ഗേൾസ് ഒൺലി ട്രിപ്പ് എന്ന മനോഹരമായ സ്വപ്നവും പേറി ഹോസ്റ്റലിലെ രണ്ടു വർഷം കഴിച്ചു കൂട്ടി. മൂന്നാം വർഷം അതങ്ങു പ്രാവർത്തികമാക്കാൻ തന്നെ തീരുമാനിച്ചു. ഒറ്റ ദിവസത്തേക്കുള്ള അനുമതി മാത്രം വീട്ടിൽ നിന്ന് ലഭിക്കും. ചുരുങ്ങിയ ചെലവിൽ അടുത്തുള്ള സ്ഥലം സന്ദർശിക്കണം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ പൊൻമുടി ഉറപ്പിച്ചു. കോളജ് കഴിഞ്ഞു വെള്ളിയാഴ്ച വൈകുന്നേരം വിതുരയിൽ താമസിക്കുന്ന ഞങ്ങളുടെ സുഹൃത്തിന്റ വീട്ടിലേക്ക് യാത്രയായി. അങ്ങോട്ടുള്ള യാത്രയിൽ തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ ലക്ഷ്യമായ പൊൻമുടിയേക്കാളേറെ ആർത്തുല്ലസിച്ചൊഴുകുന്ന കല്ലാറിനോടായി ഞങ്ങള്‍ക്കാവേശം. കല്ലാറിന്റെ കളകള ശബ്ദം കേട്ടുകൊണ്ടാണ് പിറ്റേന്നുണർന്നത്. പ്രക‍ൃതി രമണീയമായ സ്ഥലം.

സുഹ‍‍‍ൃത്ത് ചന്ദുവിന്റെ വീടിനു മുൻപിൽ ഒരു വലിയ പറമ്പും അതിനപ്പുറത്ത് കല്ലാറുമാണ്. മുറ്റം മുഴുവൻ പൂച്ചെടികളാൽ അലങ്കരിച്ചിരിക്കുന്നു. പറമ്പിന്റെ നടുവിലായി ഒരു വലിയ മരം നിൽക്കുന്നതു കണ്ടു. അതിനടുത്തേക്ക് പോയപ്പോൾ തന്നെ മണം കൊണ്ട് അത് നാരകത്തിന്റേതാണെന്ന് മനസിലായി. പറമ്പിന്റെ ഒരറ്റത്ത് ഒരു ചെറിയ തോടുണ്ട്. കല്ലാറിലെ മണിക്കൂറുകളോളം നീണ്ട കുളി. തണുത്തുറഞ്ഞ് ഒഴുകിയെത്തുന്ന വെള്ളം. യാത്രയിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതായിരുന്നു. ചില  ഇടങ്ങളിൽ പല പല വലിപ്പമുള്ള ഉരുളൻ കല്ലുകൾ കൊണ്ടു നിറഞ്ഞു കണങ്കാലിന്റെ അത്രമാത്രം ആഴത്തിൽ.

മറ്റു ചില ഇടങ്ങളിൽ കഴുത്തിനും മുകളിൽ വെള്ളം. ഏതാണ്ട് 11 മണി കഴിഞ്ഞു വിതുരയിൽ നിന്നു പൊൻമുടിയ്ക്കു ഞങ്ങൾ ബസ് കയറി. മഞ്ഞു പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറുന്നതു പോലെ ഞങ്ങളുടെ ബസ് പൊൻമുടി കയറി. 6 മണിയ്ക്കാണ് പൊൻമുടിയിൽ നിന്നുള്ള ലാസ്റ്റ് ബസ്. അതുവരെ പൊൻമുടിയിലെ മഞ്ഞും പ്രകൃതിയും ആവോളം അസ്വദിച്ചു. കേരള ടൂറിസം ഡിപ്പാർട്ടുമെന്റ് കാന്റീനിൽ നിന്ന് ചൂടുള്ള ചായ കുടിച്ചു ഉഷാറായി. തണുപ്പിന്റ ലഹരിയെ ചൂടുചായയിൽ ഒതുക്കി. അവിടുത്തെ മറ്റൊരു ആകർഷണം കുട്ടികളുടെ പാർക്കാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ളതായതുകൊണ്ട് ഒന്നിലും വലിഞ്ഞു കയറരുത് എന്ന് സെക്യൂരിറ്റി പറഞ്ഞിരുന്നു.

കോടയിറങ്ങുന്നതോറും മഞ്ഞിന്റെ ആധിക്യത്താൽ ഒന്നും വ്യക്തമായി കാണാൻ സാധിച്ചില്ലന്നു മാത്രമല്ല തണുപ്പിന്റ കാഠിന്യവും ഇരട്ടിച്ചു. ഒരു കയ്യകലത്തിനപ്പുറം നിൽക്കുന്നവരെപ്പോലും തിരിച്ചറിയാൻ പറ്റാത്തത്ര മഞ്ഞും, ദേഹത്ത് കല്ലുകൾ പോലെ വന്നു പതിക്കുന്ന മഞ്ഞു മഴയും. കൃത്യം ആറുമണിക്ക് തന്നെ ബസ് വന്നു. അങ്ങനെ ഓർത്തിരിക്കാൻ ഒരു പിടി നനുത്ത നിമിഷങ്ങളുമായി തിരികെ വിതുരയിലേക്കും പിറ്റേന്ന് ഹോസ്റ്റലിലേക്കും മടങ്ങി.