കാന്തല്ലൂരിലെ ആ മൺവീട്ടിൽ നിന്നിറങ്ങുമ്പോൾ എല്ലാവരും സംതൃപ്തരായിരുന്നു. ഞങ്ങൾക്കിഷ്ടമായതു മൺതേച്ച ചുവരുകളും മരംകൊണ്ടുണ്ടാക്കിയ മച്ചുമാണെന്ന് ഒരു കുടുംബം. പിന്നിലൊരു ചെറുവെള്ളച്ചാട്ടത്തിന്രെ താരാട്ടാണ് മറ്റൊരു കൂട്ടർക്കിഷ്ടമായത്. മരമേലാപ്പുകൾക്കു താഴെ ശബ്ദകോലാഹലങ്ങളില്ലാതെ, ഫാനും ഏസിയുമില്ലാതെ, പുതച്ചുമൂടി കിടന്നതാണ് മൂന്നാമത്തെ കുടുംബത്തിനെ ആകർഷിച്ചത്.

സ്വാഭാവികമായും ഒരു സംശയം നിങ്ങളിൽ വരും. മൂന്നുകുടുംബങ്ങൾ ഒരു മൺവീട്ടിൽ താമസിച്ചോ എന്ന്. കാന്തല്ലൂരിനടുത്ത്  പ്രകൃതിയോടിണങ്ങി ഒരുക്കിയ ആ ഇരുനിലവീട്ടിൽ ഇതൊക്കെ സാധ്യമാണ്. കേരളത്തിൽ  ശീതകാലവിളകളായ കാരറ്റും ആപ്പിളും മറ്റും വിളയുന്ന മലമേടാണ് കാന്തല്ലൂർ. ചന്ദനത്തോപ്പായ മറയൂരിൽനിന്നു വീണ്ടും മുകളിലേക്കു കയറണം കാന്തല്ലൂരിലെത്താൻ. അപ്പോൾ ഊഹിക്കാമല്ലോ തണുപ്പ് എങ്ങനെയുണ്ടാകുമെന്ന്. നീലക്കുറിഞ്ഞി കണ്ടശേഷം മൂന്നാറിലെ ഇരവിക്കുളത്തിനോടു വിടപറഞ്ഞ് നല്ലൊരു താമസസൌകര്യം നോക്കിയാണ് കാന്തല്ലൂരിലെത്തിയത്. ആപ്പിളുകൾ വിളഞ്ഞുനിൽപ്പുണ്ട്.

അതിശയമെന്നു പറയട്ടെ, റോഡരികുകളിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നു. അതും രാജമലയിലേക്കാൾ സമൃദ്ധിയോടെ. ശീതകാലത്തോട്ടങ്ങളിലൂടെ ഒന്നു നടന്നിറങ്ങിയശേഷം സന്ധ്യയോടെയാണ് റെഡ് വുഡ് റിട്രീറ്റിലെത്തിയത്. മഴ ചാറ്റിത്തുടങ്ങുന്നുണ്ട്. സർ അതുകൊണ്ട് ക്യാംപ് ഫയർ ഒരുക്കാൻ പാടാണ്. ആ മരവീടിന്റെ സൂക്ഷിപ്പുകാരൻ രാജേന്ദ്രൻ ചേട്ടൻ ക്ഷമാപണസ്വരത്തിൽ അറിയിച്ചു. മഴ കൊണ്ടു കിടക്കുന്ന മര ഇരിപ്പിടങ്ങൾ ആ കുന്നിൻ ചരുവിലെ പുൽമേട്ടിൽ അനാഥമായിക്കിടന്നു. കമുകിൻപാളികൾ കൊണ്ടുപൊതിഞ്ഞ പുറംഭിത്തികൾ. ഓടിട്ട മേൽക്കൂര. കയർവരിഞ്ഞെടുത്ത മരത്തൂണുകൾ. കയർചവിട്ടികൾ വിരിച്ച തറ. നിറഞ്ഞ പച്ചപ്പിൽ ആ വീടിനെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിവരിക്കാം.

പുറത്തുകൂടി ഒരു മരഗോവണി കയറിയെത്തുമ്പോൾ അങ്ങുതാഴെ തട്ടുതട്ടായ കൃഷിയിടങ്ങൾ. അവയിൽ പച്ചപ്പിന്റെ സമൃദ്ധി. ഗോവണി കയറിവരുന്നിടത്ത് ചെറിയൊരു സിറ്റൌട്ട്. വൻമരങ്ങളുടെ ചെറുശിഖരങ്ങൾ നമ്മുടെ ഉയരത്തിൽ നിൽപ്പുണ്ട്. മഴത്തുള്ളികൾ പുൽമേഞ്ഞ മേൽക്കൂരയിൽനിന്നു താഴോട്ടുവീഴാൻ മടികാണിക്കുന്നു..

നാലു ബെഡുകൾ ഒരുക്കിയിട്ടുണ്ട് മുകളിൽ. ഒന്നു ചാടിയാൽ തലതട്ടുന്നത്ര അടുപ്പത്തിലാണു മേൽക്കൂര. മണ്ണു പൂശിയ ഭിത്തികളിൽ കൈവിരൽപ്പാടുകൾകൊണ്ട രേഖകൾ ഏതോ കലാസൃഷ്ടിയെ ഓർമിപ്പിക്കും. രണ്ടു വെസ്റ്റേൺ ശൈലിയിലുള്ള ബാത്തറൂമുകളുമുണ്ട്.  ഇത്രയുമാണ് ഈ വീടിനെപ്പറ്റി പറയാനുള്ളത്. പിന്നിലൊരു ചെറിയ അരുവി. ഒരാൾപൊക്കത്തിൽ കുഞ്ഞു വെള്ളച്ചാട്ടം. ജലപാതത്തിന്രെ ശബ്ദം ഒരു താരാട്ടുപോലെ ആസ്വദിക്കാം. വെള്ളത്തിൽ  ഇറങ്ങാമെന്നു കരുതേണ്ട. അട്ടകളുടെ കടികൊള്ളും. അത്താഴത്തിനു ചപ്പാത്തിയും ചിക്കനുമായാലോ?  രാജേന്ദ്രേട്ടൻ ഒരാളെ സഹായത്തിനു വിളിച്ചുകൊണ്ടുവന്നു. ഓവർകോട്ടൊക്കെയിട്ട് ആ ചേച്ചി അടുക്കളയിലേക്കു പോകാനൊരുങ്ങിയപ്പോൾ ആരോ പേരു ചോദിച്ചു.

ഓവർകോട്ടിൽ രണ്ടുകയ്യും ഒളിപ്പിച്ച് അവർ ആ പേരു പറഞ്ഞു- വിക്ടോറിയ.  ഒരു ചെറുനാണമുണ്ടായിരുന്നോ ആ മുഖത്ത് എന്നു സംശയം. രാജ്ഞിയാണോ? അവർ തയാറാക്കിത്തന്ന ചിക്കൻ വിഭവങ്ങൾ നാവിൽ വച്ചപ്പോൾ എല്ലാവരും കൂട്ടത്തോടെ പറഞ്ഞു. ഇവർ രാജ്ഞിതന്നെ. രുചികളുടെ രാജ്ഞി. രാവിലെ പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത പുത്തൂർ ഗ്രാമത്തിലെ അടുപ്പുകളിൽനിന്നു നീലപ്പുകയുയരുന്നുണ്ട്.  തൊട്ടുമുകളിലുള്ള ആനമുടിച്ചോല ദേശീയോദ്യാനത്തിലെ മലനിരകളെക്കാൾ നീലയുണ്ട് ആ പുകയിൽ പ്രഭാതരശ്മികൾ തലോടിയപ്പോൾ കിട്ടിയ നിറത്തിന്.  കാർഷിക ഗ്രാമമാണിത്. ഗ്രാമവഴികളിലൂടെ ഒരു നടത്തമാകാം. അല്ലെങ്കിൽ കഥകൾ പറഞ്ഞ് മട്ടുപ്പാവിൽ വെറുതെയിരിക്കാം. എന്തിനും കൂട്ടായി തണുപ്പുണ്ടാകും ആ പ്രകൃതിവീട്ടിൽ.

കാഴ്ചകൾ എന്തൊക്കെ? 

കീഴാന്തൂരിൽനിന്ന് ഈ നാടിന്റെ തനതുവിളയായ വെളുത്തുള്ളി വാങ്ങണം. ഒരെണ്ണം നാവിലിട്ടുനോക്കൂ, ചെറിയൊരു പൊന്നീച്ച പറക്കുന്നതിന്റെ രസമറിയാം. കാന്തല്ലൂരിലെ ശർക്കര ഫാക്ടറികളിൽ കയറി വിശ്വപ്രസിദ്ധമായ മറയൂർ ശർക്കര വാങ്ങാം. ആനമുടിച്ചോലയെ അകലെനിന്നു കാണാം. കരിന്പിൻപൂവുകളെ തലോടി തട്ടുതട്ടായ കൃഷിയിടങ്ങളിലൂടെ അലസമായി നടക്കാം. പ്രാചീനമനുഷ്യന്റെ സംസ്കാരങ്ങളെ തൊട്ടറിയാൻ മുനിയറകൾ കാണാം. ഇതൊക്കെയാണ് ഈ പർണശാലയിൽ താമസിച്ചാൽ കിട്ടുന്ന കാഴ്ചകൾ.