്ത്രങ്ങളുരുവിടുന്ന ബുദ്ധസന്യാസിമാർ. കണ്ണടച്ച് ആ ചരണങ്ങള്‍ ശ്രദ്ധിക്കുമ്പോൾ മനസ്സിനകത്താകെയൊരു തണുപ്പ്. ലക്കിടിയിൽ നിന്ന് യാത്രയാരംഭിച്ചപ്പോൾ സ്റ്റിയറിങ് വീൽ കയ്യിലേക്ക് പകർന്ന അതേ തണുപ്പ്.