കിളികൾ പാട്ടുപാടിയുണർത്തുന്ന, ജനാലയിലൂടെ പുലരിക്കാറ്റ് വന്നു തൊട്ടുണർത്തുന്ന, ഗ്രാമത്തിലെ സ്വച്ഛമായ പ്രഭാതം മോഹിപ്പിക്കുന്നുണ്ടോ? മഞ്ഞുകണങ്ങൾ പറ്റി പിടിച്ച പുൽപ്പരപ്പിലൂടെ നടക്കുന്നത്, വയൽക്കരയിലെ ചായം തേക്കാത്ത പടികളിലിരുന്ന് സൂര്യൻ മറ‍ഞ്ഞു പോകുന്ന കാഴ്ച കാണുന്നത്. നീന്തൽക്കുളത്തിൽ മുങ്ങാകുഴിയിടുന്നത്, നാലുകെട്ടിന്റെ അകത്തളങ്ങളിലെ തണുപ്പിൽ ഉച്ചനേരം മയങ്ങുന്നത്....ഇതെല്ലാം സ്വപ്നങ്ങളാണോ? തലക്കോട്ടൂർ ഹോംസ്റ്റേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കും. 

തെയ്യങ്ങളുടെയും യക്ഷഗാനത്തിന്റെയും നാടായ കാസർകോട് നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള ഗ്രാമമാണ് പെരുമ്പളം. വീണ്ടും കുറച്ചു മുന്നോട്ടു പോയാൽ തലക്കോട്ടൂർ ഗ്രാമമായി. െപരുമ്പളയിലെ ഏറ്റവും നല്ല ഭൂഭാഗമായതു കൊണ്ടാണ് തലക്കോട്ടൂർ എന്ന പേരു വന്നത്. വയലുകളും കിഴക്കോട്ട് ചെരിഞ്ഞു കിടക്കുന്ന ഭൂമിയും ചന്ദ്രഗിരി പുഴ ചേർന്നൊഴുകുന്നതുമാണ് ഈ നാടിന്റെ ഗ്രാമഭംഗിക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങൾ.

ചെങ്കൽത്തിട്ടകളുള്ള വഴിയുടെ ഇരുവശവും കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും സുന്ദരിപ്പൂവും ചെമ്പരത്തിക്കാടുകളും. തലനീട്ടി നോക്കുന്നുണ്ടാകും. വഴിയിറമ്പുകളിൽ മുഴുവൻ കശുമാവും മാവും പ്ലാവും തിങ്ങി നിൽക്കുന്ന പച്ചമരക്കാടുകളാണ്. ശുദ്ധവായുവും ശാന്തതയുമുള്ള തനി നാട്ടിൻപുറം. വെട്ടിയൊതുക്കിയ ചെമ്മണ്ണു വഴിയിറക്കമിറങ്ങിച്ചെല്ലുന്നത് ഓടും മച്ചും കുളിരു പകരുന്ന സുന്ദരമായൊരു പൗരാണിക ഗൃഹത്തിലേക്കാണ്. പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന സുന്ദരമായ തലക്കോട്ടൂർ ഹോംസ്റ്റേയിലേക്ക്.

തലക്കോട്ടൂർ ഹോം സ്റ്റേ

നാലേക്കർ പറമ്പിൽ തൊണ്ണൂറിലധികം വർഷം പഴക്കമുള്ള ഒരു വീട്. ‘‘കോടോത്ത് പണ്ട് നാലു കെട്ടായിരുന്നു. ആളുകളുടെ എണ്ണം കുറഞ്ഞു വന്നപ്പോൾ പലഭാഗങ്ങളും പൊളിച്ചു മാറ്റി. പൂമുഖവും വടക്കിനിയും തെക്കിനിയും പത്തായപ്പുരയും കൊട്ടിലകവും പടിഞ്ഞാറ്റയും മാത്രം നിലനിർത്തി. മക്കളൊക്കെ കുടുംബമായി പുറത്തായതുകൊണ്ട് ഞാനും ഭർത്താവും മാത്രമേയുള്ളൂ. ആള് ജോലിക്കു പോയിക്കഴിഞ്ഞാൽ പിന്നെ തനിച്ചാവും. എങ്ങനെ സമയം പോക്കാം എന്നാലോചിച്ചപ്പോഴാണ് ഹോംസ്റ്റേ എന്ന ആശയം തോന്നിയത്. പിന്നെ പാചകത്തിൽ ഇത്തിരി കമ്പവുമുണ്ട്. 2013 ലാണ് ഹോം സ്റ്റേ തുടങ്ങുന്നത്’’ കാസർകോട് ഒരു ക്ലിനിക്കിൽ ഡോക്ടറാണ് കെ. കെ. നായർ.ശ്യാമള നായർ വീട്ടമ്മയും. മുകളിലെ തമ്പുരാട്ടി, തമ്പുരാൻ, ചന്ദ്രഗിരി എന്നിങ്ങനെ പേരുള്ള മൂന്നു മുറികളാണ് ഹോംസ്റ്റേക്ക് കൊടുക്കുന്നത്.

എല്ലാം മച്ചുള്ള മുറികളാണ്. നീളൻ ജനാലകളിലൂടെ മുറിയിൽ കയറിയിറങ്ങുന്ന കാറ്റ് വേനൽക്കാലത്തു പോലും തണുപ്പു നിറയ്ക്കുമെങ്കിലും വിദേശികളാണ് കൂടുതൽ വരവ് എന്നതുകൊണ്ട് മുറികൾ എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. പഴയ ഓവറകൾ ഷെൽഫുകളാക്കി പുതുക്കി പണിതു. അതുപോലെ അറ്റാച്ഡ് ബാത്ത്റൂമുകളും ആധുനീകരിച്ചവയാണ്. തിളങ്ങുന്ന ചുവന്ന നിലവും കൊത്തുപണികളുള്ള കട്ടിലുകളും മേശകളും ഇരിപ്പിടങ്ങളും മുറി രാജകീയമാക്കുന്നുണ്ട്. മുറിയിൽ നിന്നിറങ്ങുന്നത് നീളൻ വരാന്തയിലേക്ക്.....

മീനുരുക്കിയതും മാങ്ങാപെരക്കും

അതിഥികൾക്കായി വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് വിളമ്പുന്നത്. നോൺെവജ് കറികൾക്കുള്ള ചിക്കൻ, മട്ടൻ, മീൻ എന്നിവയും സവാള, ഉള്ളി, തക്കാളി തുടങ്ങിയവയും മാത്രമാണ് പുറത്തു നിന്നു വാങ്ങുന്നത്. വയലിൽ കൃഷി ചെയ്തെടുക്കുന്ന അരിയും പറമ്പില്‍ വിളയിച്ചെടുക്കുന്ന ജൈവപച്ചക്കറികളുമാണ് ഭക്ഷണത്തിനുപയോഗിക്കുന്നത്.

തനി കാസർകോടൻ രീതിയിൽ വിഭവങ്ങളുണ്ടാക്കുന്നതിൽ നിപുണയുമാണ് ശ്യാമള. ‘‘ഞാൻ തന്നെയാണ് അതിഥികൾ വരുമ്പോൾ ഇളനീരോ അല്ലെങ്കിൽ പച്ചമാങ്ങാ പാനീയമോ ചാമ്പയ്ക്ക പോലെ സീസണിലുള്ള എന്തെങ്കിലും പഴങ്ങൾ കൊണ്ടുള്ള ജ്യൂസോ കൊടുത്താണ് സ്വീകരിക്കുക. കൃത്രിമ പാനീയങ്ങൾ ഉപയോഗിക്കാറില്ല. ഫ്രിജിൽ വച്ച ഭക്ഷണവും നൽകില്ല. പ്രാതൽ പലഹാരങ്ങളാണെങ്കിലും പുട്ട്, ആപ്പം, ഒറൊട്ടി എന്നിവയൊക്കെയാണ് സാധാരണയായി ഉണ്ടാക്കുക. നോർത്ത് ഇന്ത്യക്കാർ വരുമ്പോൾ ദോശ കൂടി ഉണ്ടാക്കും. ചായയ്ക്ക് ഉപയോഗിക്കുന്നതും കുട്ടികൾക്കു കൊടുക്കുന്നതും ശുദ്ധമായ പശുവിന്‍ പാലാണ്. ഇടനേരത്തെ പലഹാരം ഇലയടയോ പഴം കാച്ചിയതോ കൊഴുക്കട്ടയോ ആണ്. ചക്കക്കാലമാണെങ്കിൽ ചക്കമൂഡയുണ്ടാക്കും. 

ഉച്ചയ്ക്ക് പായസം കൂട്ടി വിഭവസമൃദ്ധമായ സദ്യ കൊടുക്കും. അതും നല്ല തൂശനിലയിൽ. ഒപ്പം മീനുരുക്കിയോ ചിക്കൻ സുക്കയോ ഉണ്ടാകും. താളുകൊണ്ട് തോരൻ, ചക്കക്കുരു വെള്ളരിക്ക ഓലൻ, മാങ്ങാ പെരക്ക് എന്നിങ്ങനെ തനി നാടൻ കറികളും വയ്ക്കും. കണ്ണിമാങ്ങയോ വടുകപ്പുളിയോ അതാത് കാലങ്ങവിൽ അച്ചാറിട്ട് വച്ചിട്ടുണ്ടാകും. അത്താഴത്തിന് പത്തിരിയോ അപ്പമോ ചപ്പാത്തിയോ ഉണ്ടാക്കും. ഒരിക്കൽ ജപ്പാനിൽ നിന്നുള്ളവർ വന്നപ്പോൾ കഞ്ഞിയുണ്ടാക്കി തരാൻ പറഞ്ഞു. വാഴത്തണ്ടു കൊണ്ട് തടയുണ്ടാക്കി വാഴയില വാട്ടി കുമ്പിൾ കോട്ടി ചൂടു പൊടിയരിക്കഞ്ഞിയും പുഴുക്കും ഉപ്പേരിയും പപ്പടവും കൊടുത്തപ്പോൾ സന്തോഷമായി. വയലിലുണ്ടാവുന്ന മധുരക്കിഴങ്ങ് വെണ്ണ തേച്ച് ഗ്രിൽ ചെയ്ത് കൊടുക്കാറുണ്ട്. അതുപോലെ പലതരം കട്‍ലറ്റുകളുമുണ്ടാവും. ഏത്തപ്പഴമോ പൈനാപ്പിളോ കാരമൽ ചെയ്ത് കറുവപ്പട്ടയുടെ പൊടി വിതറി കൊടുക്കും. ഇവിടെ വരുന്നവർ പ്രത്യേകം എടുത്തു പറയുന്നത് ഭക്ഷണത്തെക്കുറിച്ചാണ്. 

വയൽക്കരയിലെ കാഴ്ചകൾ

മുറ്റത്തിനു കുറച്ചു നീങ്ങി പടവുകൾ കെട്ടി വൃത്തിയാക്കിയ കുളമുണ്ട്. നീന്തൽക്കുളങ്ങളിൽ മാത്രം നീന്തിയിട്ടുള്ളവര്‍ക്ക് കുളത്തിലെ ഈ തുടിച്ചു നീന്തൽ നല്ലൊരു അനുഭവമായിരിക്കും. പറമ്പിൽ വെറുതേ അലഞ്ഞു നടക്കുന്നതു പോലും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. പലതരം മാവുകൾ പറമ്പിലുണ്ട്. ഒപ്പം പപ്പായയും പേരയും സപ്പോട്ടയും ചാമ്പയും കശുമാവുമെല്ലാമായി വിഭവസമൃദ്ധമാണ് വീടിനു ചുറ്റുപാട്. തൊടിയില്‍ ചുറ്റി നടക്കുന്നതിനിടെ പഴങ്ങൾ ആവശ്യത്തിനു പറിച്ചെടുത്തു കഴിക്കാം. 

സന്ധ്യയായാൽ മുന്നിലുള്ള വയൽക്കാഴ്ചകളിലേക്ക് യാത്ര പോകാം. വയൽത്തിട്ടയിലിരുന്ന് ഗ്രാമത്തിൽ സന്ധ്യ ചേക്കേറുന്നത് കാണാം. മനോഹരമായ കാഴ്ചയാണത്. കിളികൾ കൂടണയാനായി വെമ്പുന്നതും അസ്തമനത്തിന്റെ ചെഞ്ചായവും ഒരു നിമിഷം നിങ്ങളെ ഭ്രമിപ്പിക്കാതിരിക്കില്ല. വയലിന്നരികിലൂടെ ചെറിയൊരു അരുവി ഒഴുകുന്നുണ്ട്. മീൻ പിടിത്തവും മുങ്ങിക്കുളിയുമെല്ലാമായി അരുവിയിലുള്ള കളി കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും. 

ഒരു കിലോമീറ്റർ നടന്നാൽ ചന്ദ്രഗിരി പുഴയായി. നാട്ടിൻപുറത്തിലൂടെ പുഴക്കരയിലേക്കുള്ള സവാരിയും ആനന്ദം പകരം. തൂക്കുപാലവും തൊട്ടടുത്താണ്. ബേക്കൽ കോട്ട, അനന്തപുരി തടാകം, ഹാന്റ്ലൂം വീവ്സ് എന്നിവയും അധികം ദൂരെയല്ല. ട്രെക്കിങ്ങിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. ആർക്കെങ്കിലും ആയുർവേദ മസാജ് വേണമെന്നുണ്ടെങ്കിൽ തൊട്ടടുത്ത് അതിനുള്ള സൗകര്യവുമുണ്ട്. അവർക്ക് അതിനനുസരിച്ചുള്ള ഭക്ഷണവും തയാറാക്കി കൊടുക്കും. 

‘‘കാഴ്ചകൾ കണ്ട് തിരിച്ചെത്തുമ്പോൾ സന്ധ്യയ്ക്ക് വിനോദത്തിന്നായി ഉറിയടി മത്സരവും തെങ്ങിൻ മടലുകൊണ്ട് ക്രിക്കറ്റ് കളി തുടങ്ങിയ നാടന്‍ കളികളൊക്കെ ഏർപ്പെടുത്തും. അതുപോലെ തെയ്യക്കാലമായാൽ തെയ്യം കാണിക്കാൻ‌ കൊണ്ടുപോവും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഞങ്ങളുടെ തറവാട്ടിലെ തെയ്യമുണ്ട്. ആ സമയത്തേക്ക് മുൻകൂട്ടി ബുക്കിങ് വരാറുണ്ട്. കൂടുതലും വിദേശികളായിരിക്കും. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൈകൊട്ടിക്കളിയും ഒപ്പനയുമൊക്കെ സംഘടിപ്പിക്കാറുണ്ട്. 

കൂടുതലും ട്രിപ്പ് അഡ്വൈസർ വഴിയാണ് ആളുകൾ വരുന്നത്. അല്ലാതെ വലിയൊരു മാർക്കറ്റിങ് ചെയ്യലൊന്നുമില്ല. ട്രിപ്പ് അഡ്രൈസറിന്റെ ബെസ്റ്റ് ഹോം സ്റ്റേക്കുള്ള അവാർഡ് തുടർച്ചയായി മൂന്നു വർഷം കിട്ടി.’’ ശ്യാമള നായർ പറഞ്ഞു നിറുത്തി.

.തിരിച്ചു പോരുമ്പോൾ നഷ്ടബോധം തോന്നി. നഗരം ജീവിതത്തെ വേഗമേറ്റുന്നുണ്ടെങ്കിലും നാട്ടിൻപുറം ഹൃദയത്തെ ആർദ്രമാക്കുന്നുണ്ട്. വേലിയിലെ ശംഖുപുഷ്പം ചോദിച്ചു ‘തിരിച്ചു വരുന്നതെന്നാണ്.’

ചിത്രങ്ങൾ: ശ്രീജിത് ദാമോദരൻ