കണ്ണൂരിന്റെ മണ്ണിനെ വിമാനം തൊട്ടുണർത്തിയപ്പോൾ പയ്യന്നൂരിലെ കുട്ടനാടായി മാറിയ കായലാണ് കവ്വായ്. ബ്രിട്ടിഷ് ഭരണത്തിനുമപ്പുറം ചരിത്ര വിശേഷങ്ങളുണ്ടെങ്കിലും എയ്റോ പ്ലെയിനിന്റെ നിഴലു വീണപ്പോഴാണ് കവ്വായ് കായലിന്റെ ഭാഗ്യം തെളിഞ്ഞത്. ലിയപറമ്പിലെ ദ്വീപുകളും പരിശുദ്ധമായ കടൽത്തീരവും തെയ്യത്തിന്റെ കോട്ടയിൽ ഇപ്പോൾ പുതിയ ടൂറിസം പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, വൈകാതെ കവ്വായ് ദ്വീപ് ആലപ്പുഴയെ വെല്ലു വിളിക്കും.

എല്ലാറ്റിനും അതിന്റേതായൊരു സമയമുണ്ടെന്നു പറയാറില്ലേ, കവ്വായ് ദ്വീപിന്റെ കാര്യത്തിൽ അതു വാസ്തവമാണ്. പയ്യന്നൂരിൽ ജനിച്ചു വളർന്ന നാലു ചെറുപ്പക്കാരുടെ പരിശ്രമത്തിൽ കവ്വായ് ദ്വീപിന്റെ തലവര തെളിയുകയാണ്. കയാക്കിങ്, വാട്ടർ വോളിബോൾ, ടെന്റ് ക്യാംപ്, ബീച്ച് യാത്ര, ബോട്ട് സവാരി, മാൻഗ്രൂവ് ഫോറസ്റ്റ് വിസിറ്റ്, ഫിഷിങ് – കവ്വായ് ആഘോഷങ്ങളുടെ ദ്വീപായി മാറിയത് ഇങ്ങനെ.

നൂറിലേറെ തെങ്ങുകളുള്ള പറമ്പാണ് കവ്വായ് ദ്വീപ്. കാൽപ്പാദം മൂടുംവിധം പുൽപ്പടർ‌പ്പുള്ള നിരപ്പായ സ്ഥലം. അതിഥികൾക്കു വർത്തമാനം പറഞ്ഞിരിക്കാൻ ഓലപ്പുര. ഭക്ഷണം പാകം ചെയ്യാൻ കുടിൽ. ഇരുന്നുണ്ണാൻ തെങ്ങിന്റെ കുറ്റികൾ. അന്തിയുറങ്ങാൻ ടെന്റ്. പുൽമേടയ്ക്കു നടുവിൽ തെങ്ങുകളുടെ ഇടയിലൂടെ തുരുത്തിന്റെ നടുവിലേക്കൊരു ചാലുണ്ട്. അവിടെയാണ് കയാക്കുകൾ (ഫൈബർ ബോട്ട്) നിർത്തിയിടുന്നത്.

ഭയപ്പെടുത്തുന്ന ജലാശയമല്ല കവ്വായ് കായൽ. അരയ്ക്കൊപ്പം വെള്ളമേയുള്ളൂ. നീന്തൽ അറിയാത്തവർക്കും പേടിയില്ലാതെ വള്ളം തുഴയാം. കായലിന്റെ അടിത്തട്ടിലെ മണൽ സ്വർണം വിതറിയ പോലെ കാണാം. വടക്കേ മലബാറിലെ ഏറ്റവും നീളമേറിയ കായലാണ് കവ്വായ്. കങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ അരുവികളിൽ നിന്നു വെള്ളം വന്നു ചേരുന്നു. കവ്വായ് നിറയെ കരിമീനും ഞണ്ടുമുണ്ട്. 

പൂർണരൂപം വായിക്കാം