ആകാശത്തിനും  ഭൂമിക്കുമിടയിൽ, നരകത്തിലേക്കു വാ പിളർന്നു നിൽക്കുന്നൊരു കല്‍പ്പാലം. നാട്ടുകാർ അതിനെ കടല്‍പ്പാലമെന്നു വിളിച്ചു.  വഴിയുെട വെളിച്ചവുമില്ലാതിരുന്ന കാലത്ത്, മീനച്ചിലാർ ഉദ്ഭവിച്ചൊഴുകുന്ന മലഞ്ചൊരിവുകളിലൂടെ അവിടേക്കു കയറിപ്പോയവരിൽ  പലരും തിരിച്ചുവന്നില്ല. പിന്നീട് കാലം അവിടേക്കു വഴി  വെട്ടി; നരകപ്പാലത്തിനു തൊട്ടുതാഴെ വരെ വണ്ടിയെത്താന്‍ വഴിയായി. പക്ഷേ , ഇപ്പോഴും  നരകപ്പാലത്തിലേക്കു കയറിപ്പോകുന്നവരിൽ പലരും തിരിച്ചുവരാറില്ല!

ആകാശത്തെ വെല്ലുവിളിച്ചു മുഷ്ടിചുരുട്ടി നിൽക്കുന്നൊരു ഭീമന്‍ കല്ലിന്റെ കഥയാണിത്. ഇല്ലിക്കല്‍ കല്ല് എന്നാണു പേര്. മീനച്ചിൽ താലൂക്കിലെ എവറസ്റ്റ് കൊടുമുടിയെന്നാണു പണ്ടാരോ ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിച്ചത്. കോട്ടയത്തുനിന്നു പാലായും ഇൗരാട്ടുപേട്ടയും കഴിഞ്ഞ് തീക്കോയിയിൽ എത്തി ഇടത്തേക്കു തിരിഞ്ഞ് ഏഴു കിലോമീറ്റര്‍ കടന്നെത്തുന്നിടത്ത് ഇല്ലിക്കൽ കല്ലു കാണാം. കോടമ​ഞ്ഞ് തൊട്ടുംതലോടിയും ചുറ്റിനുമുണ്ട്. മഴക്കാലമായാൽ പ്രേത്യേകിച്ചു!

പൂർണാര്‍ഥത്തിൽ വികസിനമെത്തിയ വിനോദസഞ്ചാരകേന്ദ്രമല്ല ഇല്ലിക്കൽ കല്ല്. ഒരു ദിവസം രാവിലെ മുതൽ വൈകിട്ടു വരെ ചെലവഴിക്കാനുള്ള വകയുമില്ല. പക്ഷേ, സഞ്ചാരികളുടെ പ്രിയഭൂമിയായ വാഗമണ്ണിലെത്തുന്നവർക്ക്  ഒരു ദിവസത്തിന്റെ പകുതി അതിസുന്ദരമായി ഇവിടെ ചെലവഴിക്കാം. വാഗമണ്ണിലെ പതിവുകാഴ്ചകൾക്ക് അപ്പുറം  ത്രസിപ്പിക്കുന്ന യാത്രയും അനുഭവങ്ങളും ഇഷ്ടപ്പെടുന്നവർക്ക്  ഇല്ലിക്കൽ കല്ലിലേക്കു സ്വാഗതം. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണു വാഗമണ്‍ എങ്കില്‍ ഇല്ലിക്കൽ കല്ലിന് 4000 അടി ഉയരമുണ്ട്. പോതപ്പുല്ല് നിറഞ്ഞ, എപ്പോഴും കാറ്റടിക്കുന്ന സ്ഥലമാണിത്. വൻ മരങ്ങളൊന്നുമില്ല. മഞ്ഞുമാറി നിൽക്കുന്ന നേരത്ത് അകലെക്കാഴ്ചയിൽ ആലപ്പുഴയിലെ കടൽ വരെ കാണാമെന്നതാണിത് പ്രത്യേകത.

കുടക്കല്ല്, കുന്നുകല്ല്  എന്നീ രണ്ടു ഭീമൻ കല്ലുകളാണ് പര്‍വതമൂപ്പന്റെ തലേക്കെട്ടു പോലെ ആകാശം തൊട്ടു നിൽക്കുന്നത്. ഇവിടേക്കെത്താൻ പ്രകൃതിയൊരുക്കിയ പാതയാണു നരകപ്പാലം. വീതി കുറഞ്ഞ കൽവഴി . താഴെ കണ്ണെത്താപ്പരപ്പിൻ കൊടുംകൊക്ക. ഒട്ടേറെപ്പേരുടെ ജീവനെടുത്ത സ്ഥമായതിനാൽ പണ്ടേ വീണ പേരാണു നരകപ്പാലം. സാഹസികർ മാത്രമാണ് ഇപ്പെോഴും  നരകപ്പാലം കടന്നു മുന്നോട്ടു പോകാറ്. അല്ലാത്തവർക്ക് , അല്‍പമകലെ മാറിനിന്ന് ഇല്ലിക്കൽ കല്ലിനെ അഭിവാദ്യം ചെയ്തു മടങ്ങാം.

ശ്രദ്ധിക്കേണ്ടത്:

ഡിടിപിഡിയുെട നിയന്ത്രത്തിലാണ് ഇപ്പോൾ ഇല്ലിക്കല്‍ കല്ല്. രാവിലെ ഒന്‍പതു മുതൽ വൈകിട്ട് ഏഴുവരെ ട്രിപ്പ് ജീപ്പ് സർവീസുണ്ട്. അടിവാരത്തു വണ്ടി പാർക്ക് ചെയ്ത്. ജീപ്പ് പിടിച്ചാൽ 5 മിനിറ്റിനകം ഇല്ലിക്കൽ കല്ലിന് അരികിലെത്താം

ദൂരം 

കോട്ടയം – ഇല്ലിക്കൽ കല്ല്:  56 കിലോ മീറ്റര്‍

വാഗമണ്‍ – ഇല്ലിക്കൽ കല്ല് : 30 കിലോ മീറ്റര്‍‍

കൊച്ചി– ഇലിക്കൽ കല്ല്  : 94 കിലോമീറ്റര്‍

  വഴി

 കോട്ടയം, പാലാം, ഇൗരാട്ടുപേട്ട, തീക്കോയി വഴി ഇല്ലിക്കൽ കല്ലിലെത്താം. വാഗമണ്ണിൽ നിന്ന് തീക്കോയി വഴിയും എറണാകുളത്തുനിന്ന് മേലുക്കാവ് , മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലു കാണാനെത്താം