മഴ കനത്തതോടെ നീർച്ചോലകളെല്ലാം ജലസമൃദ്ധം. നയന മനോഹരങ്ങളായ കാഴ്ചകളുമായി വെള്ളച്ചാട്ടങ്ങൾ സജീവം. മാ‌ടത്തരുവി, അരുവിക്കൽ, പനംകുടന്ത എന്നീ വെള്ളച്ചാട്ടങ്ങളിലാണ് ഇടവേളയ്ക്കു ശേഷം നീരൊഴുക്ക് സജീവമായത്. 

മാ‌ടത്തരുവി

പഴവങ്ങാടി പഞ്ചായത്തിലാണ് മാടത്തരുവി. വേനൽക്കാലത്ത് അരുവിയിൽ നേരിയ നീരൊഴുക്കു മാത്രമാണുണ്ടായിരുന്നത്. തുടർച്ചയായി മഴ ലഭിച്ചതോടെ വെളുത്ത മുത്തുമണികൾ പോലെ പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം ചിന്നി ചിതറുകയാണ്. 3 തട്ടുകളുള്ള വെള്ളച്ചാട്ടമാണിത്.

അരുവിക്കൽ, പനംകുടന്ത

അങ്ങാടി പഞ്ചായത്തിലാണ് അരുവിക്കൽ വെള്ളച്ചാട്ടം. കുരുമ്പൻമൂഴിക്കു മുകളിലായി വനത്തിലാണ് പനംകുടന്ത അരുവി. നാറാണംമൂഴി പഞ്ചായത്തിലാണിത്. അരുവികളെല്ലാം പാറക്കൂട്ടങ്ങൾക്കിടയിലാണ്. മഴ മാറി അന്തരീക്ഷം തെളിയുമ്പോൾ വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാൻ സന്ദർശകരുടെ തിരക്കാണ്.ടൂറിസം സാധ്യതകൾ ഏറെയുള്ള അരുവികളാണ് ഇവയെല്ലാം. എന്നിട്ടും അതു പ്രയോജനപ്പെടുത്താൻ പഞ്ചായത്തുകളും ടൂറിസം വകുപ്പും തയാറാകുന്നില്ല. മാടത്തരുവിയിലെത്താൻ വഴിയില്ല. 

പഴവങ്ങാടി പഞ്ചായത്തിന്റെ ഇടപെടലിൽ വഴിക്കായി സ്ഥലം സൗജന്യമായി വിട്ടുനൽകാൻ വ്യക്തികൾ തയാറായിട്ടുണ്ട്. സമ്മതപ്രത്രവും അവർ പഞ്ചായത്തിനു കൈമാറിയിരുന്നു. റോഡിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കി 3 വെള്ളച്ചാട്ടങ്ങളും കുടുംബശ്രീകൾക്കു കൈമാറിയാൽ സഞ്ചാരികളെ ആകർഷിക്കാനാകും.നേരിയ നീരൊഴുക്കുകൾ പോലും ടൂറിസം മേഖലകളായി തമിഴ്നാട് വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിനു നേട്ടമാണത്. എന്നിട്ടും താലൂക്കിലെ പഞ്ചായത്തുകൾ ഇത്തരത്തിൽ ചിന്തിക്കുന്നില്ല.