ഈറനോടെ നിൽക്കുന്ന പെണ്ണിനെ പോലെയാണ് മഴ പെയ്തു തോർന്ന പ്രകൃതി. മുടി തുമ്പിൽ നിന്നും ഇറ്റുവീഴുന്ന ജലകണങ്ങളെ പോലെ ഇലപ്പടർപ്പുകളിൽ നിന്നും പെയ്തുതോർന്ന മഴയുടെ കുഞ്ഞുതുള്ളികൾ പിന്നെയും പൊഴിഞ്ഞുകൊണ്ടേയിരിക്കും. അന്നേരത്തു വീശിയടിക്കുന്ന ചെറുകാറ്റ് ദേഹത്തെ കുളിരണിയിക്കും...മനസുനിറയ്ക്കും.

അത്തരമൊരു യാത്രയുടെ സുഖകരമായ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര താരം അനുമോൾ. അനുയാത്ര എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോൾ, 'ബോധി-ക്യാമ്പ് സൈറ്റ്' സന്ദർശിക്കാൻ പോയതിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാനുള്ള ആ യാത്രയിൽ മഴ കൂട്ടുവന്നപ്പോൾ  യാത്ര കൂടുതൽ സുന്ദരമായതിനൊപ്പം ബോധിയിലെ രാത്രിയും ട്രെക്കിങ്ങുമൊക്കെ അതിമനോഹരമായ ഒരു ദിനം തനിക്കു സമ്മാനിച്ചുവെന്നു അനുമോൾ വീഡിയോയിലൂടെ പറയുന്നു.  

ബോധി - ക്യാമ്പ് സൈറ്റിലെ കാഴ്ചകൾ

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് ബോധി. മലമുകളിൽ നിന്ന് കൊണ്ട് സുന്ദരമായ പ്രകൃതിയെ കാണാനും ആസ്വദിക്കാനുമൊരിടം എന്ന ലക്ഷ്യത്തോടെ 'ട്രൈബ്സ് ഓഫ് സംസാര' എന്ന പേരിൽ പത്തോളം യുവാക്കൾ ചേർന്നു പ്രവര്ത്തിച്ചാണ് ബോധി ക്യാമ്പ് സൈറ്റിനെ അതിഥികൾക്ക് മുമ്പിൽ ഇത്രത്തോളം സുന്ദരമായി അവതരിപ്പിക്കുന്നത്.  

ഒറ്റദിവസത്തെ യാത്രയായിരുന്നുവത്.  ഉച്ചയോടെയാണ് ബോധിയിൽ എത്തിച്ചേർന്നത്. അവിടുത്തെ  ക്യാമ്പുകൾക്കു ആതിഥ്യം വഹിക്കുന്നത് 'ട്രൈബ്സ് ഓഫ് സംസാര' എന്ന സഞ്ചാരിക്കൂട്ടമാണ്. കാഴ്ചകൾ കാണാനായി ക്യാമ്പ് സൈറ്റുകൾ അവർ ഒരുക്കിയിട്ടുണ്ട്.  അവർ ഒരുക്കിയിരിക്കുന്ന ക്യാമ്പ് സൈറ്റുകളല്ലാതെ അതിഥികളുടെ താല്പര്യത്തിനനുസരിച്ചു ക്യാമ്പുകൾ തയാറാക്കി തരാനും അവർ  റെഡിയാണ്.

ചെറുകുടിലുകൾ, ടെന്റുകൾ, ഊഞ്ഞാലുകൾ, ഏറുമാടങ്ങൾ  എന്നുവേണ്ട കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും അനുഭവിക്കാനും ധാരാളം സൗകര്യങ്ങൾ അവിടെയുണ്ട്. അടവിയുടെ മർമരത്തിൽ അലിഞ്ഞുചേർന്നുകൊണ്ടുള്ള ആ രാത്രി ഞാൻ ചെലവഴിച്ചത് താൽക്കാലികമായി തയ്യാറാക്കിയ ഒരു ടെന്റിലായിരുന്നു. സായന്തനത്തിനു മഴ മിഴിവേകിയെങ്കിലും അസ്തമയം കാണാൻ കഴിയാത്തതിൽ ചെറുനിരാശ തോന്നി. എങ്കിലും മഴ നനഞ്ഞുള്ള ആ വൈകുന്നേരവും തണുപ്പും ചെറുകോടയും ഊഞ്ഞാലാട്ടവുമൊക്കെ അന്നത്തെ ദിവസത്തെ അവിസ്മരണീയമാക്കുക തന്നെ ചെയ്തു. 

രാത്രിയിലെ ക്യാമ്പ് ഫയറും ഭക്ഷണവും 

വൈകുന്നേരത്തെ കാഴ്ചകളെ അതിസുന്ദരമാക്കിക്കൊണ്ടാണ് മഴ തുടങ്ങിയത്. അസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും മഴയിൽ നനഞ്ഞുള്ള ആ വൈകുന്നേരം ഏറെ രസകരമായിരുന്നു. പെയ്തു തോർന്ന മഴയുടെ തണുപ്പുമായാണ് ക്യാമ്പ് ഫയറിനു എത്തിയത്. മൂടിനിന്ന തണുപ്പിന്റെ ആവരണത്തെ ചൂട് അടർത്തിമാറ്റി. ക്യാമ്പ് ഫയറും ഭക്ഷണവും കഴിഞ്ഞു ആ രാത്രി ടെന്റിനുള്ളിലേയ്ക്ക്. അതിരാവിലെ എഴുന്നേറ്റാൽ ഉദിച്ചുയരുന്ന സൂര്യന്റെ മനോഹര ദൃശ്യം കാണാമെന്ന സന്തോഷത്തിലാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. 

ട്രെക്കിങ്ങും സൂര്യോദയവും 

ചെറിയൊരു ട്രെക്കിങ്ങ് നടത്തിയാൽ മാത്രമേ സൂര്യോദയം കാണാനുള്ള പോയിന്റിലേയ്ക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു. പത്തുപേരോളമുള്ള  സഞ്ചാരക്കൂട്ടത്തിനൊപ്പം അതിരാവിലെ ട്രെക്കിങ്ങിനായിറങ്ങി. ഏകദേശം മൂന്നു കിലോമീറ്റർ നീളുന്ന ട്രെക്കിങ് കഴിഞ്ഞു സൂര്യോദയം കാണാനുള്ള കാത്തിരിപ്പ്. കോടമാറി ആദ്യത്തെ അർക്കകിരങ്ങൾ ഭൂമിയിലേയ്ക്കു പതിക്കുന്ന കാഴ്ചയും അത് സമ്മാനിക്കുന്ന ഊർജവും പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സുന്ദരമാണ്. ആ ദിവസത്തെ മുഴുവൻ ഉത്സാഹഭരിതമാക്കാൻ ആ പ്രഭാതത്തിനു കഴിഞ്ഞു. പിന്നെ ഞങ്ങൾ പോയത് തേവർമലയിൽ പണ്ട് കടുവകൾ വസിച്ചിരുന്നുവെന്നു പറയപ്പെടുന്ന ഗുഹകൾ കാണാനായിരുന്നു. ഗുഹാകാഴ്ചകൾ ശരിക്കും അത്ഭുതപ്പെടുത്തും.  തിരികെയെത്തി പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം ഇത്രയും മനോഹര ദിവസം സമ്മാനിച്ച ആ കൂട്ടുകാർക്കൊപ്പം അല്പസമയവും കൂടി ചെലവഴിച്ചായിരുന്നു മടക്കം.