കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. കുതിച്ചുപായും കുതിരപോലെ പുന്നമടക്കായലിലെ ഒാളംതല്ലിച്ചിതറിച്ചുകൊണ്ട് പാഞ്ഞുവരുന്ന ചുണ്ടന്‍ വള്ളങ്ങൾ. കാണികളുടെ ഹൃദയമിടുപ്പു കൂട്ടുന്ന കാഴ്ച. ഇതൊരു ദേശീയ ഉത്സവം തന്നെ. കഴിഞ്ഞ 10നു നടത്താനിരുന്ന ജലമേള വെള്ളപ്പൊക്കത്തെത്തുടർന്നാണു നാളത്തേക്കു മാറ്റിയത്. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നെഹ്രുട്രോഫി വള്ളംകളി കാണാന്‍ നിരവധിപേർ ഇവിടെ എത്താറുണ്ട്.

വള്ളംകളിയേക്കാള്‍ ലഹരിപിടിപ്പിക്കുന്ന മറ്റൊന്നും കുട്ടനാട്ടുകാർക്കില്ല. ആര്‍പ്പുവിളിയിലും ആരവത്തിലും വള്ളംകളി കുട്ടനാട്ടുകാരുടെ സിരകളില്‍ നുരയുന്ന ഊര്‍ജ്ജമാണ്. ഉത്സവ, കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളി. ഏറ്റവും ആവേശമുണ്ടാക്കുന്ന വള്ളംകളി ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി തന്നെ.

നെഹ്റു ട്രോഫി ജലോത്സവം കാണാൻ നാളെ സച്ചിൻ തെൻഡുൽക്കർ എത്തും. നെഹ്റു  ട്രോഫിക്കൊപ്പം പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനും (സിബിഎൽ) നാളെ പുന്നമടക്കായലിൽ തുടക്കമാകും. സിബിഎൽ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സച്ചിൻ തെൻഡുൽക്കർ ആണ് മുഖ്യാതിഥി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്റു ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യും. ഇക്കൊല്ലം മത്സരവിഭാഗത്തിലെ 20 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ നെഹ്റു ട്രോഫി ജലോത്സവത്തിൽ ഫിനിഷ് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി സിബിഎല്ലിൽ പങ്കെടുക്കുക.

നാളെ രാവിലെ 11 മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടർന്നു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനൽ, ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ എന്നിവയാണ്.