കായംകുളം ∙ കായലോര ടൂറിസം പദ്ധതി ഇരുട്ടിൽ മറയുന്നു. ജനങ്ങൾക്കായി തുറന്നു കൊടുത്ത കായലോര ടൂറിസം പദ്ധതി പ്രദേശത്ത് പോകണമെങ്കിൽ കൈയിൽ വെളിച്ചം കരുതേണ്ട അവസ്ഥ. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതി പ്രദേശം തൊട്ടടുത്ത ദിവസം തന്നെ ഇരുളിൽ അമർന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. കഴിഞ്ഞ 25നാണ് മുഖ്യമന്ത്രി പദ്ധതി നാടിനു സമർപ്പിച്ചത്. അന്ന് വൈദ്യുത ദീപാലങ്കാരങ്ങളാൽ ആകർഷകമാക്കിയിരുന്ന പ്രദേശം അടുത്ത ദിവസം മുതൽ ഇരുട്ടിലാവുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി വൈദ്യുത അലങ്കാരത്തിനും മറ്റും തുക അനുവദിച്ചെങ്കിലും ഇവ പൂർത്തിയാകാത്തതു മൂലമാണ് വെളിച്ചം ഇല്ലാത്ത അവസ്ഥ വന്നതെന്ന് ആക്ഷേപമുണ്ട്. ഉദ്ഘാടനം കഴിഞ്ഞ വിവരമറിഞ്ഞ് ദൂരെ നിന്നു പോലും ഒട്ടേറെപ്പേർ എത്തുന്നുണ്ട്. എന്നാൽ വൈകിട്ടെത്തുന്നവർ ഇരുളും മുൻപേ സ്ഥലം കാലിയാക്കുകയാണ്.സാമൂഹിക വിരുദ്ധരുടേയും മയക്കുമരുന്ന് ലോബികളുടേയും പ്രധാന താവളമായിരുന്നു ഇവിടം. പദ്ധതി ആരംഭിച്ചതോടെ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. വെളിച്ചമില്ലാത്തത് സാമൂഹിക വിരുദ്ധർക്കു സഹായകമാകുന്ന  സാഹചര്യമാണ് ഒരുക്കുന്നത്. 

ഹൗസ് ബോട്ട് ടെർമിനൽ, ജലോത്സവം നടക്കുന്ന കായൽ തീരത്ത് സ്ഥിരം ഗാലറി, വിഐപി പവലിയൻ, വാട്ടർ പവലിയന് മേൽക്കൂര, കായലിന് തീര സംരക്ഷണ ഭിത്തി, പ്രാദേശികമായി പ്രത്യേകതയുള്ള സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഇന്റർപ്രട്ടേഷൻ കേന്ദ്രം, ഭക്ഷണശാല, വാണിജ്യ കേന്ദ്രങ്ങൾ, കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക്ക് വ്യൂ, കുട്ടികൾക്ക് പാർക്ക്, നീന്തൽക്കുളം, മത്സ്യ കന്യകയുടെ ശിൽപം, വൈദ്യുതാലങ്കാരം തുടങ്ങി വിപുലമായ രീതിയിലാണ്  പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഇവയെല്ലാം തകിടം മറിയുന്ന അവസ്ഥയാണ്.

സി.കെ.സദാശിവൻ എംഎൽഎ ആയിരുന്നപ്പോൾ ടൂറിസം വികസനത്തിനായി ആരംഭിച്ചതാണ് ജലോത്സവം. ലക്ഷങ്ങൾ മുടക്കി പവലിയനും, വാട്ടർ പവലിയനും ഇതിനായി നിർമിക്കുകയും ചെയ്തെങ്കിലും 4 വർഷമായി ഇപ്പോൾ ജലോത്സവം നടക്കുന്നില്ല. കൂടാതെ പദ്ധതി വിഹിതത്തിൽ നിന്നു 3 കോടി രൂപ ഉപജലപാതയുടെ ആഴംകൂട്ടാൻ നീക്കി വച്ചെങ്കിലും ഇതും നടന്നിട്ടില്ല. അതിനാൽ ഹൗസ് ബോട്ടുകൾക്കു പദ്ധതി കേന്ദ്രമായ കായംകുളം ബോട്ട് ജെട്ടിയിലേക്ക് സുഗമമായി കടന്നുവരാൻ കഴിയാത്തതും പദ്ധതിയെ പൂർണതയിൽ എത്തിക്കുന്നില്ല. കൂടാതെ ഇവിടേക്കു വരാനുള്ള റോഡും തകർന്നു കിടക്കുകയാണ്.