അവധിക്കാല സർക്കീട്ട് എന്നും കുറച്ച് 'നൊസ്റ്റാൾജിക്' ആണ്. മധ്യവേനലവധിക്ക് ബന്ധുക്കളുടെ വീട്ടിൽ നിൽക്കാൻ പോകലും അങ്ങനെ നടത്തുന്ന യാത്രകളുമൊക്കെ സ്കൂൾ തുറന്ന് കൂട്ടുകാരെ കാണുമ്പോൾ കഥകളായി പൂത്തുവിടരും. ഓരോരുത്തരും പോയതും കണ്ടതുമായ കാര്യങ്ങളൊക്കെയാണ് ആദ്യ ദിവസങ്ങളിലെ വർത്തമാനക്കെട്ടുകളിലെ എമണ്ടൻ വിശേഷങ്ങൾ. എന്റെ സ്കൂൾ കാലം കഴിഞ്ഞ് ജോലിയൊക്കെ ആയതിനുശേഷം വീണ്ടും വേനലവധിയുടെ ആർമാദങ്ങൾ വീട്ടിലേക്കു വന്നത് കുഞ്ഞുങ്ങളുടെ വരവോടെയാണ്.

ഇത്തവണയും അവധിക്കാലം തുടങ്ങിയപ്പോൾ അവർ വിളിച്ചു. കോട്ടയത്തോട്ടുള്ള സർക്കീട്ട് എപ്പോൾ നടത്തണം എന്നു അറിയാനാണ് വിളി. പെട്ടെന്നു തലയിൽ വീണ വെട്ടത്തിന്റെ ബലത്തിൽ ഞാനൊരു പ്രഖ്യാപനം നടത്തി... നമുക്കൊരു കേരള പര്യടനം നടത്താം. ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായുള്ള കേരള യാത്ര. പിള്ളേഴ്സ് ഹാപ്പി! അങ്ങനെയാണ് ഞങ്ങൾ അഞ്ചു പേർ കാസർഗോഡേക്ക് വണ്ടി കയറുന്നത്. 

പരശുറാമിലെ പാട്ടുകാർ

തൃശൂരിൽ നിന്നു ഉച്ചയ്ക്ക് വൈകിയെത്തിയ പരശുറാമിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. കാഴ്ചകളൊക്കെ കണ്ടു രസിച്ചങ്ങനെ ഇരിക്കുമ്പോഴാണ് കമ്പാർട്ട്മെന്റിൽ ഒരു ഓടക്കുഴൽ ശബ്ദം കേൾക്കുന്നത്. ട്രെയിനിൽ പാടുന്ന പാട്ടുകാരായിരിക്കും എന്നു കരുതി നോക്കിയപ്പോൾ സംഗതി അതല്ല. പ്ലാസ്റ്റിക് ഓടക്കുഴൽ വിൽക്കുന്ന ഒരു ചേട്ടൻ. മനോഹരമായി ഓടക്കുഴലും വായിച്ചാണ് വിൽപന. എല്ലാവരും ഓടക്കുഴൽ വായന ആസ്വദിച്ചെങ്കിലും ആരും വാങ്ങിയില്ല. എന്നിട്ടും അദ്ദേഹം വായന നിറുത്താതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ഞങ്ങളുടെ തൊട്ടുമുന്നിലുള്ള ചെറുപ്പക്കാരുടെ ഒരു സംഘത്തിന് അദ്ദേഹത്തിന്റെ ഓടക്കുഴൽ വായന വല്ലാതെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ പിടിച്ചിരുത്തി അവർ പാട്ടുകൾ പാടിച്ചു തുടങ്ങിയതും കാഴ്ചക്കാർ ചുറ്റും കൂടി. വിൽപനക്കാരൻ പ്ലാസ്റ്റിക് ഓടക്കുഴൽ മാറ്റി കയ്യിലെ സഞ്ചിയിൽ നിന്നും മുളയുടെ ഓടക്കുഴൽ എടുത്ത് പുതിയ പാട്ടുകളുമായി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. അതിനിടയിൽ ആരോ ഓടക്കുഴൽ വായനക്കൊപ്പം പാട്ടുമായി കൂടി. ആകെ സംഗീതമയം. അരമണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ കയ്യിലെ ഓടക്കുഴലുകളെല്ലാം വിറ്റു പോയി. ആ വലിയ കലാകാരനോടുള്ള സ്നേഹം അവിടെയുള്ളവർ പ്രകടിപ്പിച്ചത് അങ്ങനെയാണ്. അതിലൊരു ഓടക്കുഴൽ വാങ്ങി ഞങ്ങളും സ്നേഹം അറിയിച്ചു. 

ഈ മലയാളമെന്താ നമുക്ക് മനസിലാകാത്തേ?

രാത്രി ഏഴരയോടെ ഞങ്ങൾ കാസർഗോഡെത്തി. ഒരു ഓട്ടോ പിടിച്ച് നേരെ ഹോട്ടലിലേക്ക് വച്ചു പിടിച്ചു. വൈകിയതുകൊണ്ട് രാത്രിയിലെ ബീച്ചുയാത്ര ഒഴിവാക്കി. കുളിച്ച്, യാത്രയുടെ ക്ഷീണമൊക്കെ മാറ്റി ഡിന്നർ കഴിക്കാൻ പോയപ്പോഴായിരുന്നു രസം. ഹോട്ടലിലെ ചേട്ടന്മാർ പറയുന്നതൊന്നും പെട്ടെന്ന് മനസിലാകുന്നില്ല. 'ഈ മലയാളമെന്താ നമുക്ക് മനസിലാകാത്തേ', കൂട്ടത്തിലെ ചെറുതിനാണ് സംശയം. ആറു മലയാളിക്ക് നൂറു മലയാളമെന്ന ചൊല്ലിന്റെ അർത്ഥം അറിയുന്നതിന്റെ രസത്തിൽ ഭക്ഷണത്തിനൊപ്പമുള്ള വർത്തമാനങ്ങളും നിറഞ്ഞു. ഒടുവിൽ തൃശൂരിലെ ഗഡീസും കാസർഗോട്ടെ പയ്യൻസും കട്ടക്കമ്പനിയായി. മിനിമം ഏഴ് ഭാഷകൾ സംസാരഭാഷയായുള്ള കാസർഗോഡിനെ കേരളത്തിന്റെ ഭാഷാ തലസ്ഥാനമായി പ്രഖ്യാപിക്കേണ്ടതല്ലേ എന്നുള്ള ചിന്തകളുമായി ഞാനും കുട്ടിപ്പട്ടാളവും ഉറക്കത്തിലേക്ക്!

യാത്ര അപ്പൂപ്പൻതാടിക്കൊപ്പം

ഒരു ദിവസം കൊണ്ട് കാസർഗോഡിനെ അറിയാൻ ഞങ്ങൾ തിരഞ്ഞെടുത്തത് സ്ത്രീകൾക്കും കുട്ടികൾക്കുമായി യാത്രകൾ സംഘടിപ്പിക്കുന്ന അപ്പൂപ്പൻതാടിയെ ആയിരുന്നു. അപരിചിതർ സുഹൃത്തുക്കളായി മാറുന്ന മാന്ത്രികവിദ്യ കുട്ടികളും അനുഭവിച്ചറിയട്ടെ എന്ന ആഗ്രഹവും ആ തിരഞ്ഞെടുപ്പിന് പിന്നിലുണ്ടായിരുന്നു. എന്തായാലും, യാത്രയുടെ ആദ്യ മണിക്കൂറിൽ തന്നെ അതു സംഭവിച്ചു. തിരുവനന്തപുരത്തു നിന്ന് അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കാസർഗോഡ് കാണാനെത്തിയ വൈഷ്ണവി എന്ന ഒന്നാം ക്ലാസുകാരി നമ്മുടെ കുട്ടിക്കൂട്ടത്തിനൊപ്പം കൂടി. യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ അഞ്ചു പേരായിരുന്നു ഞങ്ങളുടെ കൺമണികൾ. 

മാലിക് ദിനാർ മസ്ജിദ്

ഇന്ത്യയിലേക്ക് ഇസ്ലാം മതം കൊണ്ടുവന്നതെന്ന് വിശ്വസിക്കുന്ന മാലിക് ഇബ്നു ദിനാറിന്റെ ഖബറുള്ള മാലിക് ദിനാർ മസ്ജിദിലേക്കായിരുന്നു ഞങ്ങൾ ആദ്യം പോയത്. മാലിക് ദിനാറാണ് ഈ മസ്ജിദ് തളങ്കരയിൽ സ്ഥാപിച്ചതും. സംസ്ഥാനത്തെ പ്രധാനപ്പെട്ട മുസ്ലിം പള്ളികളിൽ ഒന്നാണിത്. ഇരുവശവും ഖബറുകൾ നിറഞ്ഞ നടവഴി കഴിഞ്ഞാണ് മസ്ജിദ്. കേരളത്തിന്റെ വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ തിരുശേഷിപ്പാണ് മാലിക് ദിനാർ മസ്ജിദ്.

ഈയടുത്ത കാലത്ത് പള്ളി നവീകരിക്കുകയും കാര്യമായ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെങ്കിലും പഴയ പള്ളി ഇപ്പോഴും അതുപോലെ തന്നെ അവിടെയുണ്ട്. മരപ്പണികളും, ഇരുട്ടും വെളിച്ചവും ഇഴചേർന്നു കിടക്കുന്ന തണുത്ത അകങ്ങളും പോയകാലത്തെ അടയാളപ്പെടുത്തുന്നു. സ്ത്രീകൾക്ക് അകത്തേക്ക് പ്രവേശനമില്ലെങ്കിലും പ്രാർത്ഥിക്കാനും മാലിക് ദിനാറിന്റെ ഖബർ കാണാനും കഴിയും. പുറത്തു നിന്നു ചെറിയൊരു ജാലകം അതിനായി ഒരുക്കിയിട്ടുണ്ട്. പുറത്തു നിന്നു പടങ്ങളെടുത്ത് ഞങ്ങൾ യാത്ര തുടർന്നു. 

മല്ലം, മഥൂർ ക്ഷേത്രങ്ങൾ

മസ്ജിദിൽ തുടങ്ങിയ യാത്ര പിന്നീടെത്തിയത് ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളിലേക്കായിരുന്നു. എന്നും അന്നദാനമുള്ള മല്ലം ക്ഷേത്രത്തിലാണ് ഞങ്ങൾ ആദ്യം എത്തിയത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിർമാണരീതിയാണ് മല്ലം ക്ഷേത്രത്തിലേത്. അഞ്ചുനിലകളിലുള്ള ക്ഷേത്രഗോപുരവും ചുവർചിത്രങ്ങൾ ആലേഖനം ചെയ്ത ഭിത്തികളും കൗതുകവും അറിവും നിറയ്ക്കുന്ന കാഴ്ചകളാണ്. മുളിയൂരിലാണ് മല്ലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ നവരാത്രി ആഘോഷങ്ങൾ പ്രശസ്തമാണ്. അന്നദാനത്തിനായി കൂട്ടിയിട്ടിരുന്ന കുമ്പളത്തിനും മത്തനും ഇടയിലിരുന്ന് പടങ്ങളെടുത്ത് ഞങ്ങൾ മധൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടർന്നു. 

ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കാതിരുന്ന ക്ഷേത്രമാണ് മഥൂർ. ശിവനും ഗണപതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. കേരളീയ വാസ്തുശിൽപ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിൽ മൂന്നു നിലകളിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. പഴയ ചുവർചിത്രങ്ങൾ ഇപ്പോഴും കാണാം. മറ്റു ക്ഷേത്ര നിർമിതികളിൽ നിന്നു വ്യത്യസ്തമായി ദീർഘവൃത്താകൃതിയിലാണ് ശ്രീകോവിൽ. ആനയുടെ പൃഷ്ഠഭാഗത്തെ ഇത് അനുസ്മരിപ്പിക്കും. ആനയുടെ ശരീരം പോലെയാണ് ശ്രീകോവിൽ എങ്കിലും ഉത്സവത്തിന് ആനയെ എഴുന്നുള്ളിക്കാറില്ല. ഇപ്പോൾ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രനിർമിതിയുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാനായില്ല. 

ചോറുണ്ണുന്ന മുതലയോ? 

തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന അനന്തപുരം തടാക ക്ഷേത്രമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കുംബ്ല എന്ന സ്ഥലത്തുള്ള അനന്തപുരം ക്ഷേത്രം. ഒറ്റ വാക്കിൽ അതിമനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രമാണിത്. മുത്തശ്ശികഥകളിലെപ്പോലെ കൗതുകം നിറഞ്ഞ കാഴ്ചകളും അറിവുകളുമുണ്ട് ഈ ക്ഷേത്രത്തിനു പങ്കുവയ്ക്കാൻ. കേരളത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വിശ്വസിക്കുന്ന ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിൽ നിന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒരു തുരങ്കപാത ഉണ്ടെന്നു പോലും വിശ്വാസമുണ്ട്. എന്തായാലും കേരളത്തിന്റെ തെക്കേയറ്റത്തിനും വടക്കേയറ്റത്തിനും ഇടയിൽ ഒരു അന്തർധാര സജീവമാണെന്ന വിശ്വാസം പോലും കൗതുകമുണർത്തുന്നതാണ്. 

കണ്ണെത്താദൂരം പരന്നു കിടക്കുന്ന വെട്ടുകൽ പറമ്പിലാണ് ക്ഷേത്രം. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വിശാലമായ തടാകം. അതിനു ഒത്ത നടുക്കായി ക്ഷേത്രം. ഈ ക്ഷേത്രക്കുളത്തിലാണ് സസ്യാഹാരിയായ മുതലയുള്ളത്. പേര് ബബിയ. ഏകദേശം എഴുപതു വയസുണ്ട് ഈ മുതലക്ക്. ക്ഷേത്രനിവേദ്യം മാത്രം കഴിച്ചു ജീവിക്കുന്ന ബബിയ പ്രശസ്തയാണ്. ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അനന്തപത്മനാഭനെ ഭക്തർക്ക് എളുപ്പത്തിൽ ദർശിക്കാമെങ്കിലും ബബിയയെ കാണണമെങ്കിൽ കാത്തിരിപ്പും അൽപം ഭാഗ്യവും വേണം. 

കുളത്തിനകത്തുള്ള മാളത്തിലാണ് ബബിയ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ദിവസവും രണ്ടുനേരം ഭക്ഷണം കഴിക്കാൻ പ്രത്യക്ഷപ്പെടും. ക്ഷേത്രത്തിലെ പൂജാരി നൽകുന്ന നിവേദ്യച്ചോറു കഴിക്കാൻ നേരം ക്ഷേത്രത്തിനോടു ചേർന്നുള്ള തടാകത്തിലോ അല്ലെങ്കിൽ ക്ഷേത്രവളപ്പിലെ വലതുവശത്തുള്ള ചെറിയ കുളത്തിലോ ബബിയ പ്രത്യക്ഷപ്പെടും. കുട്ടിക്കാലത്തു കേട്ട കുരങ്ങച്ചന്റെയും മുതലയുടെയും കഥാപരിസരത്തിലേക്ക് എത്തിപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. ചോറുണ്ണുന്ന മുതലയുണ്ടെന്ന് കേട്ടപ്പോൾ കുട്ടികൾക്കും ആവേശമായി. മുക്കാൽ മണിക്കൂറോളം ക്ഷേത്രത്തിനോടു ചേർന്നുള്ള തടാകക്കരയിൽ കാത്തിരുന്നെങ്കിലും ബബിയയെ കാണാൻ സാധിച്ചില്ല. 

ബബിയ എത്തി; ഒന്നല്ല, രണ്ടു തവണ

കാത്തിരുന്നു മടുത്തപ്പോൾ ക്ഷേത്രവളപ്പിലെ ചെറിയ കുളം കണ്ടിട്ടു വരാമെന്നു തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ടു നടന്നു. ഞങ്ങൾ ചെല്ലുമ്പോൾ കുളത്തിന്റെ എതിർവശത്ത് മൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. അൽപം മുൻപു വരെ ബബിയ കുളക്കരയിൽ തലയുയർത്തി കിടന്നിരുന്നെന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് നഷ്ടബോധം തോന്നി. കുറച്ചു മുൻപേ ഇങ്ങോട്ടു വരാൻ തോന്നിയില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം. ക്ഷേത്രം നിൽക്കുന്ന വലിയ തടാകത്തേക്കാൾ വന്യതയും സൗന്ദര്യവുമുണ്ടായിരുന്നു ആ ചെറുകുളത്തിന്.

കാലപ്പഴക്കത്തിൽ കറുത്തുപോയ ചെങ്കൽ മതിലിനോടു ചേർന്ന പാലമരത്തിൽ നിന്നും പൂക്കൾ കുളത്തിലേക്ക് വീണു കിടന്നിരുന്നു. മനസു തൊടുന്ന ഒരു തണുപ്പ് ആ കുളക്കരയെ പൊതിഞ്ഞു നിന്നു. ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചു നിൽക്കുന്നതിനു ഇടയിൽ മുതലയ്ക്കുള്ള നിവേദ്യച്ചോറുമായി പൂജാരിയെത്തി. ബബിയയെ കുളത്തിൽ കണ്ടെന്നറിഞ്ഞാണ് അദ്ദേഹം ഇങ്ങോട്ടേക്കു വന്നത്. കുളത്തിന്റെ ഒരു വശത്ത് നിവേദ്യച്ചോറ് ഇട്ടുകൊടുത്ത് പൂജാരി മടങ്ങി. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ബബിയയെ കാണാനെത്തിയ ഭക്തരിൽ ഭൂരിഭാഗവും മടങ്ങി. 

ആൾത്തിരക്ക് ഒഴിഞ്ഞ സമയം നോക്കി ഞങ്ങൾ കുറച്ചു ഫോട്ടോകൾ എടുത്തു. കുളത്തിന്റെ മറുകരയിലേക്ക് കടന്നായിരുന്നു ഞങ്ങളുടെ പടംപിടിക്കലുകൾ. അതിനിടയിൽ 'ദാ മുതല വന്നൂ' എന്നൊരു ശബ്ദം കേട്ടു, തിരിഞ്ഞു നോക്കുമ്പോൾ കുളത്തിന്റെ ഒരു വശത്തായി തലയുയർത്തി ബബിയ മുതല! നീണ്ട ചുണ്ടും പുറത്തേക്കുയർന്നു നിൽക്കുന്ന ഉണ്ടക്കണ്ണുകളും വെള്ളത്തിനു വെളിയിലേക്കിട്ടു ചുറ്റുമുള്ള ആളുകളെ നോക്കി ബബിയ അങ്ങനെ നിശ്ചലയായി നിന്നു. കുട്ടികളുടെ കണ്ണുകളിൽ ആ കാഴ്ചയുടെ സന്തോഷവും അമ്പരപ്പും. ശബ്ദമുണ്ടാക്കാതെ ആ കാഴ്ച ആസ്വദിക്കുകയായിരുന്നു അവർ. കുറച്ചു നിമിഷങ്ങൾക്കു ശേഷം ബബിയ വീണ്ടും വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു. താനിവിടെ ഉണ്ടെന്നതിന് തെളിവായി വെള്ളത്തിനു മുകളിൽ കുമിളകളുടെ ഗുളു ഗുളു! 

ബബിയയെ കണ്ടതിന്റെ ആവേശം പരസ്പരം പങ്കുവയ്ക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി ബബിയ വെള്ളത്തിനു മുകളിലേക്ക് തല നീട്ടി. വീണ്ടും കുളക്കര നിശ്ചലമായി. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട 'ദർശന'ത്തിനൊടുവിൽ ബബിയ വെള്ളത്തിലേക്ക് അപ്രത്യക്ഷയായി. കഥകളിൽ പറഞ്ഞുകേട്ട മുതലയെ നേരിട്ടു കണ്ട സന്തോഷത്തിലായിരുന്നു എല്ലാവരും. കാസർഗോഡ് യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചയായി ബബിയ മുതല!

ചന്ദ്രഗിരി കോട്ടയിലെ കുട്ടിനിരീക്ഷകർ

ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ നേരെപ്പോയത് ചന്ദ്രഗിരി കോട്ട കാണാനായിരുന്നു. കാസർഗോഡിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലുപ്പമുള്ള ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള പാലം കടന്നു വേണം കോട്ടയിലേക്കെത്താൻ. വേനൽ ആയിരുന്നിട്ടും പാലത്തിനിരുപുറവും നിറഞ്ഞൊഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ കാഴ്ച കുട്ടികളെ വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ അവരുടെ കണ്ണുകളിൽ പുഴയോളങ്ങൾ. കാസർഗോഡേക്കുള്ള ട്രെയിൻ യാത്രയിൽ മണൽപ്പുഴയായി കണ്ട ഭാരതപ്പുഴയുടെ കാഴ്ചയുടെ നോവ് ചന്ദ്രഗിരിപ്പുഴയുടെ നിറയൊഴുക്കിൽ അൽപനേരത്തേക്കെങ്കിലും മാഞ്ഞു പോയി. പാലം കടന്ന് പിന്നെയും കുറച്ചുദൂരം പിന്നിട്ടുവേണം ചന്ദ്രഗിരി കോട്ടയിലെത്താൻ. 

കോട്ടവാതിലിലേക്കു കുത്തനെയുള്ള പടവുകളുണ്ട്. വെയിലായതിനാൽ കുടയും ചൂടിയായിരുന്നു ഞങ്ങളുടെ കയറ്റം. കുട്ടികൾ കുടത്തണലിനു കാത്തു നിൽക്കാതെ ഓടിക്കയറി മുകളിലെത്തി. നാളികേരത്തോപ്പുകൾ അതിരിട്ട അറബിക്കടലിന്റെ ആകാശക്കാഴ്ച കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു കുട്ടിക്കൂട്ടം. ഇത്രേം വലുതാണോ അറബിക്കടൽ എന്ന അവരുടെ ആത്മഗതം കുറച്ചു ഉറക്കെയായിരുന്നു. പാഠപുസ്തകത്തിലെ ഭൂപടത്തിൽ നീലനിറത്തിൽ അടയാളപ്പെടുത്തപ്പെട്ട അറബിക്കടലിന്റെ സുന്ദരക്കാഴ്ച കുട്ടികളെ കുറച്ചുനേരം നിശ്ചലരാക്കി. കോട്ടമതിലിനു മുകളിൽക്കയറി അവർ അറബിക്കടലിനെ നോക്കി നിന്നു. ശത്രുക്കളെ നിരീക്ഷിക്കാൻ ശിവപ്പ നായ്ക്കർ നിർമിച്ച കോട്ടമതിലിൽ നിന്ന് കുട്ടികളും അനന്തതയിലേക്ക് നിരീക്ഷണം നടത്തി. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലും വളഞ്ഞു പുളഞ്ഞൊഴുകുന്ന ചന്ദ്രഗിരിപ്പുഴയും കണ്ട് ഞങ്ങൾ ചന്ദ്രഗിരി കോട്ടയോടു യാത്ര പറഞ്ഞു. 

ബേക്കലിന്റെ കടൽചന്തം

അറബിക്കടലിന്റെ ദൂരക്കാഴ്ചകൾ സമ്മാനിച്ച ചന്ദ്രഗിരി കോട്ടയിൽ നിന്നു ഞങ്ങളെത്തിയത് ബേക്കലിന്റെ അസ്തമയക്കാഴ്ചകളിലേക്കാണ്. 'എന്റമ്മോ! എന്തൊരു വലിയ കോട്ടയാ...!' കൂട്ടത്തിൽ ചെറുത് വാ പൊളിച്ചു. ഇതു മുഴുവൻ നടന്നു കാണാൻ തന്നെ വേണം ഒരു ദിവസം എന്നായി കൂടെയുള്ള കുട്ടിക്കൂട്ടം. പന്തു കളിക്കാനും ഓടിക്കളിക്കാനും എന്തോരം സ്ഥലമാണെന്നു പറഞ്ഞു കൂട്ടിൽ നിന്നു തുറന്നുവിട്ട കിളികളെപ്പോലെ കുഞ്ഞുങ്ങൾ ബേക്കൽ കോട്ടയിൽ പാറി നടന്നു. കേരളത്തിലെ ഏറ്റവും വലിയ കോട്ടയുടെ വലുപ്പം അവരുടെ കുഞ്ഞുപാദങ്ങൾ അനുഭവിച്ചറിയുകയായിരുന്നു. പിടിച്ചടക്കലുകളും ചെറുത്തുനിൽപ്പുകളും നിറഞ്ഞ സംഘർഷഭരിതമായ ഒരു കാലഘട്ടത്തിന് സാക്ഷിയായ ബേക്കൽ കോട്ടയുടെ അകത്തളങ്ങളിൽ പുതിയ തലമുറ എഴുതിച്ചേർക്കുന്നത് ആനന്ദത്തിന്റെ അധ്യായങ്ങളാണ്. 

കോട്ടമതിലിലെ ചെറിയ ജാലകപ്പഴുതുകളിലൂടെ കാഴ്ചകൾ ആസ്വദിക്കാൻ കുട്ടിക്കൂട്ടത്തിലൊരാൾ മുഖം ചേർത്തു. 'എന്തൊരു തണുത്ത കാറ്റാ' എന്ന് ഉറക്കെപ്പറഞ്ഞ് ബാക്കിയുള്ളവരെയും ആ കടൽക്കാറ്റിന്റെ തണുപ്പേൽക്കാൻ വിളിക്കുന്നതാണ് പിന്നീട് കണ്ടത്. കോട്ടമതിലിനു ചേർന്നുള്ള വഴിയിലൂടെ ഓടി നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് നിന്ന്, ജാലകപ്പഴുതിൽ പോയി മുഖം തണുപ്പിച്ച്, പിന്നെയും ഓടിപ്പാഞ്ഞു നടക്കുന്ന കുട്ടിക്കൂട്ടത്തെ ബേക്കലിന്റെ അസ്തമയച്ചന്തത്തിനൊപ്പം ഓർമ്മച്ചിത്രങ്ങളാക്കി. 

പള്ളിക്കരയിലെ മനോഹരതീരം

കോട്ടകളും പള്ളിയും ക്ഷേത്രങ്ങളുമല്ല, കടൽ കാണാൻ മാത്രമാണ് കാസർഗോഡ് വന്നതെന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു പള്ളിക്കര ബീച്ചിലെത്തിയ കുട്ടികളുടെ ആർമാദങ്ങൾ! ബേക്കൽ കോട്ടയ്ക്ക് തൊട്ടടുത്താണ് വെളുത്ത മണൽപ്പട്ടു പുതച്ചു കിടക്കുന്ന പള്ളിക്കര ബീച്ച്. പാറക്കെട്ടുകളും വിശാലമായ തീരവുമുള്ള അതുഗ്രൻ ബീച്ച്. വൃത്തിയാണ് പള്ളിക്കര ബീച്ചിന്റെ സൗന്ദര്യത്തിന്റെ രഹസ്യം. രാവിലെ മുതൽ യാത്രയിലൊപ്പമുണ്ടായിരുന്നവരെ വിശാലമായി പരിചയപ്പെടാൻ ഞങ്ങളെല്ലാവരും കടൽത്തീരത്ത് ഇരുന്നു. കോളേജ് അധ്യാപികയായ നവ്യയായിരുന്നു ഞങ്ങളുടെ യാത്ര നയിച്ചത്. ഡോക്ടറും അധ്യാപകരും വീട്ടമ്മമാരും ജോലിക്കാരുമടങ്ങിയ ചെറുസംഘം ഒരു ദിവസം കൊണ്ട് ഒരു കുടുംബമായ പ്രതീതിയായിരുന്നു. പരിചയപ്പെടലുകൾക്കു ശേഷം വീണ്ടും കടൽത്തിരകൾക്കൊപ്പം കള്ളനും പൊലീസും കളിക്കാൻ കുട്ടികൾ ഓടി. കുട്ടികൾക്കു പിടി കൊടുക്കാതെ അപ്പോഴേക്കും സൂര്യൻ അറബിക്കടലിൽ മറഞ്ഞു. 

പോകാനുള്ള സമയമായപ്പോൾ കുട്ടികളെ വിളിച്ചു. അടുത്തയാത്രയിൽ മറ്റൊരു ജില്ലയിൽ വച്ചു കാണാം അറബിക്കടലേ, എന്നു യാത്രയും പറഞ്ഞ് കുട്ടികളും വെള്ളത്തിൽ നിന്നു കയറി. ചെരിപ്പുമെടുത്ത് മണൽത്തട്ടിലൂടെ നടക്കുന്നതിന് ഇടയിൽ പെട്ടെന്നാണ് തനുമോൾക്ക് അമ്മയും എൽസമ്മയും (അമ്മൂമ്മ) പറഞ്ഞേൽപ്പിച്ചിരുന്ന കാര്യം ഓർമ വന്നത്. തിരിച്ചു ചെല്ലുമ്പോൾ കുട്ടികൾ കണ്ട കടലിന്റെ ഓർമയ്ക്കായി ഒരുപിടി മണൽ കൊണ്ടുവരുമോ എന്ന കാര്യം. പിന്നെ ഒന്നും നോക്കിയില്ല... ആരോ ഉപേക്ഷിച്ചു പോയ കുപ്പി കണ്ടെടുത്ത് കുട്ടികൾ എല്ലാവരും ചേർന്ന് തീരത്തെ പഞ്ചാരമണൽ വാരി നിറച്ചു. അറബിക്കടലിന്റെ ഒരു തുണ്ട് അമ്മയ്ക്കും എൽസമ്മയ്ക്കും!