അവധി ദിനങ്ങളിൽ കിഴക്കൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്കേറുന്നു. തെന്മല ഡാം, ഇക്കോടൂറിസം, പാലരുവി, കുറ്റാലം, സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങൾ എന്നിവിടങ്ങളാണ് ഓരോ ദിവസവും സഞ്ചാരികളാൽ നിറയുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഇവിടങ്ങളിൽ എത്തുന്നതിൽ അധികവും. ഒരു ദിവസത്തെ ടൂർ പ്ലാൻ ചെയ്യുന്നവർ തിരഞ്ഞെടുക്കുന്ന ഒരു കേന്ദ്രം കൂടിയായി മാറി. പുലർച്ചെ വീടുകളിൽ നിന്നു തിരിക്കുന്നവർ തെന്മല വഴി സൂര്യകാന്തിപ്പാടത്തേക്കാണ് ആദ്യം പോകുന്നത്. അവിടെനിന്നും കുറ്റാലം ജലപാതത്തിലെത്തും.

അവിടെനിന്നു പാലരുവിയും കണ്ട ശേഷം തെന്മല ഡാമും ഇക്കോടൂറിസവും കണ്ട് മടങ്ങും. സമയം തക്കത്തിനു വിനിയോഗിച്ചില്ലെങ്കിൽ തെന്മലയിലെ കാഴ്ച ഒഴിവാക്കേണ്ടിവരും. ഇക്കോടൂറിസത്തിൽ തുടങ്ങി സൂര്യകാന്തിപ്പാടത്ത് യാത്ര അവസാനിപ്പിക്കുന്നവരും ഉണ്ട്. വർഷത്തിൽ ഒരിക്കൽ വിരിയുന്ന സൂര്യകാന്തിയാണ് ഇപ്പോഴത്തെ താരം. സുന്ദരപാണ്ഡ്യപുരം, ചുരണ്ട എന്നിവിടങ്ങളിലാണ് ഇപ്പോൾ സൂര്യകാന്തിപ്പാടങ്ങളുള്ളത്. രാവിലെ മുതലെ സൂര്യകാന്തിപ്പാടങ്ങളിൽ മലയാളികളുടെ തിരക്കാണുള്ളത്.

സൂര്യകാന്തിപ്പാടത്തേക്കുള്ള വഴി

ദേശീയപാതയിൽ ചെങ്കോട്ട – ഇലഞ്ഞി വഴി മധുര റോഡിൽ പ്രവേശിക്കും. അവിടെ നിന്നും 5 കി. മി മുന്നോട്ട് പോകുമ്പോൾ 4 റോഡ് സംഗമിക്കുന്നിടത്തു (രണ്ടാമത്തെ 4 റോഡ് സംഘമിക്കുന്ന കവല) നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചുരണ്ട റോഡിൽ പ്രവേശിക്കാം. വീണ്ടും 5 കി. മി പോകുമ്പോൾ ഇടതുവശത്ത് സൂര്യകാന്തിപ്പാടങ്ങൾ കണ്ടു തുടങ്ങും. ഇവിടെ നിന്നും സുന്ദരപാണ്ഡ്യപുരത്തേക്കും പോകാവുന്നതാണ്.