മൂന്നാർ കഴിഞ്ഞു. മഞ്ഞുവീണു കരിഞ്ഞ പുൽമേടുകൾക്കു പുതുജീവൻ വച്ചുവരുന്നേയുള്ളൂ. സമയം ഉച്ചയായിട്ടും  ജനുവരിയുടെ തണുപ്പ് അൾട്ടുരാസിന്റെ ജനൽ കടന്നെത്തുന്നത് പാട്ടു കേൾക്കാനാണെന്നു തോന്നി. ബിഗ്ബി സിനിമയിലെ ‘ഓ ജനുവരി’ എന്ന തട്ടുതകർപ്പൻ പാട്ടാണ് സ്റ്റീരിയോയിൽ നിന്നൊഴുകിപ്പരക്കുന്നത്. സ്റ്റിയറിങ് വീലിനു പിന്നിൽ ആ പാട്ടിനെ അനശ്വരമാക്കിയ ഗായിക, സാക്ഷാൽ സയനോര ഫിലിപ്പ്. മൂന്നാർ– കൊടൈക്കനാൽ നഷ്ടപാതയിലേക്കാണു ഗായികയും ബിഗ്ബിയും ചെല്ലുന്നത്.   

യാത്രയുടെ ബാക്ക്ഗ്രൗണ്ട് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവിയാണ് അൾട്ടുരാസ്. ആകാരവടിവുകൊണ്ടും പ്രകടനം കൊണ്ടും അസ്സൽ ബിഗ്ബി. കൊറിയക്കാരനായ സാങ് യോങ് റെക്സ്റ്റൺ ജി ഫോറിനെ രാഗം മാറ്റിയെടുത്തു മഹീന്ദ്രയിലേക്കു ചേർത്തപ്പോൾ അൾട്ടുരാസ് ആയി. പനമ്പിള്ളി നഗറിലെ ഫ്ലാറ്റിനുമുന്നിൽവച്ച് ആ കീ സയനോരയ്ക്കു കൈമാറി. ടൊയോട്ട ഫോർച്യൂണർ ഓടിക്കുന്ന സയനോരയ്ക്ക് അൾട്ടുരാസ് എങ്ങനെഉണ്ടാകും എന്നറിയണമല്ലോ. 

യാത്രയുടെ തലേദിവസം രാത്രി ഒരുമണി വരെ കൊച്ചിയിലൊരു പ്രോഗ്രാം. അതിരാവിലെ അൾട്ടുരാസിന്റെ സ്റ്റിയറിങ് വീൽ കയ്യിൽ. സയനോരയ്ക്ക് അന്ന് ഉറക്കമില്ലാത്ത ശിവരാത്രി പോലെ. എന്നാൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത സയനോരയെ ഉറക്കമില്ലായ്മ ഒട്ടും ബാധിച്ചില്ല. ഞാൻ കിടന്നുറങ്ങാൻ പോകുകയാണ്. നിങ്ങൾ മൂന്നാറിലെത്തിയിട്ടു വിളിച്ചാൽ മതി എന്നാണ് ആദ്യം പറഞ്ഞതെങ്കിലും അൾട്ടുരാസിന്റെ അഴക് മാടിവിളിച്ചപ്പോൾ സയനോര ഡ്രൈവിങ് സീറ്റിലേക്കു കയറി. 

എറണാകുളം തൊട്ട് മൂന്നാർ വരെ സ്മൂത്തായി അൾട്ടുരാസിനെ സയനോര നയിച്ചു. അതിഥിയായതുകൊണ്ട് പൊക്കിപ്പറയുകയാണെന്നു കരുതേണ്ട. പാട്ടു മൂളുന്നതുപോലെതന്നെ അനായാസമായി സയനോര ആ ഭീമൻ എസ്‌യുവിയെ ഡ്രൈവ് ചെയ്തു. പ്രളയം വീതികുറച്ച വഴികളിലും പട്ടണങ്ങളിലും അതീവ ശ്രദ്ധയോടെ, നേർവഴികളിൽ അമിതവേഗമെടുക്കാതെ, ഒട്ടും ഉലയ്ക്കാതെയാണ് സയനോരയുടെ ഡ്രൈവ്. ഇതേ വലുപ്പമുള്ളൊരു വാഹനം നിത്യേന 

കൈകാര്യം ചെയ്യുന്നതിന്റെ അനുഭവം ആ ഡ്രൈവിങ്ങിൽ അറിയാം. 

കാതൽ സംഗീതമേ... 

മൂന്നാർ കഴിഞ്ഞു. ടോപ്സ്റ്റേഷനിലേക്കുള്ള വഴിയിലൂടെയാണിപ്പോൾ അൾട്ടുരാസ്. മാട്ടുപ്പെട്ടിയിലെ പുൽമേടുകൾ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം എന്നിവആസ്വദിച്ചാണു യാത്ര. ഓരോ മനോഹരദൃശ്യവും കാണുമ്പോൾ സയനോര ശ്ഷാ’ എന്നു പറഞ്ഞാണ് ആശ്ചര്യം പ്രകടിപ്പിക്കുന്നത്. റോഡിൽനിന്നു 

മാട്ടുപ്പെട്ടി ജലാശയക്കരയിലേക്ക് തനി ഓഫ്- റോഡ് ഇറക്കം. നോബ് വഴി ഫോർവീൽ ഡ്രൈവ് മോഡിലേക്കിട്ട് മെല്ലെ പിടിച്ചുപിടിച്ച് ഇറങ്ങുമ്പോൾ ഇടത്തേ പിൻവീൽ ആകാശത്തായിരുന്നു. അന്നേരമാണ് ‘ശ്ഷാ’ ശബ്ദം ആദ്യമായി കേട്ടത്. തിരികെ റോഡിലേക്കു മാറിയപ്പോൾ സയനോരയും സീറ്റ് മാറി. സ്റ്റീരിയോയിൽനിന്ന് എ.ആർ. റഹ്മാൻ ഹിറ്റുകളിലൊന്നു പ്രവഹിക്കുന്നു. ‘കാതലിക്കും പെണ്ണിൻ കൈകൾ തൊട്ടുനീട്ടിനാൽ.... ചിന്നത്തകരംകൂട തങ്കം താനെ...’   ‘കാതൽ സംഗീതമേ... ഊഹൂം  ഭൂമിയിൽ ഭൂപാളമേ...’ ഏതുപാട്ട് ഉച്ചത്തിൽ വച്ചാലും പതറാത്ത കിടിലൻ മ്യൂസിക് സിസ്റ്റത്തിന്റെ പ്രകടനത്തിൽ യാത്രികർ സ്വയം മറന്നുപോയപോലെ. ആ ആവേശത്തിൽ പനോരമിക് സൺറൂഫ് തുറന്ന് സയനോര പ്രകൃതിയെ ആവാഹിക്കാൻ മുകളിലേക്കു കയറി. തേയിലത്തോട്ടങ്ങളിലെ പച്ചയുടെ പല ടോണുകൾ കണ്ട് തണുത്തുവിറച്ചു തിരിച്ചിറങ്ങിയപ്പോൾ പറഞ്ഞ, എ.ആർ. റഹ്മാന്റെ സംഘത്തിൽ ലോകം ചുറ്റിയതിന്റെ രസകരമായൊരു കഥ അൾട്ടുരാസിനുള്ളിൽ ചിരിപടർത്തി. അക്കഥയ്ക്കു മുൻപ് റൂട്ടിനെപ്പറ്റി അൽപം. 

എസ്കേപ് റൂട്ടിലൂടെ

മൂന്നാർ കൊടൈക്കനാൽ വഴി സായിപ്പിന്റെ എസ്കേപ് റൂട്ട് ആയിരുന്നു. മൂന്നാറിലെ സാധാരണ വഴികളെക്കാൾ വ്യത്യസ്തം. കൊടൈക്കനാലിൽ എന്തെങ്കിലും ആക്രമണം നടന്നാൽ പെട്ടെന്നു മൂന്നാറിലേക്കെത്താനായിരുന്നു സായിപ്പ് ഈ റോഡ് നിർമിച്ചത്. വഴിയിലെ സുന്ദരമായ പ്രദേശങ്ങളിലൊന്നാണു ടോപ്സ്റ്റേഷൻ. പണ്ടു തേനിയിലേക്കു തേയില കൊണ്ടുപോകാൻ റോപ് വേ ഉണ്ടായിരുന്നിടം.

അവിടെ ചായ കുടിക്കാൻ  നിർത്തി. ദേണ്ടെടാ സയനോര എന്നു കുട്ടികൾ. സെൽഫി എടുക്കാൻ തിടുക്കം. ചൂടുചായ മൊത്തിക്കുടിക്കുന്നതിനിടയിൽ സയനോരയ്ക്കു ചായക്കടക്കാരൻ സ്ഥലങ്ങൾ പറഞ്ഞുകൊടുത്തു. റോഡിന്റെ വലതുവശത്തു കാണുന്ന നീലമലയാണു കൊളുക്കുമല. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് തേയിലത്തോട്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. അപ്പുറം കൊരങ്ങിണി, മീശപ്പുലിമല എന്നിവ. കൊരങ്ങിണി മലയിലാണ് ട്രക്കിങ്ങിനിടയിൽ പുൽമേട്ടിൽ തീ പിടിച്ചു ദുരന്തമുണ്ടായത്. മഞ്ഞില്ലാത്ത സമയത്ത് കൊളുക്കുമലയുടെ താഴെയുള്ള ചെരിവുകളിൽ കാൽപന്തിലെ കൈത്തുന്നൽപോലെ സിഗ്–സാഗ് രേഖകൾ കാണാം. അതു കുതിരകൾക്കു തേയില വഹിച്ചു നടക്കാനുള്ള വഴിയായിരുന്നു.കാട്ടുവഴി. ഇന്നിപ്പോൾ തമിഴ്നാട്ടിലെ ടോപ്സ്റ്റേഷൻ വഴി വട്ടവട, കൊട്ടക്കമ്പൂർ എന്നിവിടങ്ങളിലേക്കു മാത്രമേ സാധാരണക്കാർക്കു പോകാൻ പറ്റൂ. 

ഷിജു വണ്ടി തിരിച്ചു. സയനോര ഗിറ്റാറുമായി. അൾട്ടുരാസിന്റെ കരുത്തുറ്റ ബോണറ്റിൽ കയറിയിരുന്നു. നീലമലകളെ സാക്ഷിയാക്കി ലെനിന്റെ ക്യാമറ സയനോരയെ ഫ്രെയിമിലാക്കി. നയാഗ്രയിൽ കുളിക്കാനിറങ്ങിയ സയനോര എ.ആർ. റഹ്മാന്റെ അമേരിക്കയിലെ  പ്രോഗ്രാമിനിടെ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകാമെന്ന് സംഘം. സയനോര അന്നു തനി കണ്ണൂർക്കാരിയാണ്. നേരെ വാ.. നേരെ പോ. കേൾക്കുന്നതെന്തും വിശ്വസിക്കുന്ന കുട്ടി. തോർത്തും സോപ്പും എടുത്തോളൂ, നമുക്ക് നയാഗ്രയിൽ കുളിക്കാം എന്നു സംഘത്തിലെ മുതിർന്നവർ സയനോരയോടു പറഞ്ഞു. സയനോര സോപ്പ്, ചീപ്പ്, കണ്ണാടികളടങ്ങുന്ന ബാഗുമായി ബസ്സിൽ കയറി. വെള്ളച്ചാട്ടം കാണാനിറങ്ങിയപ്പോൾ കൂടെ ബാഗുമുണ്ട്. ഏയ്, ഈ ബാഗ് എന്തിനാ? സാക്ഷാൽ കെ.എസ്. ചിത്രയുടെ ചോദ്യം. ചേച്ചീ, സോപ്പും തോർത്തുമാണ്, കുളിക്കാൻ എന്നു സയനോര. ചിത്രയിൽ തുടങ്ങിയ ചിരി നയാഗ്രയുടെ ശബ്ദത്തെക്കാൾ ഉയരത്തിൽ സംഘത്തിൽ അലയടിച്ചു. ഒടുവിൽ എ.ആർ. റഹ്മാൻ വരെ ചിരിച്ചു മണ്ണുകപ്പിയെന്നാണു കഥ. 

അന്നും ഇന്നും പാട്ടുകളോടുള്ള അഭിനിവേശം പോലെതന്നെയാണു യാത്രകളോടും. 

പാമ്പുകൾ ആടും ചോലയിലൂടെ കഥ കേട്ട് അൾട്ടുരാസ് ഒരു ചെക്പോസ്റ്റിൽ എത്തി. മൂന്നാറിലെ ദേശീയോദ്യാനങ്ങളിലൊന്നായ പാമ്പാടുംചോലയുടെ കവാടമാണിത്. പാമ്പുകൾ നൃത്തം ചെയ്യുന്ന ചോല എന്നതു തന്നെയാണ് പേരിനർഥം. റോഡ് ഇനി പോകുന്നത് ചോലക്കാട്ടിലൂടെ. നല്ല ഇരുട്ട്. വളവുകളിൽ അൾട്ടുരാസിന്റെ കോർണറിങ് ലാംപുകൾ തെളിയുന്നു. ഗ്രാൻഡിസ് മരങ്ങളാൽ അലങ്കരിക്കപ്പെട്ട വഴിയിൽ സയനോര ഇറങ്ങിയതും വനംവകുപ്പിന്റെ ജീപ്പുകളിലൊന്നു വന്നതും ഒരേ സമയം. കാട്ടിൽ ഇറങ്ങരുത്. വണ്ടിയിൽ കയറൂ എന്ന് ഉപദേശം. അപൂർവ ഇനമായ നീലഗിരി മാർട്ടെൻ എന്ന മരനായയെ കാണുന്ന പ്രദേശമാണിത്. കാടുകഴിഞ്ഞാൽ വിശാലമായ പുൽമേട്. മഞ്ഞുവീണ് പുല്ല് കരിഞ്ഞിരിക്കുന്നു. അകലെ ചതുപ്പിനപ്പുറം ബെന്തർ മലയ്ക്കിപ്പുറം ഇരട്ട മരവീടുകളുണ്ട്. 

ആ സ്ഥലം കണ്ടപ്പോൾ സയനോരയുടെ പതിവ് ആത്മഗതം– ശ്ഷാ! വഴിയിലൊക്കെ തേൻ വിൽപനയുണ്ട്. തേനറയിൽനിന്നു നേരിട്ടാണ് തേൻ പിഴിഞ്ഞുതരുന്നത്. ‘അയാൻ’ സിനിമയിൽ സയനോര പാടിയ ’ഹണി ഹണി’ എന്ന കിടുക്കൻ പാട്ടിനോളം മധുരമുണ്ടോ ആ തേനറകൾക്ക്?   

വട്ടവടയിലേക്ക് 

കേരളത്തിന്റെ ശീതകാലവിളയിടമാണ് വട്ടവട. തട്ടുതട്ടായ കൃഷിയിടങ്ങളിൽ കാരറ്റുചെടികളും സ്ട്രോബറിയും  വളരുന്നു. കാടുകഴിഞ്ഞപ്പോൾ തന്നെ ഗ്രാമീണക്കാഴ്ചകൾ തുടങ്ങി. വിറകുമായി സ്ത്രീകൾ റോഡിൽ. ചെറുകടകളിൽ സ്ട്രോബറികൾ കിട്ടും. വട്ടവടയിലെ‍ ഗ്രാമം കണ്ടശേഷം മലമുകളിലേക്ക് ഒരു വഴിയുണ്ട്. അവിടെ പഴത്തോട്ടം എന്ന സുന്ദരഗ്രാമം. പതിനാലു കിലോമീറ്റർ ദൂരമുള്ള ആ ഇടുങ്ങിയ പാതയിൽ സയനോര തന്നെ അൾട്ടുരാസിനെ നയിച്ചു. 

കൊടൈക്കനാലിലേക്കുള്ള വഴി ഈ ഗ്രാമങ്ങളിലെവിടെയോ അവസാനിക്കുന്നു. അതിനപ്പുറം നിർദിഷ്ട കുറിഞ്ഞി സാങ്ച്വറിയാണ്. ചെറുവഴികളിൽ വമ്പൻ അൾട്ടുരാസ് നിഷ്പ്രയാസം തിരിഞ്ഞു.

 ടേണിങ് റേഡിയസ് കുറവ്. പോരാത്തതിന് 360 ഡിഗ്രി ക്യാമറയുടെ സഹായവും. കൊച്ചിയിലേക്കുള്ള രാത്രിയാത്രയിൽ മകൾ സെന വിളിച്ചു. അൾട്ടുരാസിന്റെ നിശ്ശബ്ദമായ ക്യാബിനിൽ ആ അമ്മയും മകളും മാത്രം. ‘‘ബേബീ, മമ്മ കുറേ ഹിൽടോപ്പുകളിൽ പോയി. നമുക്കൊരു ദിവസം വരാംട്ടോ’’. ഫോൺ കഴിഞ്ഞപ്പോൾ അൾട്ടുരാസിൽ വീണ്ടും സംഗീതംമൊഴുകി.‘റാണി പത്‌മിനി’ സിനിമയിലെ മിഴിമലരുകൾ എന്ന പാട്ടു മൂളുന്നുണ്ടായിരുന്നു സയനോര. ‘‘ഒരു പുതുശലഭം പോലെ... എൻമുന്നിൽ കൺമുന്നിൽ പിറന്നോരീ ലോകം അറിയാൻ... കൂടെ പോകാമിനി...’’ അൾട്ടുരാസിന്റെ സൂപ്പർസ്മൂത്ത് ഗിയർബോക്സ് ഒട്ടും ലാഗില്ലാതെ പറയുന്നുണ്ടായിരുന്നു ഞാനും വരാമെന്ന്.