തിരുവനന്തപുരം ∙ കോഴിക്കോട് – ഷൊർണൂർ പാതയിലെ തടസ്സം നീക്കി ഇന്നലെ ഉച്ചയ്ക്കു ഗതാഗതം പുനഃസ്ഥാപിച്ചതോടെ സംസ്ഥാനത്തെ റെയിൽ ഗതാഗതം ഏറെക്കുറെ പൂർണതോതിലായി. പാലക്കാട് വഴിയുള്ള സർവീസുകൾ നാളെ മുതൽ പൂർണതോതിലായേക്കും. കോഴിക്കോട് – നാഗർകോവിൽ സ്പെഷൽ പാസഞ്ചറാണ് കോഴിക്കോട് – ഷൊർണൂർ പാതയിൽ ഇന്നലെ ആദ്യ സർവീസ് നടത്തിയത്. കോഴിക്കോട് – കോയമ്പത്തൂർ, മംഗളൂരു – കോയമ്പത്തൂർ സ്പെഷൽ സർവീസുകളും നടത്തി. കോഴിക്കോട് – മംഗളൂരു പാതയിൽ ഒരു സ്പെഷൽ സർവീസും ഷൊർണൂർ – മംഗളൂരു പാതയിൽ 2 സ്പെഷൽ സർവീസുകളും നടത്തി. നേരത്തേ റദ്ദാക്കിയിരുന്ന ട്രെയിനുകളൊഴികെ ബാക്കിയെല്ലാം എറണാകുളത്തുനിന്നു തടസ്സമില്ലാതെ പോയി. 

ചെന്നൈ സെൻട്രലിൽനിന്ന് ഇന്നലെ രാത്രി 8.10ന് പുറപ്പെട്ട സ്പെഷൽ ട്രെയിൻ ഇന്നു രാവിലെ 8.45ന് എറണാകുളം ജംക്‌ഷനിലെത്തും. എറണാകുളം ജംക്‌ഷനിൽ നിന്നു 15ന് രാത്രി 7.30ന് പ്രത്യേക ട്രെയിൻ ചെന്നൈയിലേക്കു പുറപ്പെടും. പാലക്കാട് വഴി കടന്നുപോകേണ്ടിയിരുന്ന 18 ട്രെയിനുകൾ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാളെയോടെ സർവീസുകൾ പൂർണതോതിലായേക്കും.

ഇന്നലത്തെ കൊച്ചുവേളി- ചണ്ഡിഗഡ് എക്സ്പ്രസ് (12217) പാലക്കാട്, ഇൗറോഡ്, വാഡി, പുണെ, പൻവേൽ വഴിയും എറണാകുളം - നിസാമുദീൻ (12617) മംഗള എക്സ്പ്രസ് പാലക്കാട്, ഇൗറോഡ്, നാഗ്പുർ വഴിയുമാണു സർവീസ് നടത്തിയത്. 

മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പരശുറാം, ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കി. ചെന്നൈ മെയിൽ ഭാഗികമായി സർവീസ് നടത്തി. ബെംഗളൂരുവിൽ നിന്നു തെക്കൻ കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളെല്ലാം പൂർണതോതിലായെങ്കിലും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഇന്നലെയും റദ്ദാക്കി. യശ്വന്ത്പുര - കണ്ണൂർ എക്സ്പ്രസ് (16527-28), ബെംഗളൂരു-ഹാസൻ-കണ്ണൂർ (16517-18), മംഗളൂരു-പാലക്കാട്-യശ്വന്ത്പുര (16566) എന്നിവയാണു റദ്ദാക്കിയത്. കർണാടകയിലെ ഹാസനിൽ ചുരത്തിൽ വൻ മണ്ണിടിച്ചിലുണ്ടായതിനാൽ ഇതു വഴിയുള്ള ഗതാഗതം 23 വരെയാണു നിർത്തിയത്. അതിനു ശേഷമേ മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. ചെങ്കോട്ട – പുനലൂർ പാതയിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

പൂർണമായി റദ്ദാക്കിയ എക്സ്പ്രസ് ട്രെയിനുകൾ: ഇന്നലത്തെ ഓഖ– എറണാകുളം (16337), ബറൗണി– എറണാകുളം രപ്തിസാഗർ (12521), ഇൻ‍ഡോർ– തിരുവനന്തപുരം അഹല്യനഗരി (22645), കൊച്ചുവേളി– ഹൈദരാബാദ് സ്പെഷൽ (07116), നിസാമുദ്ദീൻ– തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (22654), നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ് (12618), ഡെറാഡൂൺ – കൊച്ചുവേളി (22660), ധൻബാദ്– ആലപ്പുഴ (13351), കണ്ണൂർ– എറണാകുളം ഇന്റർസിറ്റി (16306), ഷാലിമാർ– തിരുവനന്തപുരം (22642), ഇന്നത്തെ എറണാകുളം-നിസാമുദ്ദീൻ (12283), സേലം–ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് (22154). നാളത്തെ (14) ചണ്ഡിഗഡ്– കൊച്ചുവേളി കേരള സമ്പർക്കക്രാന്തി (12218), ടാറ്റ– ആലപ്പുഴ (18189). 15നുള്ള തിരുനെൽവേലി – ജാമ്നഗർ (19423), തിരുനെൽവേലി –ഗാന്ധിധാം ഹംസഫർ (19423), അമൃത്‌സർ-കൊച്ചുവേളി (12483).

ഭാഗികമായി റദ്ദാക്കിയവ: ഇന്നലത്തെ കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി (12075) ഷൊർണൂരിൽ നിന്നു പുറപ്പെട്ടു. ഇന്നത്തെ (13) നാഗർകോവിൽ – ഗാന്ധിധാം (16336) മംഗളൂരുവിൽ നിന്നു പുറപ്പെടും.

റെയിൽ, റോഡ് തടസ്സം ഏറെക്കുറെ നീങ്ങി

ബെംഗളൂരുവിൽ നിന്നു മൈസൂരു വഴി മലബാർ ഭാഗത്തേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. കേരള, കർണാടക ആർ‌ടിസികൾ ബെംഗളൂരുവിൽനിന്നു മുപ്പതോളം സർവീസുകൾ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു നടത്തി. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളൊന്നും മുടങ്ങിയില്ല.

∙ ഗവി റൂട്ടിൽ അറിയിപ്പുണ്ടാകുന്നതുവരെ വിനോദ സഞ്ചാരത്തിനു വിലക്ക്.

∙ ആലപ്പുഴ – ചങ്ങനാശേരി എസി റോഡിൽ പകുതിയോളം ഭാഗം വെള്ളത്തിൽത്തന്നെ. ഈ റോഡിലൂടെ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്നു മാമ്പുഴക്കരി വരെ മാത്രമേ സർവീസ് നടത്തിയുള്ളൂ. ചെറുവാഹനങ്ങൾ പോകുന്നില്ല. ഇന്നും ഗതാഗതം പുനഃസ്ഥാപിക്കാൻ സാധ്യതയില്ല.

∙ തൃശൂരിൽ കേച്ചേരി – പാവറട്ടി റോഡിലും കേച്ചേരിയിൽനിന്ന് അക്കിക്കാവ് വഴി പെരുമ്പിലാവിലേക്കുള്ള ബൈപാസ് റോഡിലും ഗതാഗത തടസ്സം. പുതുക്കാട് – ഊരകം റോഡ് അടഞ്ഞുകിടക്കുന്നു. ചിറ്റാട്ടുകര – താമരപ്പിള്ളി റോഡ്, തൃശൂർ – പാവറട്ടി റോഡ് എന്നിവ ഭാഗികമായി ഗതാഗതയോഗ്യമായി. അതിരപ്പിള്ളി – മലക്കപ്പാറ റോഡിലും പുതുക്കാട് – ചിമ്മിനി റോഡിലും വിനോദസഞ്ചാര നിയന്ത്രണം. കേച്ചേരി – കുന്നംകുളം റോഡിൽ ഗതാഗതം പുനരാരംഭിച്ചു.

∙കോട്ടയം – കുമരകം റൂട്ടിൽ ബസ് ഓടുന്നില്ല. ചെറുവാഹനങ്ങൾക്കും യാത്ര സാധിക്കുന്നില്ല. കെഎസ്ആർടിസി കല്ലറവഴി ചേർത്തലയ്ക്കു സർവീസ് നടത്തുന്നു.

തടസ്സം നീങ്ങി

∙ താമരശ്ശേരിക്കും കുന്നമംഗലത്തിനുമിടയിൽ കോഴിക്കോട്–ബെംഗളുരു ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കുറ്റ്യാടി പക്രംതളം ചുരത്തിലെ തടസ്സങ്ങൾ നീക്കിയതോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. 

∙നാടുകാണി ചുരമൊഴികെ വയനാട്ടിലേക്കുള്ള 4 ചുരങ്ങളിലും ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.

∙ ഇടുക്കിയിൽ പ്രധാന റോഡുകളിൽ യാത്രാതടസ്സമില്ല. മൂന്നാർ – മറയൂർ റോഡിലെ പെരിയവരൈ പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.

∙ എംസി റോഡിലെയും കൊച്ചി-ധനുഷ്കോടി പാതയിലെയും തടസ്സങ്ങൾ നീങ്ങി.

∙ചുരം റോഡ് തുറന്നതിനാൽ അട്ടപ്പാടി മേഖലയിലേക്കു വാഹനങ്ങൾ എത്തിത്തുടങ്ങി.

∙ വയനാട്ടിലേക്കുള്ള കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലൂടെ ബസ് സർവീസ് പുനരാരംഭിച്ചു. കുടകിലേക്കുള്ള മാക്കൂട്ടം ചുരം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.