ഇടുക്കിയെപ്പോഴും കിടുക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്നൊരു  മിടുക്കിയാണ്. സൗന്ദര്യവും കാഴ്ചകളും ആ മലമുകളിൽ കാത്തുവെച്ചിട്ടു, താഴെ നിൽക്കുന്നവനെ അത് കാണാനായി അവൾ എന്നും മുകളിലോട്ടു ക്ഷണിക്കും. വിളി കേൾക്കുന്ന താമസം അവളെ കാണാനായി ചിലരൊക്കെ ഓടി ആ മലമുകളിലെത്തും. മനം നിറയെ കണ്ട്‌, നിറഞ്ഞ സന്തോഷത്തോടെ തിരിച്ചിറങ്ങും. എത്രയെത്രെ സ്ഥലങ്ങൾ..എത്രയെത്രെ കാഴ്ചകൾ..തിരിച്ചിറങ്ങുമ്പോൾ അവൾ എന്നും കാതിൽ പറയും.. ഇനിയും കാണാൻ ഇവിടെയേറെയുണ്ടെന്ന്...വീണ്ടും വരണമെന്ന്.. ആ വിളിയുടെ മാധുര്യത്തിലലിഞ്ഞാണ് സ്ഥിരം ഇടുക്കികാഴ്ചകളെ മറന്ന് പശുപ്പാറ എന്ന പച്ചത്തുരുത്ത് യാത്രയുടെ ലക്ഷ്യമായത്.

പാഞ്ചാലിമല, ചിത്രങ്ങൾ: അനീഷ് മാർക്കോസ്

തേയിലത്തോട്ടങ്ങൾ നിറഞ്ഞ പശുപ്പാറ ഒരു പച്ചയണിഞ്ഞ ദ്വീപാണ്. ഇരുമലകൾ ദ്വാരപാലകന്മാരെ പോലെ ഈ ഭൂമിയെ സംരക്ഷിച്ചുനിൽക്കുന്നു. അർജുന മലയെന്നും പാഞ്ചാലി മലയെന്നുമാണ് ഈ കാവൽകുന്നുകളുടെ പേര്. അര്‍ജുനനോട് മാത്രം ഏറെ പ്രിയമുള്ള ഭാര്യയിരുന്നുവല്ലോ പാഞ്ചാലി ആ ഒരു പ്രണയം ഇരുമലകൾക്കുമിടയിലുമുണ്ടെന്നു തോന്നുന്നു. ട്രെക്കിങ്ങ് പ്രിയർക്കു ഏറെ പ്രിയമുള്ള രണ്ടുമലകളാണിവ. അർജുന മലയിലേക്കുള്ള യാത്ര ആരംഭിക്കുന്നിടം ലക്ഷംവീട് ജംഗ്ഷനിൽ നിന്നാണ്. മണിക്കൂറുകൾ നീണ്ട നടത്തം മലമുകളിൽ എത്തുന്നതിനു സഹായിക്കും. ഒഴുകി നടക്കുന്ന മേഘക്കൂട്ടങ്ങൾ തഴുകി, പുണർന്നു കടന്നുപോകും. ആ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച്  എത്രനേരം വേണമെങ്കിലും അവിടെ നിന്നുപോകും.

ചിത്രങ്ങൾ: അനീഷ് മാർക്കോസ്

സമയം കടന്നുപോകുന്നത് അറിയുകയേയില്ല. അര്‍ജുനമലയുടെ അത്രയും കഠിനതരമല്ല പാഞ്ചാലിമലയുടെ മുകളിലേക്കുള്ള യാത്ര. ചരിഞ്ഞു കിടക്കുന്ന ഒരു യുവതിയുടെ ദേഹത്തെ അനുസ്മരിപ്പിക്കും പാഞ്ചാലിമല. ആലമ്പള്ളി നദിക്കരയിലൂടെ രണ്ടുകിലോമീറ്ററോളം യാത്ര ചെയ്താണ്  പാഞ്ചാലിമലയുടെ മുകളിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. ഇരുമലകളുടെയും മുകളിലെ കാഴ്ചകൾ അവര്‍ണനീയമാണ്. നേർത്ത മഴത്തുള്ളികളും കോടമഞ്ഞും മേഘക്കൂട്ടങ്ങളുമെല്ലാം ആ  പ്രകൃതിയിൽ പ്രണയം ജനിപ്പിക്കും.

നൂറുവര്‍ഷമായിട്ടേയുള്ളു പശുപ്പാറയിൽ മനുഷ്യവാസം തുടങ്ങിയിട്ട്. കാടിന്റെ കുറച്ചു ഭാഗം വെട്ടിത്തെളിച്ചു താമസത്തിനും കൃഷിക്കുമായി ഒരുക്കിയെടുക്കുകയായിരുന്നു ഇവിടെ ആദ്യം താമസത്തിനെത്തിയവർ. തേയിലയും ഏലവും കാപ്പിയും കുരുമുളകുമെല്ലാം ഈ മലമുകളിൽ അധ്വാനമെറിഞ്ഞു അവർ വിളയിച്ചെടുത്തു. മനസറിഞ്ഞു അധ്വാനിച്ചപ്പോൾ പ്രകൃതിയും അറിഞ്ഞു സഹായിച്ചു, വിളവെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തു. അങ്ങനെ മണ്ണിൽ പൊന്നു വിളയിച്ച ഒരു ജനതയാണ് പശുപ്പാറയിലുള്ളത്. ഇവിടുത്തെ ആദ്യ താമസക്കാർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. സൗന്ദര്യം നിറഞ്ഞ ഇടങ്ങൾ ഇടുക്കിയിൽ നിരവധിയാണ്. എത്രകണ്ടാലും അറിഞ്ഞാലും ആ പ്രകൃതിയോടുള്ള കൊതി ഒരു യാത്രികനും ഒരിക്കലും അടങ്ങുകില്ല.

ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിലാണ് പശുപ്പാറ സ്ഥിതി ചെയ്യുന്നത്. രണ്ടുവഴികളിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. കോട്ടയം-കുമളി റോഡിൽ, ഏലപ്പാറയിൽ നിന്നും പന്ത്രണ്ടു കിലോമീറ്ററാണ്  പശുപ്പാറയിലേക്കുള്ള ദൂരം. തൊടുപുഴ-കട്ടപ്പന വഴിക്കും പശുപ്പാറയിൽ എത്തിച്ചേരാവുന്നതാണ്.