നെടുങ്കണ്ടം ∙ ചരിത്ര അന്വേഷികളായ വിദേശ ദമ്പതികൾ ദക്ഷിണേന്ത്യയിലെ ചരിത്രം പഠിക്കുന്നതിന്റെ ഭാഗമായി സൈക്കിളിൽ ജില്ലയിലെത്തി.  ഫ്രാൻസിലെ നിസിൽ നിന്നും എത്തിയ ദമ്പതികളായ ലാൻസലോട്ട് പിയറും,  ഇസബെല്ലയുമാണ് ദക്ഷിണേന്ത്യയിലെ ജീവിത രീതികൾ നേരിട്ട് മനസിലാക്കി സൈക്കിളിൽ ഇടുക്കിയിലെത്തിയത്. 3 മാസം നീണ്ടു നിൽക്കുന്ന ദക്ഷിണേന്ത്യൻ പര്യടനമാണു ദമ്പതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ബംഗളൂരുവിലെ നിന്നാണ് കഴിഞ്ഞമാസം പര്യടനം ആരംഭിച്ചത്. 

ചിറ്റൂർ, മഹാബലിപുരം, പോണ്ടിച്ചേരി, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, തൂത്തുക്കുടി, കന്യാകുമാരി, തിരുവനന്തപുരം, ആലപ്പുഴ വഴി കുമളിയിൽ എത്തിയ ദമ്പതികൾ മൂന്നാറും സന്ദർശിച്ചേ മടങ്ങൂ. യാത്രയിലുട നീളം ഗ്രാമങ്ങൾ മാത്രമാണ് ദമ്പതികൾ സന്ദർശിക്കുന്നത്. ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും നേരിട്ട് കണ്ടറിഞ്ഞ് നാടൻ വിഭവങ്ങളുടെ സ്വാദറിഞ്ഞുമാണ് യാത്ര. യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവം പൊങ്കാല തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആഘോഷിച്ചതാണ്. 

ദിനംപ്രതി 60 കിലോമീറ്ററോളം സഞ്ചരിക്കും. ഫ്രാൻസിനെ അപേക്ഷിച്ച് ഇന്ത്യൻ ഗ്രാമങ്ങൾ മനുഷ്യനെ മനുഷ്യനായി കണക്കാക്കുവെന്ന് ഈ ദമ്പതികൾ പറയുന്നു. ഫ്രാൻസിൽ താമസിക്കുന്നവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സമയമില്ല. എന്നാൽ ദക്ഷിണേന്ത്യൻ ഗ്രാമങ്ങൾ  പരസ്പര സ്നേഹത്തിന്റെ കലവറയാണ്. ദക്ഷിണേന്ത്യ സംസ്കാരം കൊണ്ട് സമ്പന്നമാണ്. 

ഇത്ര ശക്തമായ ഒരു സംസ്കാരം ലോകത്ത് എവിടെയും കാണുവാൻ കഴിയില്ലെന്നും ഇവർ പറയുന്നു. ഇടുക്കിയിൽ കുമളി, വാഗമൺ, കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ, അടിമാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഗൂഗിൾ മാപ്പിലൂടെ കിട്ടുന്ന അറിവുകളാണ് സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കുന്നത്. ഇരുവരും അടുത്തമാസം അവസാനത്തോടെ തിരികെ ഫ്രാൻസിലേക്ക് മടങ്ങാനാണ് ആലോചന.