ചിറ്റാറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികൾക്ക് വഴിയൊരുങ്ങുന്നു. പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി സ്പാരോ നേച്ചർ കൺസർവേഷൻ തയാറാക്കിയ രൂപരേഖയാണ് സഞ്ചാരികൾക്ക് പ്രതീക്ഷ നൽകുന്നത്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാൻ കഴിയുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കെ. രാജുവിനു സമർപ്പിച്ചു.

പദ്ധതി മേഖല

വനം വകുപ്പിന്റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റിൽ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നൽകിയിരിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയിൽ ചിറ്റാർ ടൂറിസം പദ്ധതിയേയും കൂടി ഉൾപ്പെടുത്താൻ കഴിയുംവിധമാണ് രൂപരേഖ തയാറിക്കിയിരിക്കുന്നത്.

കാരിക്കയം വനം

വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാർ– വടശേരിക്കര റോഡിനോടു ചേർന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂർവയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ വനത്തിലുള്ളത്.

ചതുരക്കള്ളി പാറ

വനത്തിനോട് ചേർന്ന് തന്നെയാണ് ഐതീഹ്യപ്പെരുമയുള്ളതും വിസ്തൃതമായ ഗുഹയും അടങ്ങിയ ചതുരക്കള്ളി പാറ. ചതുരക്കള്ളി പാറയുടെ ഒരു ഭാഗത്ത് കക്കാട്ടാറാണ്. പാറയിൽ നിന്നാൽ സൂര്യാസ്തമയവും കാണാം. പക്ഷി നിരീക്ഷണം, കുട്ടികളുടെ പാർക്ക്, ശലഭോദ്യാനം, ഔഷധ പാർക്ക്, കക്കാട്ടാറ്റിൽ കുട്ടവഞ്ചി സവാരി– ബോട്ടിങ്, ഇക്കോ ഷോപ്പുകൾ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.