സുഹൃത്ത് നിർബന്ധിച്ചപ്പോഴാണ് കക്കയത്തേക്കുള്ള ആ കാറിൽ കയറിയത്. പേരു കേൾക്കുമ്പോഴേ അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് വാഴ്ചയൊക്കെ ഓർമയിലെത്തുന്നതുപോലെ. അന്ധകാരം നിറഞ്ഞ ഇടം. ഇങ്ങനെ ഏറെ മുൻവിധികളുണ്ടായിരുന്നു കോഴിക്കോട് ജില്ലയിലെ ഈ കുഞ്ഞുഗ്രാമത്തെപ്പറ്റി. പക്ഷേ, അടുത്തറിയുമ്പോഴാണ് കക്കയം എത്ര മനോഹരിയാണെന്ന് മനസ്സിലാവുക.  

മലബാർ വന്യജീവിസങ്കേതത്തിന്റെ വാത്സല്യമേറ്റുവാങ്ങി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് കക്കയം സ്ഥിതി ചെയ്യുന്നത്. നീലഗിരി ബയോസ്ഫിയറിന്റെ പരിധിയിൽ വരുന്ന മലബാർ വന്യജീവിസങ്കേതം 74 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കക്കയത്തെ ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ട് വില്ലേജുകളിലായി പരന്നു കിടക്കുന്ന സങ്കേതം  നാടിനു ഭംഗിയേറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. കുറ്റ്യാടി പുഴയുടെ ജീവനാഡികൾ കക്കയത്താണ്. രണ്ടു സുന്ദരമായ ഡാമുകൾ സഞ്ചാരികളെ വരവേൽക്കും. ഒന്ന് കക്കയം തന്നെ. രണ്ട് പെരുവണ്ണാമൂഴിയും. ഈ ജലാശയങ്ങൾ തീർക്കുന്ന മനോഹര ദൃശ്യങ്ങളാണ് കക്കയത്തെ സഞ്ചാരികളുടെ പ്രിയങ്കരിയാക്കുന്നത്. 

 ആദ്യ കാഴ്ച പുഴയൊഴുകുന്ന ചെറുവഴികളായിരുന്നു. എങ്ങും പച്ചപ്പ്. പിന്നിൽ തൂവെള്ളപഞ്ഞിക്കെട്ട് മേഘങ്ങൾക്കു താഴെ സഹ്യപർവതം നീലപുതച്ചു നിൽപ്പുണ്ട്. വേണമെങ്കിൽ ആ പുഴയോരത്തേക്കിറങ്ങാം. പുഴയോരമല്ലിത് സത്യത്തിൽ– പെരുവണ്ണാമുഴി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയാണ്. വല്ല വെള്ളമുള്ളപ്പോൾ ഇവിടം മുങ്ങിക്കിടക്കും. ഒരു നാട്ടുകാരൻ പറഞ്ഞുതന്നു. അവിടെയിറങ്ങിയപ്പോൾ മുതൽ കക്കയം എന്ന ഗ്രാമത്തോട് വല്ലാത്തൊരു അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. പിന്നെ ജലമുള്ളിടത്തേക്ക് വാഹനം തിരിച്ചു. ഒരു കാറ്റുപോലുമടിക്കാതെ നിശ്ചലമായിക്കിടക്കുന്ന പളുങ്കുജലാശയം. കരയ്ക്കപ്പുറം നിറഞ്ഞ പച്ചപ്പ്.

കാൽനനച്ചു തിരികെക്കയറി. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമാണ് പെരുവണ്ണാമൂഴി ഡാം. അപായങ്ങളില്ലെന്നു കണ്ടാൽ ഒന്നു കുളിച്ചുകയറാം. കരിയാത്തുംപാറയിൽ ചെന്നാൽ ജലാശയത്തിൽ മരക്കുറ്റികളും മരങ്ങളും നിൽക്കുന്നതു കാണാം. വേണമെങ്കിൽ മലബാറിന്റെ തേക്കടി എന്നു വിളിക്കാമെന്ന് ആരോ കമന്റടിച്ചു. ഈ ജലാശയത്തിനരുകിലെ പച്ചപ്പുൽത്തകിടിയിൽ കുടുംബങ്ങൾ സന്തോഷപൂർവം സമയം ചെലവിടുന്നു. ഏറെ സിനിമാഷൂട്ടിങ്ങുകൾക്കു വേദിയായിട്ടുണ്ട് കരിയാത്തുംപാറ. വാഹനം പാർക്ക് ചെയ്ത് തടാകത്തിനരികിലൂടെ വെറുതേ നടക്കുകയാണു രസം. 

ഇനി നമുക്ക് കക്കയത്തേക്കു ചെല്ലാം. പെരുവണ്ണാമുഴി ഡാമിൽനിന്ന് മുപ്പത്തിമൂന്നു കിലോമീറ്റർ ദൂരം സഞ്ചരിക്കണം കക്കയം ഡാമിനടുത്തെത്താൻ. കക്കയം അങ്ങാടിയിൽ നിന്നു പതിനാലു കിലോമീറ്ററാണു ദൂരം. ഈ വഴിയാണു രസകരം. 

പെരുവണ്ണാമൂഴിയിലെ ജലാശയത്തിനു പലമുഖങ്ങളുണ്ട്. അപകടം കൂടിയ ഇടങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കുക എന്ന് നാട്ടുകാർ ഉപദേശിക്കുന്നുന്നുണ്ട്. 

കക്കയത്തിനൊരു വിശേഷണമുണ്ട്. മലബാറിന്റെ ഊട്ടി എന്നാണത്. ഞങ്ങൾ ചെല്ലുമ്പോൾ അത്ര തണുപ്പൊന്നുമില്ല. പിന്നെന്തിനാണ് അങ്ങനെയൊരു വിശേഷണം? കക്കയം ഡാമിലേക്കുള്ള വഴിയിലേക്കു കാർ കയറാൻ തുടങ്ങിയപ്പോഴാണ് തണുപ്പ് ആക്രമിക്കാൻ തുടങ്ങിയത്. പലവട്ടം കാറിന്റെ കണ്ണാടിയെ മറച്ച് മൂടൽമഞ്ഞ് പൊതിഞ്ഞു. കാഴ്ച തെളിഞ്ഞപ്പോൾ ഒരു വ്യൂപോയിന്റിൽ വണ്ടി നിർത്തി. കക്കയം വാലി വ്യൂപോയിന്റ്. അവിടെനിന്നപ്പോൾ ഏതോ ‘ത്രിശങ്കുസ്വർഗക്കഥ’യിലെത്തിയപോലെ. കക്കയം മലനിരകളിൽനിന്ന് കരിമുകിൽ മാനം കറുപ്പിച്ച് പാഞ്ഞുവരുന്നുണ്ട്. അങ്ങുതാഴെ മഴ പെയ്യുന്നതിനുമുൻപേ വീടണയാനൊടുന്ന സുന്ദരിയുടെ ദുപ്പട്ടപോലെ പെരുവണ്ണാമൂഴി ഡാം കിടക്കുന്നതു കാണാം. ആദ്യം നൂൽമഴയായും പിന്നെ തുള്ളിക്കു രണ്ടുകുടം എന്ന മട്ടിലും മഴ തിമിർത്തു പെയ്തു. കാറിനുള്ളിലേക്കു വിറച്ചു കയറുമ്പോൾ എല്ലാരും പറയുന്നുണ്ടായിരുന്നു– ക്ഷമിക്കണം, ഇത് മലബാറിന്റെ ഊട്ടി തന്നെയാണ്. 

ഉരക്കുഴി വെള്ളച്ചാട്ടമാണ് മല കയറി മുകളിലെത്തുമ്പോഴുള്ള പ്രധാന കാഴ്ച. ഡാമിൽ ഹൈഡൽ ടൂറിസം പ്രവൃത്തികളുണ്ട്. ഉരക്കുഴി കാണണമെങ്കിൽ കുറച്ചുദൂരം കാട്ടിലൂടെ നടക്കണം. വെള്ളച്ചാട്ടത്തിന്റെ മുകളിലാണു നാമെത്തുക. മഴ പെയ്തു വെള്ളം കുത്തിയൊലിച്ചു പാറകളിൽ ഉരലുപോലെ കുഴികളുണ്ടായതിനാൽ ഉരക്കുഴി എന്ന പേരു വീണെന്നു പറയപ്പെടുന്നു. ഭംഗിയെക്കാളും ഭീകരതയാണ് ഈ വെള്ളച്ചാടത്തിന്. എങ്കിലും നടത്തം രസകരം. ടിക്കറ്റെടുക്കണം ഉള്ളിൽ കയറാൻ. ഉരക്കുഴി കണ്ടു തിരികെ വരുമ്പോൾ മഴ മാറിയിരുന്നു. തണുപ്പുകൂടുന്നു. കുഞ്ഞുകുട്ടികുടുംബങ്ങൾക്ക് ബോട്ടിങ് പോലുള്ള വിനോദങ്ങളുണ്ട്. എങ്കിലും അവധിക്കാലം വെറുതേ ഈ ജലാശയക്കരയിൽ ചെലവിടുന്നതു രസകരമാണ്. 

അറിയാം

ഫയൽചിത്രം

താമസിക്കാൻ അധികം സൗകര്യമൊന്നുമില്ല കക്കയത്ത്. ഭക്ഷണം തലയാട്, കക്കയം തുടങ്ങിയ ചെറു അങ്ങാടികളിൽ നിന്നാവാം. ആവശ്യത്തിനു കാശ് ടൗണിൽ നിന്നെടുത്തു കയ്യിൽ കരുതണം. 

റൂട്ട്

കോഴിക്കോട്– ബാലുശ്ശേരി– ഉണ്ണിക്കുളം– തലയാട്–കക്കയം. തൃശ്ശൂർ ഭാഗത്തുനിന്ന് വരുമ്പോൾ വൈത്തിരി കഴിഞ്ഞ്  പുതുപ്പാടി– മലപൂറം– തലയാട്–കക്കയം