മണ്ണാർക്കാട്∙ മ്യൂസിക്കൽ ഫൗണ്ടനും ബോട്ടു യാത്രയുമുൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി കാഞ്ഞിരപ്പുഴ ഉദ്യാനം മനോഹരിയായി. മൂന്നു കോടി രൂപ ചെലവിലാണ് ഉദ്യാനം നവീകരിച്ചത്. ചെക്ക് ഡാമിൽ പെഡൽ ബോട്ട് യാത്ര പുനരാരംഭിച്ചു. നിലവിൽ ഒരു ബോട്ടാണുള്ളത്. 4 ബോട്ടുകൾ കൂടി അടുത്ത ദിവസം ഇവിടെയെത്തും. കുട്ടികൾക്കായുള്ള കുളവും മനോഹരമായ ഇരിപ്പിടങ്ങളും റെയിൽ ഷെൽട്ടറുകളും വിശ്രമ മുറികളും ഗാർഡൻ ലൈറ്റുകളും തായാറായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനം ആകർഷകമായി. 

വാക്കടൻ മലയുടെ പ്രകൃതി രമണീയതയും കാഞ്ഞിരപ്പുഴ ഡാമും സന്ദർശകരുടെ മനം കുളിർപ്പിക്കും. ചിൽഡ്രൻസ് ഏരിയയും ഡാമിനു മുകളിൽ നിന്നുള്ള കാഴ്ചയും മനോഹരമാണ്. നവീകരിച്ച ഉദ്യാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി.വിജയദാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ഒ.പി. ഷരീഫ്, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. രമണി, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. സലീന, 

കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡന്റ് കെ. മജീദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. അച്യുതൻ നായർ, സീമ കൊങ്ങശ്ശേരി, ജനപ്രതിനിധികളായ കെ.പി. മൊയ്തു, രുഗ്മിണി രാമചന്ദ്രൻ, രമണി രാധാകൃഷ്ണൻ, അരുൺ ഓലിക്കൽ, നുസ്റത്ത് ചേപ്പോടൻ, പി. സുമലത, വികാസ് ജോസ്, റഫീഖ് തെക്കേതിൽ, ഗണേഷ്കുമാർ, സിൽക് മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ്, കെപിഐപി ഇഇ കെ. ബാലശങ്കർ, കെ.എ. വിശ്വനാഥൻ, ജോയി ജോസഫ്, പി. ചിന്നക്കുട്ടൻ, സി.ടി. അലി, കാപ്പിൽ സെയ്തലവി, ബാലൻ പൊറ്റശ്ശേരി, രവി അടിയത്ത്, ബിജു പൂഞ്ചോല, ജോർജ് നമ്പുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.

സാഹസിക ടൂറിസം  പരിഗണനയില്‍ 

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനായി സാഹസിക ടൂറിസം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നു  മന്ത്രി കടകം പള്ളി സുരേന്ദ്രൻ. സാധാരണക്കാർക്കു ഗുണം ഉണ്ടാവുന്ന ഉത്തരവാദിത്ത ടൂറിസമാണു സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ വികസന പ്രതീക്ഷ  ടൂറിസത്തിലാണ്. വിദേശികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാനായി ഐപിഎൽ മോഡലിൽ ചാംപ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കും.