പതിനാല് കിലോമീറ്ററിൽ ചികഞ്ഞെടുത്ത ഈ ഒൻപത് ഹെയർ പിൻ വളവുകളിൽ നാം യാത്രയുടെ മാന്ത്രികത ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ കടപെട്ടിരിക്കേണ്ട ഒരാളുണ്ട് ? ആരാണത് ? ഇംഗ്ലീഷ് സിനിമകളിൽ കാണാറുളള ടാർസനെ പോലെ ഒരാൾ എന്നു വേണമെങ്കിൽ പറയാം. 

അമേരിക്കയെന്ന ദ്വീപ് കൊളംമ്പസ്സാണു കണ്ടുപിടിച്ചതെങ്കിൽ... കാടിനോടും മ്യഗങ്ങളോളും മല്ലിട്ടു കഴിഞ്ഞിരുന്ന കരിന്തണ്ടൻ എന്ന ആദിവാസി യോദ്ധാവാണ് ചുരം കണ്ടുപിടിച്ചെതെന്നു പറയപെടുന്നു.

ബ്രീട്ടീഷുകാർക്ക് വയനാട്ടിലെ സുഗന്ധവസ്തുക്കൾ, മൊസൂർ വഴി കടത്താൻ വഴിയില്ലാതെ വിഷമിച്ചിരുന്ന കാലം. ബ്രീട്ടീഷ് എഞ്ചിനീയർക്ക് അദ്ദേഹത്തിന്റെ ശിങ്കിടിമാരായിരുന്ന നാടൻ സായ്പ്പൻമാരാണ് മ്യഗങ്ങൾക്കൊപ്പം മലമുകളിലേക്ക് പറന്നുകയറുന്ന കരിന്തണ്ടന്റെ കാര്യം പറഞ്ഞുകൊടുത്തത്. കേൾക്കാത്ത താമസം, ബ്രിട്ടീഷ് പടമൊത്തം അടിവാരത്തുളള കരിന്തണ്ടന്റെ ഊരിലെത്തി കാര്യം അവതരിപ്പിച്ചു. 

ആ ശ്രമകരമായ ദൗത്യം ആദിവാസി യുവാവ് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചുരത്തിനു വഴികാട്ടിയായി ഒപ്പം നില്‍ക്കുകയും കഠിനപ്രയത്നത്തിലൂടെ അത് പൂർത്തികരിക്കുകയും ചെയ്തു. കാര്യം കഴിഞ്ഞ ഉടനെ, അതിനുള്ള പ്രതിഫലമായി സായിപ്പിന്റെ വെടിയുണ്ട തന്നെ ആ യോദ്ധാവിന്റെ നെഞ്ചിൽ തുളച്ചുകയറിയതായി കരുതപ്പെടുന്നു. ഇത് ബ്രീട്ടീഷുകാരുടെ കൊടും ചതിയായിരുന്നു ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

ലക്കിടിയില്‍ കരിന്തണ്ടന് ഇന്നൊരു സ്മാരകമുണ്ട്. വഴിയോരത്ത് ചങ്ങല ചുറ്റിയ ഒരു മരത്തിന്റെ രൂപത്തില്‍. കരിന്തണ്ടന്റെ ആത്മാവിനെ  ഈ ചങ്ങലമരത്തില്‍ തളച്ചതായി ആദിവാസികള്‍ വിശ്വസിയ്ക്കുന്നു. ചരിത്രത്തിൽ എങ്ങും കാണാൻ കഴിയാത്ത ഒരു സംഭവ കഥയാവാം ഒരു കെട്ടുകഥ പോലെ വിചിത്രം. 

പക്ഷെ, വാഹനങ്ങളിൽ ഈ വളഞ്ഞു പുളഞ്ഞ ചുരം റോഡിലൂടെ കടന്നുപോകുന്ന വഴി ഈ ചങ്ങലമരമെത്തിയാൽ കരിന്തണ്ടൻ എന്ന നിഷ്‌ക്കളങ്കനായ ആദിവാസി യുവാവിന്റെ  ജീവിതവും രക്തസാക്ഷിത്വവും അനേകായിരം മനുഷ്യ മനസ്സിലേക്ക് കുടിയേറിയുന്ന പോലെ അറിയാതെ നമ്മുടെ മനസ്സിലേക്കും കടന്നുവരും. എവിടെയോ ഇരുന്നു കരിന്തണ്ടൻ നിഷ്ക്കളങ്കമായ ചിരിയോടെ നമ്മളെ നോക്കുന്ന പോലെ. വീശിയടിക്കുന്ന കാറ്റിൽ അവന്റെ ചിരി നമുക്കും കേൾക്കാം...!