തൊടുപുഴ ∙ പ്രളയക്കെടുതികളും വിനോദസഞ്ചാര നിരോധനവും മൂലം സന്ദർശകർ ഒഴിഞ്ഞു നിശ്ചലമായിരുന്ന ഇടുക്കി ജില്ലയിലെ ടൂറിസം മേഖല ഉണരുന്നു. ഓണം അവധി അടുക്കുമ്പോൾ കാഴ്ചകളുടെ പൂരമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇടുക്കി.

തേക്കടി

ഇന്ത്യയിലെ ഏറ്റവും വലിയ വന്യമൃഗസങ്കേതമായ തേക്കടിയിൽ ബോട്ടിങ്ങാണു സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഓൺലൈൻ ബുക്കിങ്ങിനും സൗകര്യമുണ്ട്. കോട്ടയത്തു നിന്നു 108 കിലോമീറ്റർ ദൂരം. കൊച്ചിയിൽ നിന്നു 150 കിലോമീറ്റർ. തൊടുപുഴയിൽ നിന്നു 110 കിലോമീറ്റർ.

മൂന്നാർ

സമുദ്രനിരപ്പിൽ നിന്ന് 1465 മീറ്റർ ഉയരം. കൊടുമുടിയായ ആനമുടി നിലകൊള്ളുന്നതു മൂന്നാറിലാണ്. സ്കോട്ടിഷ് പട്ടണത്തിന്റെ കൊച്ചുപതിപ്പാണ് ഇന്നും മൂന്നാർ.  രാജമല, മാട്ടുപ്പെട്ടി, ദേവികുളം, വട്ടവട, സൂര്യനെല്ലി, ടോപ് സ്റ്റേഷൻ, പള്ളിവാസൽ, ചിന്നക്കനാൽ... അങ്ങനെ മൂന്നാറിനു ചുറ്റുപാടും മനോഹരമായ സ്ഥലങ്ങൾ ഒട്ടേറെയുണ്ട്. ‌കൊച്ചിയിൽ നിന്നു 135 കിലോമീറ്റർ. തേക്കടിയിൽ നിന്നു 110 കിലോമീറ്റർ.

വാഗമൺ, തൊമ്മൻകുത്ത്, ഇലവീഴാപ്പൂഞ്ചിറ

∙ മൊട്ടക്കുന്നുകൾ, പച്ച വിരിച്ച തേയിലത്തോട്ടങ്ങൾ, മലകളിലൂടെ പതഞ്ഞിറങ്ങുന്ന നീരുറവകൾ, പൈൻവാലി തുടങ്ങിയവയെല്ലാം പീരുമേടിന്റെ പ്രത്യേകതയാണ്. പീരുമേട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയാണു വാഗമൺ. അവിസ്മരണീയ കാഴ്ചകൾ കൊണ്ട് അനുഗൃഹീതമാണു തൊമ്മൻകുത്ത്. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ. തൊടുപുഴയിൽ നിന്നു 15 കിലോമീറ്റർ മാറി കാഞ്ഞാറിനടുത്തു കുന്നുകളാൽ ചുറ്റപ്പെട്ട സ്‌ഥലമാണ് ഇലവീഴാപ്പൂഞ്ചിറ.

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ

∙ പ്രളയശേഷം ഇടുക്കി, ചെറു തോണി അണക്കെട്ടുകളുടെ കവാടങ്ങൾ സന്ദർശകർക്കായി തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും ഓണാവധിയോടനുബന്ധിച്ച് ഇവിടേക്കു സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നാണ് അറിയുന്നത്.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദർശനം. ചെറുതോണി ഡാമിനു സമീപമുള്ള കൗണ്ടറിൽ നിന്നു സന്ദർശകർക്കുള്ള പാസ് ലഭിക്കും.  തൊടുപുഴയിൽ നിന്ന് 60 കിലോമീറ്ററാണു ചെറുതോണിക്ക്; കോതമംഗലത്തുനിന്ന് 65 കിലോമീറ്ററും. കോട്ടയത്തു നിന്ന് ഇടുക്കി അണക്കെട്ടിലേക്കു 103 കിലോമീറ്റർ. കൊച്ചിയിൽ നിന്നു 112 കിലോമീറ്റർ.

മുറികൾ റെഡി

∙ ജില്ലയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. അയ്യായിരത്തോളം സ്ഥാപനങ്ങളിലായി 12,000 മുറികൾ ഓണം സീസണിലെ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയതായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എൻ.ബാബു പറഞ്ഞു. ഡിടിപിസിയുടെ ഹോട്ടൽ മുറികളും സഞ്ചാരികളെ കാത്തിരിക്കുന്നു. ഡിടിപിസി വെബ്സൈറ്റ് വഴി ഓൺലൈൻ ആയും നേരിട്ടും മുറികൾ ബുക്ക് ചെയ്യാം. ആയിരം രൂപ മുതൽ 30,000 രൂപ വരെയുള്ള മുറികൾ ലഭ്യമാണ്. മൂന്നാറിലെ റിസോർട്ടുകളും ഹോം സ്റ്റേകളും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി.