കുറഞ്ഞ ചെലവിൽ ഒരു ദിവസം മുഴുവൻ കുടുംബവുമൊത്ത് ആഘോഷമാക്കാൻ സാധിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. പുത്തൻകാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഇടങ്ങൾ. എറണാകുളം ജില്ലയിൽ. വൈപ്പിൻകരയിലാണ് ഇവ. മത്സ്യഫെഡിന്റെ മാലിപ്പുറം ഫിഷ്ഫാമും ഞാറയ്ക്കൽ ഫിഷ് ഫാമും. ഇവിടെ നിങ്ങളുടെ മനസ്സ് മാത്രമല്ല, വയറും നിറയും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. പ്രകൃതിയെ കൂടുതലറിയുവാനും ആസ്വദിക്കുവാനും ഇതിലും മികച്ചയിടങ്ങൾ വേറെ കാണില്ല. 

എറണാകുളത്തുനിന്നു വരുന്നവർ ഹൈക്കോര്‍ട്ട് ജംക്‌ഷനിലെത്തി അവിടെ നിന്ന് വൈപ്പിനിലൂടെ പോകുന്ന പറവൂർ -മുനമ്പം ബസിലോ ഗുരുവായൂർ ബസിലോ കയറി വളപ്പ് എന്ന സ്റ്റോപ്പിൽ ഇറങ്ങുക. അവിടുന്ന് കുറച്ചു ദൂരെയാണ് ഫാം. ഒാട്ടോറിക്ഷയിലാണു പോകുന്നതെങ്കിൽ 60 രൂപ മുതൽ 75 രൂപ വരെ ചാർജ് ഈടാക്കുന്നതാണ്. മാലിപ്പുറം ഫിഷ്ഫാമിന്റെ ഏറ്റവും മുൻഭാഗത്ത് നിന്ന് ബോട്ടിലാണ് ഈ മീൻ വളർത്തുന്ന സ്ഥലത്തേക്ക് പോകുന്നത്. അത് ഏകദേശം ഒരു 15 മിനിറ്റ് ദൈർഘ്യമുളള ഒരു ബോട്ട് യാത്രയാണ്. മനോഹരമായിട്ടുളള യാത്ര. കാരണം നമ്മൾ വേറൊരു ലോകത്തിലൂടെ സഞ്ചരിക്കുന്നപോലെ, വീതികൂടിയ തോടിന്റെ നടുഭാഗത്തിലൂടെയാണ് ബോട്ട് പോകുന്നത്. ഇരുവശത്തും ധാരാളം മരങ്ങളും അതേപോലെതന്നെ മനോഹരമായിട്ടുളള വൃക്ഷങ്ങളും ഒക്കെയുണ്ട്. അതിന്റെ ഉൾഭാഗത്തിലൂടെ പോകുമ്പോൾ  വേറൊരു ലോകത്തിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതിയാകുമുണ്ടാകുക.

മാലിപ്പുറം ഫിഷ്ഫാമിലേക്ക് വരുമ്പോൾ എൻട്രൻസ് ഫീസുണ്ട്. പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപയും അതിന് മുകളിലേക്കുള്ളവർക്ക് 250 രൂപയുമാണ്. അവധി ദിവസങ്ങളിൽ  സാധാരണ എൻട്രി ഫീസിൽ നിന്നും അന്‍പതു രൂപ കൂടുതൽ അടയ്ക്കണം. ഫാമിലെത്തിയാൽ ഒരു വെൽകം ഡ്രിങ്ക് കിട്ടും. ചായയോ കാപ്പിയോ കൂൾ ഡ്രിങ്ക്സോ ആവാം. കേരളത്തിൽ ഒരുസ്ഥലത്തും കാണാൻ സാധിക്കാത്ത അത്ര  മനോഹരമായ കാഴ്ചയാണ് ഫാമിലെ മീൻചാട്ടം.

നമുക്ക് നേരിട്ട് കാണുവാനുളള ഒരവസരമാണിത്. നമ്മൾ ഒരു പക്ഷേ സിനിമകളിലൊക്കെ മാത്രമേ ഇങ്ങനെ മനോഹരമായ കാഴ്ച കണ്ടിട്ടുണ്ടാവൂ.  മീൻ വളർത്തുന്ന  സ്ഥലത്ത് നമ്മെ സ്പീഡ് ബോട്ടിൽ കൊണ്ടുപോകും. അവിടെയുള്ള പൂമീനുകൾ വെള്ളത്തിൽനിന്നു കുതിച്ചുചാടുന്നത് ആസ്വദിക്കാം. രണ്ടു കിലോ മുതൽ‌ ആറു കിലോ വരെ ഭാരമുളളവയാണ് ഈ മീനുകൾ. നമ്മുടെ ബോട്ടിന്റെ ഉള്‍ഭാഗത്തേക്കുപോലും ഈ മീൻ ചാടിവന്നേക്കാം. ആ യാത്രയുടെ ദൈർഘ്യം പത്തുമിനിറ്റാണ്. അതിന് അഡീഷനൽ ചാർജുണ്ട്. ഒരു ബോട്ട് മുഴുവനായിട്ട് എടുത്താൽ അതിൽ മൂന്നു പേർക്കു കയറാം. 250 രൂപയാണ് ചാർജ്. ഒറ്റയ്ക്കാണെങ്കിൽ ഒരാൾക്ക് 100 രൂപയാവും.

മീൻചാട്ടം കണ്ടതിനുശേഷം തിരിച്ച് നമ്മൾ പഴയസ്ഥലത്തേക്ക് നടന്നാണ് വരുന്നത്. പത്തു മിനിറ്റോളം പാടവരമ്പത്തൂടെ നടന്നുവരണം. പകൽ സമയത്ത് അത്യാവശ്യം വെയിലുണ്ട്. വിശ്രമിക്കണമെങ്കിൽ ആവാം. അല്ലെങ്കിൽ പെഡൽ ബോട്ട് ഉപയോഗിക്കാം, അര മണിക്കൂറാണ് അതിന്. അതും 200 രൂപയുടെ പാക്കേജിൽ ഉൾപ്പെടുന്നു. മീൻപിടിത്തം ഇഷ്ടമാണെങ്കിൽ, 20 രൂപ നൽ‌കിയാൽ ഒരു ചൂണ്ടയും മറ്റു മീൻപിടിത്ത സാമഗ്രികളും ലഭിക്കും. എത്ര സമയം വേണമെങ്കിലും ചൂണ്ടയിട്ട് മീൻ പിടിക്കാം. ആ മീൻ വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോകാം. മീനിന്റെ തൂക്കമനുസരിച്ച് വില കൊടുക്കണമെന്നു മാത്രം. മീൻപിടുത്തം കഴിഞ്ഞ് ചൂണ്ടയും മറ്റുമ തിരികെ നൽകിയാൽ ചൂണ്ടയിടിലിനായി നൽകിയ 20 രൂപ തിരികെ നൽകും.

മാലിപ്പുറത്തെ രുചിപ്പെരുമ

മാലിപ്പുറത്ത് 200 രൂപയുടെ പാക്കേജിൽ വരുമ്പോൾ ലഭിക്കുന്ന ഒരു കാര്യം വിഭവസമൃദ്ധമായിട്ടുളള ഒരു ഊണാണ്. ഉച്ചയ്ക്ക് മീൻ വറുത്തതും മീൻ കറിയും വെജിറ്റബിൾ കറികളും അച്ചാറും എല്ലാംകൂട്ടി രുചികരമായിട്ടുളള ഒരു ഊണ്.

ഒരു ഐസ്ക്രീമും നിങ്ങൾക്ക് ലഭിക്കും. ഭക്ഷണപ്രിയരായിട്ടുളള ആളുകൾക്ക് കഴിക്കാൻ പറ്റുന്ന നിരവധി സ്പെഷൽ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ഞണ്ട് റോസ്റ്റ്, കരിമീൻ പൊളളിച്ചത്, കരിമീൻ വറുത്തതും കറിവച്ചതും, കക്കയിറച്ചി, കൂന്തൽ ഫ്രൈ എന്നിവയുമുണ്ട്.  ഇതിനെല്ലാം വിലയും തുച്ഛമാണ്.  മല്‍സ്യഫെഡിന്റെ വനിത സ്വയസഹായ സംഘത്തിന്റെ അംഗങ്ങളാണ് വിഭവങ്ങളുടെ രുചിയൊരുക്കുന്നത്.  

മനോഹരമായ കണ്ടൽക്കാട്

ഊണ് കഴിഞ്ഞിട്ട് ഒന്ന് വിശ്രമിക്കണമെങ്കിൽ മാലിപ്പുറം ഫിഷ്ഫാമിന്റെ മുൻവശത്ത് മനോഹരമായ കണ്ടൽക്കാടുണ്ട്. വളരെ ഭംഗിയായിട്ട് മൽസ്യഫെഡ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുള്ളിൽ നല്ല ക്ലൈമറ്റാണ്.

സൂര്യപ്രകാശം അൽപം പോലും ഈ കണ്ടൽക്കാടിന്റെ ഉള്‍ഭാഗത്തേക്ക് പതിക്കില്ല. എസി റൂമിൽ കയറിയ പ്രതീതി. വിശ്രമിക്കാൻ ചെറിയ കസേരകളുണ്ട്. കുട്ടികൾ വരുമ്പോൾ ഉല്ലസിക്കാൻ ചെറിയൊരു പാർക്ക് അവിടെ റെഡിയാണ്. ഒന്നോ രണ്ടോ മണിക്കൂർ വേണമെങ്കിൽ ഈ കണ്ടല്‍ക്കാടിനുള്ളിൽ ചിലവഴിക്കാം. വിശ്രമിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം ഫിഷ് ഫാമിന്റെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ചെറിയ ഹട്ടുകളാണ്.

ഞാറയ്ക്കലേക്ക്

മാലിപ്പുറത്തെ കാഴ്ചകൾ കഴി‍ഞ്ഞാൽ വേണമെങ്കിൽ ഞാറയ്ക്കലേക്ക് പോകാം. മാലിപ്പുറത്ത് നിന്നും ഞാറയ്ക്കലേക്ക് മൂന്നു കിലോമീറ്ററാണ് ദൂരം. രണ്ടു റോഡുകള്‍ ആണുളളത്. ഒന്ന് ബീച്ച്മാർഗം. അല്ലെങ്കിൽ‌ മെയിൻറോഡ് വഴി ആശുപത്രിപ്പടി സ്റ്റോപ്പിലെത്തി ഫാമിലേക്കു പോകാം. ഫാമിന് എതിർവശത്ത് മനോഹരമായ ഒരു ബീച്ചുണ്ട്- ചാപ്പാബീച്ച്. വൃത്തിയും ഭംഗിയുമുളള ബീച്ചാണിത്. ഇവിടേക്കുള്ള പ്രവേശനത്തിന് ഫീസുണ്ട്. പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപയും അതിന് മുകളിലേക്കുള്ളവർക്ക് 250 രൂപയുമാണ്. അവധി ദിവസങ്ങളിൽ  സാധാരണ എൻട്രി ഫീസിൽ നിന്നും അന്‍പതു രൂപ കൂടുതൽ അടയ്ക്കണം. 

മാലിപ്പുറത്തില്ലാത്ത രണ്ട് പ്രത്യേകതകൾ ഞാറയ്ക്കലിലുണ്ട്. ജലാശയത്തിന്റെ നടുവിലാണ് രണ്ടു ഹട്ടുകളും കുട്ടവഞ്ചിയും. ഇവിടെ മീൻ വളർത്തുന്ന ജലാശയത്തിന്റെ നടുവിലാണ് രണ്ടു ഹട്ടുകൾ സ്ഥിതി ചെയ്യുന്നത്. വള്ളത്തിലാണ് അങ്ങോട്ടു പോകേണ്ടത്. 15 പേർക്ക് ഇരിക്കാനാവുന്ന ഹട്ടിൽ നാലുഭാഗത്തുനിന്നും കാറ്റുവീശും. ചില സഞ്ചാരികൾ എത്തിക്കഴിഞ്ഞാൽ രാവിലെ മുതൽ വൈകുന്നേരം വരെ വേറെ ഒരു കാഴ്ചകളും കാണാതെ ഈ ഹട്ടിൽ മാത്രം സമയം ചിലവഴിക്കാറുണ്ട്. 500 രൂപയുടെ ഫുൾ പാക്കേജിൽ വന്നാൽ ഭക്ഷണവും ചായയുമുൾപ്പെടെ ഇവിടെ ലഭിക്കും. അവധിദിവസങ്ങളിൽ 500 രൂപയിൽ നിന്നും 550 രൂപ അടയ്ക്കേണ്ടതുണ്ട്.

ബാബൂ ഹട്ട്

ഒരു ദിവസം മുഴുവനായി ബാബൂ ഹട്ടിൽ ചെലവഴിക്കാം. സാധാരണ ദിവസങ്ങളിൽ പന്ത്രണ്ട് വയസ്സിന് മുകളിലുള്ള ആളുകൾക്ക് 500 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങളിൽ അൻപതു രൂപ കൂടുതൽ അടയ്ക്കണം. ഉൗണ്, ചായ,സ്നാകാസ്, ഉൾപ്പടെ കുട്ടവഞ്ചി യാത്രയും സ്പീഡ് ബോട്ടും,സോളാർ ബോട്ട്, മീൻച്ചാട്ടം, പെഡൽ ബോട്ട് തുടങ്ങിയവും പാക്കേജിലൂടെ ആസ്വദിക്കാം. വാട്ടർ സൈക്ക്ലിങ്ങിനും കയാക്കിങ്ങിന് അധിക പണം അടക്കണം.

വ​ഞ്ചിതുരുത്തിലെ ഏറുമാടം

മിക്ക സന്ദർശകരെയും ആകർഷിക്കുന്ന ഒന്നാണ് വ​ഞ്ചിതുരുത്തിലെ ഏറുമാടം. കായലിന്റെ നടുക്ക് വഞ്ചി ആകൃതിയിൽ തുരുത്തുണ്ട്. ഒരു ദിവസം മുഴുവൻ ചെലവഴിക്കാവുന്ന പാക്കേജും രാവിലെയും വൈകുന്നേരവും മാത്രമായി തെരഞ്ഞെടുക്കാവുന്ന പാക്കേജുകളുമുണ്ട്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള പാക്കേജിൽ പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് 700 രൂപയും പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് 500 രൂപയുമാണ്.

പതിനാലുപേരെയാണ് ഇൗ പാക്കേജിൽ ഉൾപ്പെടുത്താനാവൂ. അവധി ദിവസങ്ങളിൽ സാധാരണ നിരക്കിൽ നിന്നും 50 രൂപ കൂടുതൽ ആകും. വിഭവസമൃദമായ ഉൗണും ചായയും പലഹാരങ്ങളുമൊക്കെ ഏറുമാടത്തിൽ എത്തിക്കും.  ഞാറയ്ക്കലിലും വിഭവങ്ങൾ ഒരുക്കുന്നത് മത്സ്യഫെഡിന്റെ വനിത സ്വയം സഹായസംഘമാണ്.  പ്രകൃതിയുെട ഭംഗി മുഴുവനായും ആസ്വദിച്ച് ഒരു ദിവസം വ​ഞ്ചിതുരുത്തിലെ ഏറുമാടത്തിൽ ചെലവഴിക്കാം.

രണ്ടു ഫാമുകളിലും സന്ദർശനം ബുക്ക് ചെയ്യാം.

ഞാറയ്ക്കല്‍: 9497031280, 9526041209.

മാലിപ്പുറം: 9526041267