വയനാട് എന്നും മാസ്‍‍‍‍മരിക കാഴ്ചകൾ സമ്മാനിക്കുന്നൊരിടമാണ്. പ്രകൃതിസ്നേഹിയായ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ് ഇൗ നാട്. കാടും കാട്ടാറും പച്ചപ്പു നിറഞ്ഞ കുന്നുകളും കോടമൂടിയ മലനിരകളും എന്നുവേണ്ട സകലതും ഒരൊറ്റ യാത്രയിൽ സ്വന്തമാക്കാം. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകമാണിവിടം. പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് വയനാടിന്റെ മണ്ണിലൂടെ യാത്രപോകാം.

വയനാട്ടിലേക്ക് സഞ്ചാരികൾ കടന്നുചെല്ലാറുണ്ടെങ്കിലും ഇന്നും ആരും അറിയപ്പെടാത്ത നിരവധി സുന്ദരയിടങ്ങൾ വയനാട്ടിലുണ്ട്. അങ്ങനെയൊരു ഇടമാണ് തൊള്ളായിരം കണ്ടി. സിനിമകളിലൂടെ പ്രശസ്തമായ തൊള്ളായിരം കണ്ടി സ്ഥലം തേടി നിരവധി സഞ്ചാരികളാണ് വയനാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര അതാണ് തൊള്ളായിരം കണ്ടി സമ്മാനിക്കുന്നത്.

സ്വന്തം റിസ്കിൽ മാത്രം ചുറ്റിക്കാണാൻ കഴിയുന്ന ഇടമാണ് തൊള്ളായിരം കണ്ടിയെന്നു എല്ലാവരും ഒാർക്കണം. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. കാട്ടിലൂടെയുള്ള യാത്ര ശരിക്കും വിസ്മയിപ്പിക്കും. കാടെന്ന് പറയുമ്പോൾ ചുറ്റും തോട്ടങ്ങളാണ്. ഏലവും കാപ്പിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ. യാത്രയിൽ ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പിന്നെ കിളികളുടെ ശബ്ദവുമൊക്കെ ആസ്വദിക്കാം.

വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടം എന്നുതന്നെ തൊള്ളായിരം കണ്ടിയെ വിശേഷിപ്പിക്കാം. ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണിവിടം. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10കിലോമീറ്റർ പോയാൽ തൊള്ളായിരത്തിലേക്കുള്ള വഴിയെത്തും.  രാത്രിയായാൽ ആനയും മറ്റുഗങ്ങളും സ്വതന്ത്രരായി വിഹരിക്കുന്നയിടമാണ് ഇവിടം. സഞ്ചാരികളെത്തുന്നത് ഇവിടെ സ്വന്തം നിലയ്ക്കാണ്.

ജീപ്പിൽ യാത്രതിരിക്കുന്നതാവും ഉചിതം. കാഴ്ചകൾ ആസ്വദിച്ച് കുന്നിൻ മുകളിൽ എത്തിയാലോ അടിപൊളി വ്യൂപോയിന്റാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും മനോഹാരിതയാണ് അവിടുത്തെ ഒാരോ കാഴ്ചകൾക്കും. വയനാട്ടിലേക്ക് വണ്ടികയറുന്നവർ തീർച്ചയായും തൊള്ളായിരം കണ്ടിയും കണ്ടിരിക്കണം. ഉയരത്തിലുള്ള കാഴ്ചയിൽ പ്രകൃതിയുടെ പൂർണസൗന്ദര്യവും ആസ്വദിക്കാം.