അതിസാഹസികത ഇഷ്ടപ്പെടുന്നവരെ ഏറെ സന്തോഷിപ്പിക്കുന്ന, പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന, സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്.  അതിമനോഹരമെങ്കിലും അപകട സാധ്യത കൂടുതലുള്ള ഈ സുന്ദരഭൂമിയിലേക്കു യാത്ര ചെയ്യുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ സുന്ദരമാക്കും.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമികയിലേക്കെത്താൻ സാധിക്കുകയുള്ളു. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത്  അല്പം ആയാസകരമാണ്. ആളൊന്നിന് ഇരുപതു രൂപ നിരക്കിൽ ഈടാക്കുന്ന ജീപ്പ് സർവീസുകളുണ്ട്. അതിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമാണ്. പാർക്കിങ്ങിനുള്ള സ്ഥലപരിമിതിയും അപകടങ്ങളുടെ വർധനവും റോഡിൻറെ അപര്യാപ്തതയും സ്വകാര്യ വാഹനങ്ങളെ മുകളിലേക്ക് വിടുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. 

മുകളിലെത്തിയാൽ കുടക്കല്ല്, കൂനൻ കല്ല് എന്നിങ്ങനെയുള്ള രണ്ടു പാറകൾ ദൃശ്യമാകും. ഇവയ്ക്കു താഴെയായി ഒരു ഗുഹയും കൂടെ ഉമ്മിക്കുന്നും കാണാവുന്നതാണ്. മനോഹരമായ കാലാവസ്ഥ തന്നെയാണ് ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകത. ഞൊടിയിടയിൽ മൂടൽമഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മൂടും. തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു ഇരുകരങ്ങൾകൊണ്ടും ഇറുകെ പുണർന്നു കടന്നുപോകും. നട്ടുച്ച നേരത്തുപോലും തണുത്ത കാറ്റുവീശുന്ന ഇവിടുത്തെ കാലാവസ്ഥ ആരും ഇഷ്ടപ്പെട്ടു പോകും. കൂടെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും കൂട്ടിനുവരുമ്പോൾ ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര സഞ്ചാരികളുടെ ഹൃദയം നിറയ്ക്കും. 

കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറി പോകാതെ നോക്കണം. കാരണം ഇരുവശങ്ങളിലും കൊക്കയാണ്. താഴേക്ക് പതിച്ചാൽ ജീവഹാനി ഉറപ്പെന്നതുകൊണ്ടു തന്നെ അതീവജാഗ്രത പുലർത്തേണ്ടതാണ്. ഇടിമിന്നൽ സാധ്യത കൂടുതലുള്ള പ്രദേശമാണ് ഇല്ലിക്കൽ കല്ല്. മിന്നലും  ഇടിയുമുള്ളപ്പോൾ അവിടേക്കുള്ള യാത്ര അപകടകരമാണ്‌. കൂടാതെ ഇല്ലിക്കൽ കല്ലിന്റെ  ഭാഗത്തേക്ക് സഞ്ചാരികൾ പോകുന്നത് വിലക്കിയിട്ടുണ്ട്. അതിനു സമീപത്തുള്ള കുന്നുവരെ മാത്രമേ യാത്രികർക്കു പോകാൻ അനുമതിയുള്ളു. എല്ലായ്പ്പോഴും നല്ല മൂടൽ മഞ്ഞും കാറ്റുമാണ് ഇല്ലിക്കൽ കല്ലിന്റെ ഭാഗത്ത്. ഒരു സമയത്തു ഒരാൾക്ക് മാത്രമേ ആ പാതയിലൂടെ പോകാൻ കഴിയുകയുള്ളു. പുല്ലുകൾ വകഞ്ഞു മാറ്റിയുള്ള  യാത്ര അതീവസാഹസികമാണ്. ഇരുവശങ്ങളിലും കൊക്കയുള്ളതു കൊണ്ടുതന്നെ ഏറെ സൂക്ഷിക്കുകയും വേണം. നരകപാലം എന്നാണ് ഈ ഒറ്റയടിപാത അറിയപ്പെടുന്നത്. നരകപാലത്തിലൂടെയുള്ള യാത്രയിൽ കുറച്ചേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതു കൊണ്ടാണ് ഇപ്പോൾ ആ യാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുള്ളത്. 

കോടമഞ്ഞു മാറുമ്പോൾ ദൃശ്യമാകുന്ന കാഴ്ചകളാണ് ഇല്ലിക്കൽ കല്ലിനെ സഞ്ചാരികളുടെ പ്രിയയിടമാക്കി മാറ്റുന്നത്. വളരെ ചെലവുകുറഞ്ഞതും കോട്ടയത്തും അയൽജില്ലകളിലും ഉള്ളവർക്ക് ഒറ്റദിവസം കൊണ്ട് പോയിവരുവാനും കഴിയുന്ന ഏറെ സുന്ദരമായൊരിടമാണ് ഇല്ലിക്കൽ കല്ല്.