മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ ഉത്സവകാലമാണല്ലോ, മഴക്കാലം തുടങ്ങിയാല്‍ യാത്ര ചെയ്യാന്‍ ചിലപ്പോള്‍ ഒരു മടിയൊക്കെ തോന്നും. എങ്കില്‍ ആ മടിയൊക്കെ മാറ്റി പ്രകൃതിയിലേക്ക് ഇറങ്ങുമ്പോള്‍ കാണാം ഒരുക്കിവച്ചിരിക്കുന്ന വിസ്മയങ്ങള്‍. അത്തരമൊരു യാത്ര പോകാം തൊമ്മന്‍കുത്തിലേക്ക്...

ഇടുക്കി ജില്ലയിലാണെങ്കിലും എറണാകുളത്തുനിന്നും കോട്ടയത്തുനിന്നുമെല്ലാം എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന തൊമ്മന്‍കുത്ത് അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ്. തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഏഴുതട്ടുകളിലായി പ്രകൃതി ഒരുക്കിയിരിക്കുന്ന വശ്യമനോഹരമായൊരു കാഴ്ചയാണ് ഈ വെള്ളച്ചാട്ടം.

പേര് വന്ന വഴി

പണ്ട് ഈ കാട്ടില്‍ വസിച്ചിരുന്ന തൊമ്പാന്‍ എന്ന (തൊമ്മന്‍) ആദിവാസി മൂപ്പന്റെ പേരാണ് വെള്ളച്ചാട്ടത്തിന് നല്‍കിയിരിക്കുന്നത്. യാദൃച്ഛികമായി ഈ വെള്ളച്ചാട്ടത്തില്‍ വീണ് മരണമടഞ്ഞ ആ മൂപ്പന്റെ സ്മരണാര്‍ത്ഥമാണ് ഈ പേര് വെള്ളച്ചാട്ടത്തിന് വന്നതെന്നാണ് പറയപ്പെടുന്നു.

Image From kerala tourism official site

1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഏഴ് തട്ടുകളിലായി ഒഴുകിയാണ് തൊമ്മന്‍കുത്ത് താഴേക്ക് പതിക്കുന്നത്. ഓരോ തട്ടിലും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഒരു ജലാശയവും സൃഷ്ടിച്ചുകൊണ്ടാണിതിന്റെ പ്രയാണം. മൂവാറ്റുപുഴയുടെ പോഷകനദിയായ ഇതിന്റെ ഒഴുക്ക് ഏറെക്കുറെ വന്‍മരങ്ങളുടെ ഇടയിലൂടെയാണ്. പുഴയും കാടും പാറകളും എല്ലാം നിറഞ്ഞ ഇവിടം മഴക്കാലത്താണ് കൂടുതല്‍ മനോഹരമാകുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു കിലോമീറ്ററോളം ഉള്‍കാട്ടിലൂടെ നടക്കാനും സാധിക്കും.

പാറപ്പുറത്ത് കയറിയിരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവനും ആസ്വദിക്കാം. ചെറിയ രീതിയിലുള്ള ട്രക്കിങ്ങും വനം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയായ ഇവിടെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.

എങ്ങനെയെത്താം

മൂവാറ്റുപുഴയില്‍ നിന്നും അഞ്ചല്‍പ്പെട്ടി, വണ്ണപ്പുറം വഴി തൊമ്മന്‍കുത്തിലെത്താം. മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തുനിന്നും 30 കിലോമീറ്റര്‍ ദൂരം. തൊടുപുഴയില്‍ നിന്നും പ്രൈവറ്റ്- കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളുമുണ്ട്. സ്വന്തം വാഹനത്തിലാണെങ്കില്‍ ഇക്കോ ടൂറിസം കേന്ദ്രം വരെയെത്താം.

ചെറിയ ചായക്കടകളും മറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. താമസസൗകര്യം ഇല്ലാത്തതിനാല്‍ തൊടുപുഴയിലോ കോട്ടയത്തോ തങ്ങി രാവിലെ ഇവിടേക്ക് എത്തുന്നതാകും ഉചിതം. 

മറ്റ് വിവരങ്ങള്‍ക്ക് ഇക്കോ ടൂറിസം സെക്രട്ടറി- 8547601306 എന്ന നമ്പറില്‍ ബന്ധപ്പെടാം. മഴക്കാലം ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരപ്രേമികളെ മടിക്കാതെ വേഗം വണ്ടി തൊമ്മന്‍കുത്തിലേക്ക് വിട്ടോ.