വേറിട്ട കാഴ്ച്ചകൾ തേടിയാണ് യാത്രയെങ്കിൽ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ  യാത്രയിൽ, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകർഷിക്കാൻ തക്ക  നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയിൽ. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതിൽ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ...ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം.

Image From kfdcecotourism official page

ഗവി

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക്  നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. ആ യാത്ര ഓരോ യാത്രികനും പുത്തനനുഭവങ്ങൾ സമ്മാനിക്കുമെന്നതിനു തർക്കമില്ല. ധാരാളം സഞ്ചാരികൾ  കാട് കാണാനിറങ്ങുന്നതു കൊണ്ട് തന്നെ നിരവധി സൗകര്യങ്ങളാണ് ഗവണ്മെന്റ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം. ഗവി യാത്രക്കുള്ള തയാറെടുപ്പുകൾ വളരെ ശ്രദ്ധിക്കണം. കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികളെയും കാണാം. ചെക്ക്‌പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നതു ആർക്കും വായിക്കാം.

കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാനോ അമിത സ്പീഡോ പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി കടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം മുന്നോട്ടു യാത്ര തുടരാൻ. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റു ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനും ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും സൗകര്യമുണ്ട്. 

കോന്നി

ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനകളെ കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രൻ കുട്ടവഞ്ചി യാത്രയും,. കേള്‍ക്കുമ്പോൾ തന്നെ പോയാല്‍ കൊള്ളാം എന്നാണോ. എങ്കില്‍ വണ്ടി പിടിച്ചോ നേരെ പത്തനംതിട്ടയ്ക്ക്.

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ് വനങ്ങളില്‍ ഒന്നുകൂടിയാണിവിടം. ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം.

ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്.  ഒമ്പത് ഏക്കറിലാണ് ഈ ആനക്കൂട്  സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ ആനക്കൊട്ടിലിനെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ വരെ പരാമർശമുണ്ട്. 

അടവി

ഒറ്റദിന യാത്രയ്ക്ക് ഏറ്റവുമുചിതമായൊരിടമാണ് അടവി. കോന്നിയിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അടവിയിപ്പോൾ സഞ്ചാരികളുടെ പ്രിയ താവളമാണ്. കോന്നിയിലെ ആനക്കൊട്ടിൽ കണ്ടുകൊണ്ട് ഉല്ലാസയാത്രയിലെ  കാഴ്ചകൾ ആരംഭിക്കാം.

കാടിനുനടുവിലൂടെയും മലഞ്ചെരിവുകളിലൂടെയുമുള്ള യാത്ര, യാത്രാപ്രേമികളെ ഉത്സാഹഭരിതരാക്കും. കുരങ്ങന്മാരും പക്ഷികളും വഴിയിലുടനീളം കൗതുകം പകർന്നുകൊണ്ട് സഞ്ചാരികളെ അനുഗമിക്കും. അടവിയിലെ പ്രധാനാകർഷണം തണ്ണിത്തോട്ടിലെ കുട്ടസവാരിയാണ്. പുഴയുടെ തണുപ്പറിഞ്ഞുള്ള യാത്ര സഞ്ചാരികളുടെയും ഉള്ള് കുളിർപ്പിക്കും. മണിക്കൂറിനു 800 രൂപയാണ് കുട്ടയാത്രയ്ക്ക് ഈടാക്കുന്നത്.

ആലുവാംകുടി

അതിസാഹസികയിടങ്ങൾ തേടി പോകുന്നവർക്ക് ആലുവാംകുടി യാത്ര ഏറെയിഷ്ടപ്പെടും. ഇടതൂർന്നു നിൽക്കുന്ന നിബിഢവനത്തിലൂടെയുള്ള യാത്ര രസകരമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുവാംകുടി ശിവക്ഷേത്രം, വിശ്വാസികൾക്ക് വിസ്മയം ജനിപ്പിക്കത്തക്കതാണ്. പൊളിഞ്ഞു വീഴാറായ ക്ഷേത്രം ഈയിടെ നവീകരിച്ചിട്ടുണ്ട്.

പുരാതന കാലത്ത് മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായാണ് ആലുവാംകുടി ക്ഷേത്രത്തിനെ കണക്കാക്കുന്നത്. ഇരട്ട കല്ലാർ പദ്ധതിയുടെ ഭാഗമായ രണ്ടാട്ടുമുഴി, കോട്ടപ്പാറ മലകൾ, നാനാട്ടുപാറ മല, അണ്ണൻ തമ്പി മേട് തുടങ്ങി നിരവധി കാഴ്ച്ചകൾ ഈ സ്ഥലത്തിന്  വശ്യതയേറ്റുന്നു. കോന്നിയിൽ നിന്നും അധികം അകലെയല്ല ആലുവാംകുടി. മഞ്ഞും കോടയും കാടും വൃക്ഷലതാദികളും മലയും അരുവിയും ചെറുവെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള ആലുവാംകുടി യാത്ര യാത്രികർക്ക് നനുത്ത ഓർമ്മകൾ സമ്മാനിക്കുക തന്നെ ചെയ്യും.

പെരുന്തേനരുവി

സഞ്ചാരികളുടെ മനം നിറയ്ക്കുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. റാന്നി, വെച്ചൂച്ചിറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാടിന്റെ പശ്ചാത്തലവും, കുത്തിയൊഴുകുന്ന പാൽപുഴയും ആദ്യ കാഴ്ച്ചയിൽ തന്നെ മോഹിപ്പിക്കും. അതിസുന്ദരമായതു കൊണ്ട് തന്നെ  നിരവധി സഞ്ചാരികളാണ്  പെരുന്തേനരുവി കാണാനായി എത്തുന്നത്. പശ്ചിമഘട്ട മലനിരകളിൽ നിന്നും വളരെ ശാന്തമായി ഒഴുകിയെത്തുന്ന നദിയ്ക്ക് ഇവിടെയെത്തുമ്പോൾ രൗദ്രഭാവം കൈവരുന്നു. നൂറടിയിൽ നിന്നും മുകളിലേക്ക് പതിക്കുന്നതുകൊണ്ടു തന്നെ പെരുന്തേനരുവിയ്ക്ക് മനോഹാരിത കൂടുതലാണ്.